വലിയ മെത്രാപ്പോലീത്തായെ കാണാന്‍ ഗാനഗന്ധര്‍വ്വനെത്തി

Web Desk
Posted on February 20, 2018, 10:01 pm

കോഴഞ്ചേരി: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെ കണ്ട് ആശംസകള്‍ അര്‍പ്പിക്കുവാന്‍ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് മാരമണ്ണിലുളള ബിഷപ്പ് ഹൗസില്‍ എത്തി. ഭാര്യ പ്രഭ യേശുദാസിനോടൊപ്പമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടുകൂടി ബിഷപ്പ് ഹൗസില്‍ എത്തിയത്.

വിശ്രമത്തിലായിരുന്ന വലിയ മെത്രാപ്പോലീത്ത യേശുദാസും ഭാര്യയും തന്റെ മിറിയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരുടെയും തലയില്‍ കൈവച്ച് പ്രാര്‍ഥിച്ചു. നല്ല ശുദ്ധിയോടുകൂടി ദീര്‍ഘകാലം പാടുവാന്‍ ആയുസ്സു നല്‍കട്ടെയെന്ന് മെത്രാപ്പോലിത്ത പ്രാര്‍ത്ഥിച്ചു.
വലിയ മെത്രാപ്പോലീത്തായുടെ ചിത്രവും പഴവര്‍ഗങ്ങളും യേശുദാസ് ഉപഹാരമായി നല്‍കി. പ്രശസ്ത സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ചിത്രങ്ങള്‍ വരച്ച ഇ ആര്‍ സേതുവാണ് വലിയ മെത്രാപ്പോലീത്തയുടെയും ചിത്രം വരച്ചതെന്ന് യേശുദാസ് പറഞ്ഞു. സേതുവും യേശുദാസിനോടൊപ്പമുണ്ടായിരുന്നു. ഈശ്വരതുല്യനായ വലിയ മെത്രാപ്പോലീത്തായുടെ അനുഗ്രഹം മാത്രം മതിയെന്നും അത് ലഭിച്ചതിലുള്ള സന്തോഷത്തോടെയാണ് ഞങ്ങള്‍ പടിയിറങ്ങുന്നതെന്നും യേശുദാസും ഭാര്യ പ്രഭയും പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്റ്റെല്ല തോമസ്, തോമസ് കുട്ടി, രവി, കെ ജെ ബേബി, കണ്ണന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുര്യന്‍ മടയ്ക്കല്‍, മാര്‍ത്തോമ്മ സഭ കൗണ്‍സിലംഗം ജേക്കബ് ഇമ്മാനുവേല്‍, ജോസഫ് മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു.