യോഗ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നു: സീറോമലബാര്‍സഭ

Web Desk
Posted on April 04, 2018, 10:08 pm

കോട്ടയം: യോഗ വര്‍ഗ്ഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കുന്നുവെന്ന് സീറോമലബാര്‍സഭ. സീറോ മലബാര്‍ സഭയുടെ ഡോക്‌ട്രൈനല്‍ കമ്മിഷന്‍റെ ലേഖനത്തിലാണ് യോഗ വര്‍ഗ്ഗീയത പ്രചരിപ്പിക്കാനുള്ള ആയുധമായി മാറുന്നുവെന്ന കുറ്റപ്പെടുത്തല്‍ ഉള്ളത്. ‘യോഗയും കത്തോലിക്കാ വിശ്വാസവും’ എന്ന പേരില്‍ പാലാ രൂപതാധ്യക്ഷനും കമ്മിഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ ലേഖനത്തിലാണ് യോഗയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നത്. ശാരീരിക, മാനസിക,ആത്മീയ തലങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന വ്യായാമമുറകളായാണ് ഭാരതീയ യോഗാശാസ്ത്രം പ്രത്യക്ഷത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ യോഗയുടെ മറവില്‍ വര്‍ഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും ലക്ഷ്യമാക്കി അന്തര്‍ദേശീയ തലത്തില്‍ യോഗ പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തില്‍ യോഗാനുഷ്ഠാനങ്ങളെ പുനര്‍വായനയ്ക്ക്് വിധേയമാക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ലേഖനത്തില്‍ പറയുന്നു.
സ്‌കൂള്‍ തലം മുതല്‍ യോഗയെ പാഠ്യപദ്ധതിയിലെ നിര്‍ബന്ധിത വിഷയമാക്കാനുള്ള ശ്രമവും യോഗയെ ഭാരതസംസ്‌കാരത്തിന്റെ ഏകതാ നതയായി അവതരിപ്പിക്കാനുള്ള അഭൂതപൂര്‍വ്വമായ സര്‍ക്കാര്‍ തല നീക്കങ്ങളും ഇപ്രകാരം പുനര്‍വായനയ്ക്ക് ആക്കം കൂട്ടുന്നു. യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകില്ലെന്ന് യുവജനങ്ങള്‍ക്കായുള്ള സഭയുടെ മതബോധന ഗ്രന്ഥത്തില്‍ (യുകാറ്റ്) പറയുന്നു. യോഗയെ നിഗൂഢ വിദ്യകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്.

യോഗ ചെയ്യുന്നതുകൊണ്ട് കൂടുതല്‍ അയോഗ്യരോ ചെയ്യാതിരുന്നതുകൊണ്ട് കൂടുതല്‍ യോഗ്യരോ ആകുന്നില്ല. സഹോദരങ്ങളുടെ ദുര്‍ബ്ബല മന:സാക്ഷിയെ മുറിപ്പെടുത്തുന്നവര്‍ ക്രിസ്തുവിനെതിരെയാണ് പാപം ചെയ്യുന്നത്. യോഗ വിശ്വാസിക്ക് ഇടര്‍ച്ചയ്ക്ക് കാരണമാകുന്നുവെങ്കില്‍ യോഗയെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തില്‍ പറയുന്നു.