പശ്ചിമേഷ്യയില്‍ നിന്ന് ഈ ‘അശ്വമേധം’

Sunday 16 December 2018 7:49 AM

റമീസ് രാജയ്
കാന്‍ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തില്‍ ഇടംപിടിച്ച ‘യോമഡൈന്‍’, അബു ബക്കര്‍ ഷൗകി എന്ന യുവ സംവിധായകന്റെ ആദ്യ മുഴുനീള ചിത്രമാണ്. ‘യോമഡൈന്‍’ എന്നാല്‍ അന്ത്യന്യായവിസ്താര നാള്‍ എന്നാണര്‍ഥം. കുഷ്ഠരോഗത്തിനിരയായ ബെഷായ് തന്റെ വേര് തേടി നടത്തുന്ന യാത്രയുടെ മനോഹരമായ ദൃശ്യാനുഭവമാണ് റോഡ്മൂവി ഗണത്തില്‍ പെടുത്താവുന്ന ചിത്രം.
ചെറുപ്പത്തില്‍ തന്നെ കുഷ്ഠരോഗം പിടിപെട്ട ബെഷായെ വീട്ടുകാര്‍ ദൂരെയുള്ള കുഷ്ഠരോഗ പുനരധിവാസ കോളനിയില്‍ ഉപേക്ഷിച്ചതാണ്. കാലക്രമേണ രോഗമുക്തി നേടിയെങ്കിലും അയാളുടെ രൂപം വികൃതമായി തീര്‍ന്നിരുന്നു. ആക്രി പെറുക്കി ഉപജീവനം കണ്ടെത്തിയിരുന്ന അയാളുടെ ഭാര്യ മരിക്കുകയും, തുടര്‍ന്ന് ഭാര്യാ മാതാവ് കോളനിയില്‍ എത്തുന്നിടത്താണ് കഥാ ഗതി മാറുന്നത്. ഇത്രയും കാലം മകളെ കാണാന്‍ വരാതിരുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്ന ആ മാതാവിന്റെ സന്ദര്‍ശനം, ബെഷയിയില്‍ സ്വന്തം കുടുംബത്തെ കുറിച്ചുള്ള ഓര്‍മകളുണര്‍ത്തുന്നു.
ജന്മനാടിന്റെ പേര് മാത്രം അറിയാവുന്ന അയാള്‍ തന്റെ കഴുതവണ്ടിയില്‍ യാത്ര തിരിക്കുന്നു. നൈല്‍ നദിയുടെ ഓരം ചേര്‍ന്ന് പോകണം എന്നൊരാള്‍ പറഞ്ഞു കൊടുത്തത് മാത്രമാണ് അയാള്‍ക്ക് കൈമുതലായി ഉണ്ടായിരുന്ന അറിവ്. എല്ലാവരോടും നിറചിരിയോടെ ഇടപഴകുന്ന ബെഷയുടെ സഹചാരിയായ ഒബാമയെന്ന നുബിയന്‍ (സുഡാനി ) അനാഥ ബാലനും യാത്രയില്‍ അയാള്‍ക്കൊപ്പം കൂടുന്നു. തുടര്‍ന്ന് വിശാലമായ നൈല്‍ ഭൂവിലൂടെ, ഈജിപ്തിന്റെ സമകാലിക നാഗരികതയിലൂടെ ഇരുവരും നയിക്കുന്ന സാഹസികവും രസകരവുമായ യാത്ര പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചലച്ചിത്ര അനുഭവമാണെന്നതില്‍ തര്‍ക്കമില്ല.
ക്രിസ്തീയ വിശ്വാസിയായ ബെഷയും ഇസ്ലാം വിശ്വാസിയായ ഒബാമയും തമ്മില്‍ യാത്രയിലുടനീളം രസകരവും ചിന്തനീയവുമായ സംവാദങ്ങളുണ്ടാവുന്നു. പൊതുവെ സെമിറ്റിക് മതങ്ങള്‍ പുലര്‍ത്തുന്ന അന്ത്യനാള്‍ സങ്കല്‍പ്പവും, സ്വര്‍ഗ-നരക വിശ്വാസവും അവര്‍ക്ക് വിഷയമാകുന്നു. ഒരു രോഗം വന്നതിന്റെ പേരില്‍ ഉറ്റവരെ നഷ്ടമായ മനുഷ്യന്‍, അനാഥത്വത്തിന്റെ വേദന പേറുന്ന ബാലന്‍. ഇരുവരും ഇഹലോക ജീവിതത്തില്‍ നരക തുല്യമായ ദുഃഖങ്ങള്‍ അനുഭവിക്കുന്നവര്‍. അവരെ കൊണ്ട് പരലോകത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യിപ്പിക്കുക വഴി ആ സങ്കല്പങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
യാത്രാമദ്ധ്യേ അവരുടെ പ്രിയപ്പെട്ട കഴുത മരണപ്പെടുമ്പോള്‍ ഒബാമ, അതിന്റെ അന്ത്യന്യായവിസ്താര നാളിനെ കുറിച്ചാരായുന്നു. ജന്തുക്കള്‍ നേരിട്ട് സ്വര്‍ഗത്തിലേയ്ക്കാണ് പോകുന്നതെന്ന ഉത്തരമാണ് ബെഷയ് അവന് കൊടുക്കുന്നത്. ഒരു ഘട്ടത്തില്‍ മുസ്ലിം മൗലികവാദികള്‍ക്കിടയില്‍ എത്തപ്പെടുന്ന സാഹചര്യത്തില്‍, ബെഷയ് തന്റെ പേര് മുഹമ്മദ് എന്നു മാറ്റി പറയുന്ന രംഗം രസകരമാണ്. മറ്റൊരു ഘട്ടത്തില്‍ ഒബാമയോടൊപ്പം ബെഷയ് നിസ്‌ക്കരിക്കുന്നുമുണ്ട്. അവനവന്റെ നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതാണ് മതമെന്ന രഹസ്യ വിമര്‍ശനം ആ രംഗങ്ങളില്‍ ഒളിഞ്ഞു കിടപ്പുണ്ട്.
ദിവസങ്ങള്‍ നീണ്ട യാത്രയില്‍, പലവിധ മനുഷ്യരെ കണ്ടു മുട്ടുന്ന അവര്‍ക്ക് പലപ്പോഴും സഹായം ലഭിക്കുന്നത് ദുരിതമനുഭവിക്കുന്ന മനുഷ്യരില്‍ നിന്നുമാണ്. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍, മതത്തെ മൂല്യങ്ങളായി കാണാത്ത, ആചാരങ്ങള്‍ മാത്രമായി ഒതുക്കുന്നവരുടെ ദൃഷ്ടാന്തമാണ്. വിശന്ന് തളര്‍ന്ന ഒബാമയ്ക്ക് കൊടുക്കാന്‍ ഭക്ഷണം ചോദിക്കുമ്പോള്‍, കൈ മലര്‍ത്തുന്നയാളോട് താന്‍ പിന്നെ എന്ത് ചെയ്യണം എന്ന് നിസഹായനായ ബെഷയ് ചോദിക്കുന്നു. അവനെ ദൈവം രക്ഷിക്കട്ടെ എന്ന യുക്തിരഹിതമായ മറുപടിയാണ് അയാള്‍ക്ക് ലഭിക്കുന്നത്.
കുഷ്ഠരോഗികള്‍ക്ക് നേരെയുള്ള സാമൂഹിക നീതി നിഷേധങ്ങള്‍ എത്രയോ കാലം മുന്‍പ് തോപ്പില്‍ ഭാസിയെ പോലെയുള്ളവര്‍ സിനിമയാക്കിയതാണ്. അശ്വമേധം ഇറങ്ങി അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ഒരു ലോകസിനിമ സമാനമായ പരിസരത്ത് നിന്നു സംസാരിക്കുന്നതെന്നോര്‍ക്കണം. നമ്മുടെ സിനിമകള്‍ കൈകാര്യം ചെയ്ത വിഷയങ്ങള്‍ അന്നേ എത്ര വിശാലമായിരുന്നു.
യാത്രക്കൊടുവില്‍ വീട് കണ്ടെത്തി പിതാവിന്റെ പക്കലെത്തുന്ന ബെഷയ് എന്തിനാണ് തന്നെ ഉപേക്ഷിച്ചതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. നിന്നെ മനസിലാക്കാത്തവരുടെ ലോകത്ത് നിന്നും മാറ്റിയത് കൊണ്ടാണ് നിനക്കൊരു ജീവിതമുണ്ടായതെന്ന ആ പിതാവിന്റെ മറുപടി ബെഷയ്ക്ക് പുതിയ വെളിച്ചമാണ് പകര്‍ന്നത്. അതു തന്നെയാണ് അയാളുടെ അന്ത്യന്യായവിസ്താര നാളും. തുടര്‍ന്നുള്ള ജീവിതം സ്വര്‍ഗമാക്കുവാന്‍ അത് ധാരാളമായിരുന്നു.
മേളയില്‍ മാജിദ് മജീദിയുടെ ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ കാണാനാവാത്തതിന്റെ നിരാശ തെല്ലൊന്ന് ശമിപ്പിക്കാന്‍ ‘യോമഡൈനാ’യി എന്നതാണ് സത്യം. മതപരമായ പ്രമേയമുള്ള ഒരു കലാസൃഷ്ടി തടയുക വഴി അത്തരം ചര്‍ച്ചകള്‍ ഇല്ലാതാക്കാനാവില്ലെന്നും പ്രതിഭയുള്ള കലാകാരന്മാര്‍ നേരിട്ടും അല്ലാതെയും അത്തരം പ്രമേയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും തെളിയിച്ച ‘യോമഡൈന്‍’ വരും കാലത്തും പശ്ചിമേഷ്യയില്‍ നിന്നും മികവുറ്റ ചലച്ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചനയാണ് നല്‍കുന്നത്.