Tuesday
18 Jun 2019

‘കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വനാശം’

By: Web Desk | Monday 20 May 2019 6:22 PM IST


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വനാശമാണെന്ന് സ്വരാജ് ഇന്ത്യാ തലവനും മുന്‍ ആം ആദ്മി നേതാവുമായ യോഗേന്ദ്ര യാദവ് പറഞ്ഞു.

കോണ്‍ഗ്രസ് ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ എന്ന ആശയത്തെ നിലനിറുത്താനായി ബിജെപിയെ തോല്‍പ്പിച്ച് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനവുമുണ്ടാകില്ല. ബി.ജെ.പിക്കെതിരെ ഒരു ബദല്‍ കൊണ്ടുവരുന്നതിനുള്ള നീക്കത്തില്‍ ഏറ്റവും വലിയ തടസം കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം എക്‌സിറ്റ് പോളുകള്‍ക്ക് മുമ്പ് തന്നെ ബി.ജെ.പിയുടെ വിജയം പ്രവചിച്ചയാളാണ് യേഗേന്ദ്ര യാദവ്.

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാവായ യോഗേന്ദ്ര യാദവ് 2015ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് സ്വരാജ് ഇന്ത്യ രൂപീകരിക്കുന്നത്.

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ചേര്‍ത്ത് കൊണ്ടുള്ള പ്രതിപക്ഷ സഖ്യത്തിനെ ആദ്യം മുതല്‍ തന്നെ എതിര്‍ത്തയാളാണ് യോഗേന്ദ്ര. രാജ്യത്ത് കോണ്‍ഗ്രസ് അല്ലാത്ത ശക്തമായ പ്രതിപക്ഷ പാര്‍ട്ടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് തടസം നില്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം എക്‌സിറ്റ് പോളുകളില്‍ വിശ്വസിക്കുന്നില്ലെന്നും യേഗേന്ദ്ര യാദവിനെപ്പോലുള്ളവരുടെ വാദങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നതായും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.