December 5, 2022 Monday

മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി സര്‍ക്കാര്‍

Janayugom Webdesk
ലഖ്നൗ
September 15, 2020 9:20 pm

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി സര്‍ക്കാര്‍. ഛത്രപതി ശിവജി മ്യൂസിയം എന്നാണ് പുതിയ പേര്. ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.

മുഗളന്‍മാര്‍ എങ്ങനെ നമ്മുടെ നായകന്മാരാകുമെന്ന് യോഗത്തില്‍ ആദിത്യനാഥ് ചോദിച്ചു. അടിമത്ത മാനസികാവസ്ഥ വച്ചുപുലര്‍ത്തുന്ന ഒന്നിനും ഉത്തര്‍പ്രദേശില്‍ സ്ഥാനമില്ലെന്നും മുഗള്‍ മ്യൂസിയത്തിന്റെ പുനര്‍നാമകരണത്തെ ന്യായീകരിച്ച് അദ്ദേഹം വ്യക്തമാക്കി.

ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജിന്റെ പേരില്‍ അറിയപ്പെടും. ശിവജി മഹാരാജാണ് നമ്മുടെ നായകനെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാരാണ് മുഗള്‍ മ്യൂസിയം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മുഗള്‍ സംസ്‌കാരം, മുഗള്‍ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍, പെയ്ന്റിങ്, വസ്ത്രരീതി, ആയുധം തുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. താജ്മഹലിനോട് ചേര്‍ന്ന് ആറ് എക്കര്‍ ഭൂമിയിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

അധികാരത്തിലേറിയതുമുതല്‍ ഉത്തര്‍പ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേരുകള്‍ യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Eng­lish sum­ma­ry: Yogi gov­ern­ment changed name of Mughal Museum

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.