ആദിത്യനാഥിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു

Web Desk
Posted on December 21, 2018, 9:27 pm

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയും ആക്‌സിസ് മൈ ഇന്ത്യയും ചേര്‍ന്ന് നടത്തിയ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചെയിഞ്ച് സര്‍വേയിലാണ് യോഗിയുടെ ജനപ്രീതി കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് തവണ തുടര്‍ച്ചായി അധികാരത്തിലിരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്ന ശിവരാജ് സിങ് ചൗഹാന്റേയും രമണ്‍ സിങിന്റേയും ജനപ്രീതിയേക്കാള്‍ ആറ് ശതമാനം കുറവ് ജനപ്രീതി മാത്രമാണ് യോഗി ആദിത്യനാഥിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയില്‍ ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
സെപ്തംബറില്‍ ഇന്ത്യ ടുഡേ നടത്തിയ ട്രാക്കിങ് സര്‍വേയില്‍ യോഗി ആദിത്യനാഥിന് 43 ശതമാനം ജനപ്രീതിയുള്ളതായി വ്യക്തമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ സര്‍വേയില്‍ യോഗിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണ് സര്‍വേ വ്യക്തമാക്കുന്നത്.

ഡിസംബര്‍ മൂന്നാം വാരം നടത്തിയ സര്‍വേയില്‍, 38 ശതമാനം പേര്‍ മാത്രമാണ് യോഗി ആദിത്യനാഥിനെ അടുത്ത മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത്. യോഗി ആദിത്യനാഥിനേക്കാള്‍ ജനപ്രീതി കുറഞ്ഞ ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരാള്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം മതധ്രുവീകരണത്തിന് ശ്രമിച്ച യോഗി ആദിത്യനാഥിന്റെ നടപടിയാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ഗോഹത്യയാരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളിലും മറ്റും യോഗി സ്വീകരിച്ച സമീപനങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

നവംബറില്‍ നടത്തിയ സര്‍വേയില്‍ മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത് 44 ശതമാനം പേരാണ്. എന്നാല്‍ 31 ശതമാനം മാത്രമേ വസുന്ധര രാജെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടുള്ളൂ.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് സെപ്തംബറില്‍ 29 ശതമാനമായിരുന്നു ജനപ്രീതി. ഡിസംബര്‍ ആയപ്പോഴേക്കും അത് എട്ട് ശതമാനം ഉയര്‍ന്ന് 37ല്‍ എത്തിയിട്ടുണ്ട്. അതേസമയം ബിഎസ്പി അധ്യക്ഷ മായാവതിയുടെ ജനപ്രീതി 18 ല്‍ നിന്നും 15 ആയി കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി കഴിഞ്ഞ മൂന്ന് മാസത്തിനിടെ വര്‍ധിച്ചിട്ടുണ്ട്. 22 ശതമാനത്തില്‍ നിന്നും 26 ശതമാനമായാണ് ഉയര്‍ന്നത്.