28 March 2024, Thursday

മറ്റൊരു പൊതുമേഖലാ സംരംഭം കൂടി അടച്ചുപൂട്ടുന്നു

Janayugom Webdesk
March 1, 2023 5:00 am

ഏറ്റവും ആവശ്യമായ ഘട്ടത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടുക എന്നത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. അതാണ് കൊച്ചിയിലുൾപ്പെടെ പ്രവർത്തിച്ചുവന്നിരുന്ന ഹിൽ ഇന്ത്യയുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം. വളരെ വലിയ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് 1954ൽ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് എന്ന പൊതുമേഖലാ സംരംഭം കേന്ദ്ര രാസവളം മന്ത്രാലയത്തിന് കീഴിൽ ആരംഭിക്കുന്നത്. മലേറിയ നിർമ്മാർജനത്തിനായുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഡിഡിടി ഉല്പാദിപ്പിക്കുന്നതായിരുന്നു ഈ സ്ഥാപനം ആരംഭിക്കുന്നതിന് പ്രചോദനമായത്. അതിനുശേഷം കാര്‍ഷിക മേഖലയ്ക്കാവശ്യമായ വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭമായി മുൻകാല ഭരണാധികാരികൾ സ്ഥാപനത്തെ വികസിപ്പിച്ചു. കീടനാശിനികൾ, വളം ഉൾപ്പെടെ നിർമ്മിക്കുന്നതിനായി മൂന്ന് നിർമ്മാണ ശാലകളാണ് രാജ്യത്ത് സ്ഥാപിച്ചത്. കേരളത്തിൽ കൊച്ചി ഉദ്യോഗമണ്ഡലിലും പഞ്ചാബിലെ ഭട്ടിൻഡയിലും മഹാരാഷ്ട്രയിലെ മുംബൈയിലുമായിരുന്നു അവ. മൂന്നിടങ്ങളിലുമായി 1300ലധികം പേരാണ് തൊഴിലെടുക്കുന്നത്. ഇതിൽ ഉദ്യോഗമണ്ഡൽ, ഭട്ടിൻഡ യൂണിറ്റുകൾ അടച്ചുപൂട്ടണമെന്നാണ് കേന്ദ്ര മന്ത്രാലയം ബന്ധപ്പെട്ടവർക്ക് നല്കിയ കത്തിൽ നിർദേശിച്ചിരിക്കുന്നത്. മുംബൈയിലെ പ്ലാന്റ് മാത്രം നിലനിർത്തുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങൾ കൂടിയുണ്ട്. അവിടെ ബിജെപി സഖ്യവും മറ്റ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഇതര സഖ്യങ്ങളുമാണ് ഭരിക്കുന്നത്.

യൂണിറ്റുകൾ പൂട്ടുന്നതോടെ ജീവനക്കാരുടെ വിന്യാസം, കമ്പനിയുടെ ആസ്തി-ബാധ്യത എന്നിവ സംബന്ധിച്ച് സമഗ്രനിർദേശം സമർപ്പിക്കണമെന്ന് കേന്ദ്ര മന്ത്രാലയം അതാതിടങ്ങളിലെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർമാർക്ക് നല്കിയ കത്തിൽ നിർദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഈ സ്ഥാപനങ്ങളിൽ നടത്തിയിരുന്ന ഉല്പാദനം പല കാരണങ്ങളാൽ പിന്നീട് നിർത്തിവച്ചിരുന്നു. ഇവിടങ്ങളിൽ ഉല്പാദിപ്പിച്ചിരുന്ന ബെൻസീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനി, എൻഡോസൾഫാൻ, ഡിഡിടി എന്നിവയുടെ ഉല്പാദനം പാരിസ്ഥിതികമായ പ്രശ്നങ്ങളെ തുടർന്നാണ് വിവിധ ഘട്ടങ്ങളിൽ അവസാനിപ്പിച്ചത്. പിന്നീടാണ് കാലാനുസൃതമായ ഉല്പന്ന വൈവിധ്യങ്ങളിലൂടെ സ്ഥാപനത്തെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഹിൽ ഇന്ത്യ എന്ന പേരുമാറ്റം നടത്തിയത്. എന്നാൽ വൻകിടക്കാർ കയ്യടക്കി വച്ചിരിക്കുന്ന വളം, കീടനാശിനി മേഖലകളിൽ ഉല്പന്ന വൈവിധ്യങ്ങളോടെ കടന്നുകയറാൻ പുത്തന്‍ സാമ്പത്തികനയങ്ങളുടെ വക്താക്കൾക്ക് താല്പര്യമില്ലായിരുന്നു. കാർഷിക മേഖലയിലെ വളപ്രയോഗങ്ങൾ, കീടനാശിനി ഉപയോഗങ്ങൾ എന്നിവ വിളകളുടെ ജൈവഗുണത്തെ ബാധിക്കുകയും വിഷസാന്നിധ്യമുള്ള ഉല്പന്നങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന ആശങ്ക വ്യാപകമായുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം സംഭവിച്ച പുതിയ കാലത്ത് വളം, കീടനാശിനികൾ എന്നിവ പൂർണമായും ഒഴിവാക്കേണ്ട സ്ഥിതിയുണ്ടായിട്ടില്ല. എന്നാൽ പൊതുമേഖലാ സംരംഭത്തെ നിലനിർത്തണമെന്ന താല്പര്യം ബന്ധപ്പെട്ടവർക്കുണ്ടായില്ല. അതുകൊണ്ടുതന്നെ മറ്റൊരു പൊതുമേഖലാസ്ഥാപനം കൂടി ഇല്ലാതാവുകയാണ്. പല വിധത്തിൽ തടസങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നത് കേന്ദ്രത്തിന്റെ അലംഭാവം തന്നെയാണ് വ്യക്തമാക്കുന്നത്. യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുക, ജീവനക്കാരുടെ വേതനം തടഞ്ഞുവയ്ക്കുക തുടങ്ങിയ സമീപനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഉദ്യോഗമണ്ഡലിലെ മൂന്ന് യൂണിറ്റിലെയും ജീവനക്കാർക്ക് അഞ്ചുമാസമായി ശമ്പളം നൽകിയിട്ടില്ല. 64 സ്ഥിരം ജീവനക്കാരും ആറ് കരാർ തൊഴിലാളികളുമാണ് ഇവിടെയുള്ളത്. ജീവനക്കാരുടെ വിന്യാസം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും മുംബൈയിലെ ഫാക്ടറിയിൽ മാത്രമേ പ്രവർത്തനം ഉണ്ടാകൂ എന്നതിനാൽ സ്വയം പിരിഞ്ഞുപോകേണ്ട സ്ഥിതിയുണ്ടാകുമെന്നാണ് ആശങ്കപ്പെടുന്നത്.

സംസ്ഥാനത്തെ പൊതുമഖലാ സംരംഭങ്ങൾ അടച്ചുപൂട്ടുകയെന്ന രീതി നേരത്തെയും കേന്ദ്രം സ്വീകരിച്ചിരുന്നു. കേരള സർക്കാരിൽ നിന്ന് ഏറ്റെടുത്ത കാസർകോട്ടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് അത്തരത്തിലൊരു സംരംഭമായിരുന്നു. പിന്നീട് നഷ്ടമെന്ന് കാട്ടി അടച്ചിട്ട സ്ഥാപനം സംസ്ഥാന സർക്കാർ തിരിച്ചെടുത്തിരിക്കുകയാണ്. കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് എന്ന സംരംഭവും സമാന രീതിയിൽ കേന്ദ്രം അടച്ചിടുകയും കേരളം ഏറ്റെടുത്ത് നിർമ്മാണം ആരംഭിക്കുകയും ചെയ്തതാണ്. അതുപോലെ ഏറ്റെടുക്കുവാനുള്ള സാധ്യതകൾ ഹിൽ ഇന്ത്യയുടെ കാര്യത്തിലും കേരളം തേടേണ്ടതുണ്ട്. ഇപ്പോൾ സ്ഥാപനത്തിന്റെ പേരിലുള്ളതിൽ അഞ്ചര ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ പാട്ടത്തിനു നല്കിയതാണ്. അത് സംസ്ഥാനത്തിന് തിരിച്ചുകിട്ടാൻ അവകാശമുണ്ട്. അതോടൊപ്പം അവശേഷിക്കുന്ന ഭൂമി കൂടി കേരള സർക്കാരിന് നല്കുന്നതിനുള്ള നടപടികൾ കേന്ദ്രത്തിൽ നിന്നുണ്ടാവണം. കേരള സർക്കാർ ഏറ്റെടുത്തു നല്കിയ ഭൂമിയിൽ പണിത തിരുവനന്തപുരം വിമാനത്താവളം അഡാനിക്ക് കൈമാറിയതുപോലെ ഹിൽ ഇന്ത്യയുടെ സ്ഥലം കണ്ണുവച്ച് ഏതെങ്കിലും കോർപറേറ്റുകള്‍ മോഡിയുടെ വാതിൽപ്പടിയിൽ കാത്തുനില്ക്കുന്നുണ്ടാവുമെന്നുറപ്പാണ്. അത് അനുവദിക്കപ്പെട്ടുകൂടാ. പ്രസ്തുത സ്ഥലം കേരള സർക്കാരിന് ലഭ്യമായാൽ അവിടെ ഫലപ്രദമായ ഒരു സംരംഭം കെട്ടിപ്പടുക്കുന്നതിന് സാധിക്കുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.