പ്ലാന്‍ A പാളി.. പിന്നെ പ്ലാന്‍ B.. സിക്‌സറടി തന്ത്രം വെളിപ്പെടുത്തി ഹിറ്റ്മാന്‍

Web Desk
Posted on November 08, 2019, 5:35 pm

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ട്വന്റി20യില്‍ രോഹിത് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ പശ്ചാതലത്തിലാണ് ഇന്ത്യ അനായാസം ജയത്തിലെത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15.4 ഓവറില്‍ ലക്ഷ്യത്തിലെത്തിയിരുന്നു. തുടക്കം മുതലെ ആക്രമിച്ച് കളിച്ച രോഹിത് ആറ് സ്‌ക്‌സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയോടെ 43 പന്തില്‍ നിന്നാണ് 85 റണ്‍സാണ് അടിച്ച് കൂട്ടിയത്.

രോഹിത്തിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത് ബംഗ്ലാദേശ് താരം മൊസാദേക് ഹുസൈനായിരുന്നു. താരത്തിന്റെ ഒരു ഓവറില്‍ രോഹിത് തുടര്‍ച്ചയായി മൂന്നു സിക്‌സുകളാണ് പറത്തിയത്. എന്നാല്‍ മത്സരശേഷം രോഹിത് ഈ ഓവറിലെ തന്‍റെ പ്രകടനത്തെക്കുറിച്ച് തുറന്ന് പറയുകയുണ്ടായി.

ട്വന്റി20യില്‍ മൊസാദേക് ഹുസൈനെതിരെ ഒരു ഓവറില്‍ ആറു സിക്‌സടിക്കാന്‍ താന്‍ ശ്രമിച്ചതായി രോഹിത് ശര്‍മ പറയുന്നു. മത്സരം ശേഷം സഹതാരം യുസ്‌വേന്ദ്ര ചെഹലിന്റെ പേരിലുള്ള ‘ചെഹല്‍ ടിവി‘യുമായി സംസാരിക്കുമ്പോഴാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ആ ഓവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സ് അടിച്ചപ്പോള്‍, ആറു പന്തും സിക്‌സടിക്കണമെന്ന് ഞാന്‍ തീരുമാനിച്ചതാണ്. അതിനായി ശ്രമിക്കുകയും ചെയ്തു. പക്ഷേ, നാലാം പന്തില്‍ റണ്ണെടുക്കാനാകാതെ പോയതോടെ സിംഗിള്‍സിലേക്കു ശ്രദ്ധ മാറ്റി’ – രോഹിത് പറഞ്ഞു.

സിക്‌സടിക്കാന്‍ മസിലുള്ള ശരീരം വേണമെന്നില്ലെന്നും രോഹിത് പറഞ്ഞു. കരുത്തിനേക്കാള്‍ ടൈമിങ്ങാണ് സിക്‌സ് അടിക്കുന്നതില്‍ പ്രധാനം. നിങ്ങള്‍ക്കു (ചെഹല്‍) വേണമെങ്കിലും സിക്‌സടിക്കാം. മികച്ച ടൈമിങ് വേണമെന്നു മാത്രം. മാത്രമല്ല, ബാറ്റിന്റെ ഒത്ത നടുക്കുതന്നെ പന്തു കൊള്ളുകയും വേണം. മാത്രമല്ല, ശിരസ് നേരെ നില്‍ക്കണം. ഇതെല്ലാം ഒത്തു വന്നാല്‍ മാത്രമേ സിക്‌സ് നേടാനാകൂ’  രോഹിത് വെളിപ്പെടുത്തി.