യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Yogendra yadav- Janayugom
ചെന്നൈ: സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവണ്ണാമലൈയിലെ ചെന്‍ഗാമില്‍ വച്ചായിരുന്നു നടപടി. ചെന്നൈ- സേലം എക്സ്പ്രസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താന്‍ ‘ദ മൂവ്മെന്റ് എഗൈന്‍സ്റ്റ് 8 ലെയ്ന്‍വേ’ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം കര്‍ഷകരെ കാണാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തന്നെ പൊലീസ് കയ്യേറ്റം ചെയ്യുകയും വാഹനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തതായി യോഗേന്ദ്ര യാദവ് ട്വിറ്ററിലൂടെ ആരോപിച്ചു. ‘തമിഴ്നാട് പൊലീസ് എന്നെയും സംഘത്തെയും തിരുവണ്ണാമലൈ ജില്ലയില്‍വച്ച് കസ്റ്റഡിയിലെടുത്തു. മൂവ്മെന്റ് എഗൈന്‍സ്റ്റ് 8 ലെയ്ന്വേയുടെ ക്ഷണമനുസരിച്ചാണ് ഞങ്ങള്‍ എത്തിയത്. കര്‍ഷകരെ കാണാന്‍ പോകുന്നത് തടയുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.’ എന്നായിരുന്നു യാദവിന്റെ ട്വീറ്റ്.
ക്രമസമാധാന പ്രശ്നമുണ്ടെന്നും അതിനാല്‍ കര്‍ഷകരെ കാണാനാവില്ലെന്നുമാണ് തന്നോട് പൊലീസ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. താന്‍ പ്രശ്നമുണ്ടാക്കാന്‍ പോകുകയാണെന്ന് പൊലീസ് പറഞ്ഞതായും അദ്ദേഹം ആരോപിക്കുന്നു. കര്‍ഷകരെ അവരുടെ വീട്ടിനുള്ളില്‍ വെച്ചേ കാണൂവെന്ന് ഉറപ്പുനല്‍കിയിട്ടും പൊലീസ് അതിന് അനുവദിച്ചില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.