യോഗയുടെ പാരമ്പര്യവും പുതിയ വിവക്ഷകളും

Web Desk
Posted on June 21, 2018, 7:00 am

പൂവറ്റൂര്‍ ബാഹുലേയന്‍

ഒന്നിച്ചുചേരുക എന്നര്‍ഥമുള്ള ‘യുജ്’ എന്ന പദത്തില്‍ നിന്നാണ് ‘യോഗ’ എന്ന വാക്ക് ഉത്ഭവിച്ചത്. മനസും ശരീരവുമായുള്ള ഒന്നായിച്ചേരലും, മനസും പരാശക്തിയുമായുള്ള സന്ധിയും എന്നൊക്കെ ഇതിനെ വിവക്ഷിക്കുന്നു. മനസും ശരീരവും തമ്മിലുള്ള സമ്മേളനം സാധ്യമാക്കി സുഖകരമായ ജീവിതത്തിനുതകുന്ന ഒരു ദര്‍ശനവും സംസ്‌കാരവുമാണ് യോഗ എന്ന് പൊതുവേ കരുതപ്പെടുന്നു. ചിന്തയും പ്രവൃത്തിയും അനുപൂരകങ്ങളായി മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന ശാസ്ത്രവിധിയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്.
യോഗയുടെ പാരമ്പര്യം തേടി പോകുമ്പോള്‍ അത് ഒരു മതത്തിലും ഒരു പ്രത്യേകവര്‍ഗ്ഗത്തിലും ഉടലെടുത്തതല്ലെന്ന് ബോധ്യപ്പെടും. ഏറെക്കുറെ ഇന്ത്യയുമായി ബന്ധപ്പെട്ട മേഖലയില്‍ ഉടലെടുത്ത യോഗയ്ക്ക് ഒരു പക്ഷെ മനുഷ്യന്റെ സാംസ്‌കാരികത്തുടക്കത്തോളം പഴക്കമുണ്ടാവാം. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ചുരങ്ങള്‍ വഴി ഉത്തരേന്ത്യയിലെത്തി അധീശത്വം സ്ഥാപിച്ച ആര്യന്മാരുടെ ആഗമനത്തിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ പുലര്‍ന്നിരുന്ന സിന്ധുനദീതട സംസ്‌കാരകാലത്ത് യോഗ നിലനിന്നിരുന്നതായി വിലയിരുത്താം. പ്രമുഖ ചരിത്രകാരനായ ജോണ്‍ മാര്‍ഷലിന്റെ അഭിപ്രായത്തില്‍ ബി സി 3250നും 2750നും മദ്ധേ്യയായിരുന്നു അത്ഭുതാവഹമായ സിന്ധുനദീതട സംസ്‌കാരം. ഈ സംസ്‌കാരത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുന്ന ഹാരപ്പ, മോഹന്‍ജദാരോ, ലോത്താല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലഭിച്ച മണ്‍പാത്രങ്ങളും ശില്‍പങ്ങളും രൂപങ്ങളും നിറഞ്ഞ ചരിത്രശേഷിപ്പുകളില്‍ നിന്നുമാണ് യോഗ പോലെയുള്ള ആസനങ്ങളുടെ സൂചനകളുള്ളത്. അപ്പോള്‍ ഇത് ചിലര്‍ അവകാശപ്പെടുന്ന അഗസ്ത്യമുനിക്കും മുമ്പാണെന്നു സാരം. പിന്നീട് അഗസ്ത്യമുനി ഇത് ക്രോഡീകരിച്ച് മറ്റ് ദേശങ്ങളിലേക്ക് വ്യാപിപ്പിച്ചുവെന്നും പറയുന്നു. എന്നാല്‍ ഏറെക്കാലത്തിനുശേഷം ബി സി മൂന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന പതഞ്ജലി യോഗയെ ശാസ്ത്രീയാടിസ്ഥാനത്തില്‍ പുനര്‍ക്രമീകരിച്ച് വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്തായാലും, പ്രകൃതിപ്രതിഭാസങ്ങളെയും അനിയന്ത്രിത വിപത്തുകളേയും നേരിട്ട മനുഷ്യന്‍ സ്വന്തം ശരീരത്തേയും മനസിനേയും ജയിച്ചു മുന്നേറാനാണ് യോഗ പോലെയുള്ള മുറകള്‍ കണ്ടെത്തിയതെന്ന് അനുമാനിക്കാം.
ആര്യന്മാരുടെ കടന്നുവരവിനും മുമ്പ് ഇവിടെയുണ്ടായിരുന്ന സാംസ്‌കാരികതയില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത മറ്റ് പലതും പോലെ യോഗയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വേദങ്ങളിലും ഉപനിഷത്തുക്കളിലും മഹാഭാരതം, രാമായണം എന്നീ ഇതിഹാസങ്ങളിലും ഭഗവത് ഗീതയിലുമൊക്കെ കാണാം. ഹഠയോഗയില്‍ മാനസികമായും ശാരീരികമായും പരാമര്‍ശിക്കപ്പെടുന്ന വ്യായാമങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് ഉപനിഷത്തുക്കളില്‍ കാണുന്നത്. ഇവയില്‍ നിന്നെല്ലാം പലതും സ്വാംശീകരിച്ചാണ് പതജ്ഞലി യോഗശാസ്ത്രം തയാറാക്കിയത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാന, ധാരണ, സമാധി എന്നിങ്ങനെ എട്ട് ഘട്ടങ്ങളായി യോഗയുടെ അനുഷ്ഠാനത്തെ പതഞ്ജലി തരംതിരിച്ചിരിക്കുന്നു. യമ, നിയമ, ആസന, പ്രാണായാമ എന്നിവയെ ബാഹിരംഗ യോഗങ്ങളായും പ്രത്യാഹാര, ധ്യാന, ധാരണ, സമാധി എന്നിവയെ അന്തരംഗ യോഗങ്ങളായും അറിയപ്പെടുന്നു. യോഗയുടെ പരമമായ ലക്ഷ്യം പ്രകൃതിയില്‍ ലയിക്കുക എന്നതാണ്. അതാണ് സമാധി.

ഈശ്വരനേയും വേദങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും നിരാകരിച്ച വര്‍ധമാന മഹാവീരനും ഗൗതമബുദ്ധനും യോഗയില്‍ ആകൃഷ്ടരായത് പുനര്‍ജനിയില്ലാതെ പ്രകൃതിയില്‍ ലഭിക്കുന്ന സമാധി സിദ്ധാന്തമാവാം. ആര്യ സംസ്‌കാരത്തില്‍ ഉടലെടുത്ത ഉച്ചനീചത്വങ്ങളും അനാചാരങ്ങളും സമൂഹത്തിലെ ഭൂരിപക്ഷത്തിന് അസഹ്യമായപ്പോഴാണല്ലൊ ജൈനമതവും ബുദ്ധമതവും പിറവിയെടുത്തത്. ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്ക് ഗൗതമബുദ്ധന്റെ മാസ്മരിക വ്യക്തിപ്രഭാവം പ്രധാന കാരണമായിരുന്നു. മാനസികവും ശാരീരികവുമായ വ്യായാമ മുറകളിലൂടെയാണ് ബുദ്ധന്‍ ഇത് ആര്‍ജിച്ചെടുത്തത്. ശരീര ശാസ്ത്രാടിസ്ഥാനത്തിലുള്ള യോഗാഭ്യാസങ്ങള്‍ നേടി ലോകത്തെ വിസ്മയിപ്പിച്ച ബുദ്ധന്‍ ജീവിച്ചിരുന്നത് പതജ്ഞലിക്കും രണ്ടു നൂറ്റാണ്ടു മുമ്പായിരുന്നുവെന്നത് പ്രതേ്യകതയുള്ളതാണ്.

ആത്മാവും ശരീരവുമായുള്ള താദാത്മ്യം പ്രാപിക്കലാണെന്നും മനുഷ്യാത്മാവ് ഈശ്വരനില്‍ ലയിക്കുന്ന പരമാനന്ദ സമാധിയാണെന്നുമൊക്കെയുള്ള വിവക്ഷകളിലേക്ക് യോഗശാസ്ത്രത്തെ പിന്നീട് പലരും കൊണ്ടുപോയി. ജൈന, ബൗദ്ധ മതവിഭാഗങ്ങളെ അടിച്ചമര്‍ത്തി പിന്നീട് വീണ്ടും വളര്‍ന്നുവന്ന ബ്രാഹ്മണമത മേധാവിത്വത്തിന്റെ സൃഷ്ടികളായ ശൈവ, വൈഷ്ണവ ധാരകളിലുള്ളവരാണ് ഏറെയും ഈ രീതിയില്‍ യോഗയെ പ്രചരിപ്പിച്ചത്. ഭൗതിക സുഖങ്ങളില്‍ തൃഷ്ണയില്ലാതിരുന്ന ആത്മാര്‍ഥ സന്യാസിമാരും ഋഷിമാരും ആത്മാവിന്റെ മോക്ഷപ്രാപ്തിക്ക് യോഗാഭ്യാസം ശീലമാക്കിയിരുന്നു. വനാന്തര്‍ഭാഗത്തും ഗുഹകളിലും ധ്യാനനിമഗ്നരായി പുറംലോകബന്ധമില്ലാതെ മനസിനെ ഏകാഗ്രമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ നല്ലൊരു ശതമാനവും ആത്മാവിന്റെയും ഈശ്വരന്റെയും നാമധേയങ്ങളില്‍ യോഗയെ ബന്ധിപ്പിച്ച് ഭൗതിക സുഖങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണുണ്ടായത്. ആധുനിക യോഗയുടെ പുതുഭാഷ്യക്കാരും പ്രചാരകരും ഏത് കോര്‍പ്പറേറ്റുകളേയും വെല്ലുന്നവരാണ്. യോഗയെന്ന ശരീരശാസ്ത്രാടിസ്ഥാന വ്യായാമമുറയെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി പുനഃക്രമീകരിച്ചും പുതുസൃഷ്ടികള്‍ ചേര്‍ത്തും വ്യവസായവത്കരിക്കുന്നു. പുതിയ കാലത്തിന്റെ യോഗപ്രചാരണത്തില്‍ ഇതാണ് തള്ളിനില്‍ക്കുന്നത്. സ്ഥാപിത താല്‍പര്യങ്ങളില്ലാതെ, മനസിന്റേയും ശരീരത്തിന്റേയും ഓജസിനുവേണ്ടി യോഗയെ കാണുന്നവര്‍ പക്ഷെ പറയുന്നു ആര്‍ക്കും യോഗാഭ്യാസിയാവാം പക്ഷെ എല്ലാവര്‍ക്കും യോഗിയാവാനൊക്കില്ല.
ഐക്യരാഷ്ട്ര സംഘടന യോഗയെ അംഗീകരിക്കുന്നതിനു മുമ്പുതന്നെ വിദേശരാഷ്ട്രങ്ങളില്‍ യോഗയ്ക്ക് നല്ല പ്രചാരം ഉണ്ട്. യോഗയ്ക്ക് പല രാജ്യങ്ങളിലും പുതിയ ഭാവങ്ങളും ചടുല ചലനങ്ങളും ഉണ്ടായി. ഫ്‌ളൈയിംഗ് യോഗ പോലെയുള്ള ഫാഷന്‍ യോഗാരീതികള്‍ അങ്ങനെ വന്നതാണ്. സര്‍ക്കസിന്റെ അഴകളവുകളും വശ്യതകളുംകൊണ്ട് ഇത്തരം യോഗാരീതികള്‍ പലരേയും ആകര്‍ഷിച്ചതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും യോഗ പഠിക്കാന്‍ അവിടേക്ക് ആളുകള്‍ പോയിത്തുടങ്ങിയത്. ഇത്തരം യോഗകള്‍ വിദേശത്തും സ്വദേശത്തും പഠിച്ചിറങ്ങുന്ന പലരും കുറഞ്ഞ സമയത്തിനുള്ളില്‍ യോഗ ഗുളിക പരുവത്തിലാക്കിത്തരാമെന്നും കുണ്ഡലിനി ഉണര്‍ത്തി സര്‍വ്വജ്ഞപീഠത്തിലെത്തിക്കാമെന്നും പരസ്യം നല്‍കുന്നു.

ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യത്തിന് യോഗ ഉത്തമമായ വ്യായാമമുറയാണെന്നതില്‍ സംശയമില്ല. എന്നാല്‍ എല്ലാ ദുഃഖങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുള്ള സിദ്ധൗഷധമാണ് യോഗ എന്ന പ്രചാരണം അസംബന്ധമാണ്. യോഗയുടെ ശരിയായ പരിശീലനവും ചര്യകളും പല ജീവിതശൈലീരോഗങ്ങളെയും പാരമ്പര്യരോഗങ്ങളെയും നിയന്ത്രിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുമെങ്കിലും ഹൃദയാഘാതമോ അപകടമോ സംഭവിച്ചാല്‍ യോഗാഭ്യാസം നടത്തി സുഖമാക്കാനാവില്ല. പുറംശക്തികളില്‍ നിന്നും ക്ഷതമേല്‍ക്കേണ്ടി വരുന്ന മനസിനേയും ശരീരത്തേയും ശാരീരികവും മാനസികവുമായ ആരോഗ്യംകൊണ്ട് വിജയിക്കുകയാണ് യോഗയുടെ ലക്ഷ്യം.

യോഗയ്ക്ക് അന്താരാഷ്ട്ര പ്രാധാന്യവും പ്രശസ്തിയും കിട്ടുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇത് ഒരു പ്രതേ്യക മതത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രചാരണായുധമായി ഉപയോഗിക്കുന്നത് യോഗയുടെ അന്തഃസത്ത തന്നെ ഇല്ലാതാക്കും. യോഗ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഒരു പാഠ്യക്രമം തീര്‍ച്ചയായും ആവശ്യമാണ്. അതിന് നിയതമായ മാര്‍ഗങ്ങളും ക്രമങ്ങളും അനുപേക്ഷണീയവുമാണ്. മതാതീതമായി, ശരീരവും മനസും സമഞ്ജസമായി സമ്മേളിക്കപ്പെടാന്‍ ലക്ഷ്യമിടുന്ന യോഗയുടെ പാഠ്യക്രമവും അത്തരത്തില്‍ ദാര്‍ശനികത പുലര്‍ത്തുന്നതാവാണം. ഋഗ്വേദം പിറക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉടലെടുത്തതാണ് യോഗ. എന്നാല്‍ അന്താരാഷ്ട്രയോഗ ദിനത്തിന്റെ പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രാര്‍ഥന ഇതിനു നിരക്കുന്നതാണെന്ന് തോന്നുന്നില്ല.

സംഘച്ഛത്വം സംവദത്വം
സംവോ മനാംസി ജാനതാം
ദേവാ ഭാഗം യഥാപൂര്‍വ്വേ
സംജാനനാ ഉപാസതേ (നീ എന്നോടൊപ്പം താദാത്മ്യം പ്രാപിക്കട്ടെ. നീ എന്നോടൊപ്പം സംവദിക്കട്ടെ. നമ്മുടെ മനസുകള്‍ തുടക്കത്തിലേതുപോലെ ശാന്തമായിരിക്കട്ടെ. നിന്റെ പുണ്യപ്രവൃത്തികളിലെല്ലാം ഈശ്വരചൈതന്യം വെളിപ്പെടട്ടെ) ഋഗ്വേദത്തില്‍ നിന്നെടുത്തു ചേര്‍ത്തിട്ടുള്ള ഈ സൂക്തം യോഗാഭ്യാസത്തിന്റെ തുടക്കത്തില്‍ ഒരു പ്രാര്‍ത്ഥനയായി അനിവാര്യമാണോ? ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്നു വിശേഷിപ്പിക്കാവുന്ന ആര്യ സംസ്‌കാരത്തില്‍ പിറന്ന ഋഗ്വേദത്തിലെ സൂക്തം നിഷിദ്ധമാണെന്നല്ല. എന്നാല്‍ ഋഗ്വേദത്തിനും സംസ്‌കൃതഭാഷയ്ക്കും മുമ്പേ പിറന്ന യോഗയുടെ മത‑ദേശ‑വര്‍ണങ്ങള്‍ക്കപ്പുറമുള്ള അന്താരാഷ്ട്ര പഠനത്തിന് ഈശ്വരവിശ്വാസിയല്ലാത്ത ഒരാള്‍ക്കുപോലും ഉള്‍ക്കൊള്ളാവുന്ന ഒരു ദാര്‍ശനികക്രമം പോരെ? തന്നെയുമല്ല, ആയുഷ് വിഭാഗത്തിന്റെ യോഗ‑നേച്ചറോപ്പതി കോഴ്‌സുകളുടെയും മറ്റും യോഗപാഠ്യ ക്രമങ്ങളിലും ഈ പ്രാര്‍ത്ഥനാഗീതം ഉള്‍പ്പെടുമെന്നു തോന്നുന്നില്ല.

സര്‍വ്വേ ഭവന്തു സുഖിനഃ
സര്‍വ്വേ സന്തുനിരാമയഃ
സര്‍വ്വേ ഭദ്രാണി പശ്യന്തുഃ
മാ കശ്ചിത് ദുഃഖ ഭാഗ്ഭവേത്
ശാന്തിഃ ശാന്തിഃ ശാന്തിഃ (ഏവര്‍ക്കും സന്തോഷമുണ്ടാവട്ടെ, ഏവരും രോഗുമുക്തി നേടട്ടെ, എല്ലാവര്‍ക്കും ശ്രേഷ്ഠമായതു സംഭവിക്കട്ടെ, ആരും ദുഃഖിതരാവാതിരിക്കട്ടെ, ശാന്തി ശാന്തി ശാന്തി) ജൂണ്‍ 21‑ന്റെ യോഗാദിനാചരണ പരിപാടിയായ 45 മിനിറ്റു നീളുന്ന യോഗാഭ്യാസത്തിന്റെ സമാപനം കുറിക്കുന്ന ഈ ശാന്തിപാഠം പതഞ്ജലിയുടെ യോഗശാസ്ത്ര പ്രകാരമുള്ളതാണ്. ആര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഇത് ഇഷ്ടമുള്ളവര്‍ ചൊല്ലുകയോ ചൊല്ലാതിരിക്കുകയോ ചെയ്യട്ടെ. മനസിനും ശരീരത്തിനും സമഗ്രാരോഗ്യം നല്‍കി യോഗയെ വിശ്വതലങ്ങളിലെത്തിക്കാന്‍ ‘പ്രതിജ്ഞാബദ്ധത’ കാട്ടുന്നവര്‍ കുറഞ്ഞ പക്ഷം അതിന്റെ അര്‍ഥം കൂടി അറിയുകയും അത് പ്രവൃത്തികളില്‍ പാലിക്കാനും ശ്രമിക്കണം.