May 28, 2023 Sunday

Related news

May 27, 2023
May 18, 2023
May 16, 2023
May 16, 2023
May 10, 2023
May 9, 2023
May 6, 2023
May 5, 2023
May 1, 2023
April 27, 2023

ചരിത്രം വായിച്ചുതന്നെ പഠിക്കണം: കാനം

Janayugom Webdesk
January 4, 2020 9:51 pm

തൃശൂർ: ഭൂപരിഷ്കരണ രംഗത്ത് മുമ്പ് എന്തൊക്കെ നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ കയ്യൊപ്പു ചാർത്തിയത് സി അച്യുത മേനോനാണെന്നും അത് തമസ്കരിക്കാനുള്ള ശ്രമം സൂര്യനെ പാഴ്മുറം കൊണ്ടു മറയ്ക്കാനുള്ള ശ്രമം പോലെ വിഫലമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിന്റെ 50-ാം വാർഷികാഘോഷങ്ങൾ തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ചരിത്രം സത്യസന്ധമായി വിലയിരുത്താനും ചരിത്രത്തിൽ അർഹരായവർക്ക് അർഹമായ സ്ഥാനം നൽകാനും തയ്യാറാകുന്നതാണ് മാന്യതയെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം പലതരത്തിൽ പഠിക്കാം, വായിച്ചു പഠിക്കുന്നതാണ് നല്ലത്. ചരിത്രം വായിച്ചു പഠിച്ചാൽ ഒട്ടേറെ കാര്യങ്ങൾ അറിയാൻ കഴിയും. അദ്ദേഹം കൂട്ടിച്ചേർത്തു.

1970 ജനുവരി ഒന്നിന് അച്യുതമേനോൻ സർക്കാർ ഭൂപരിഷ്കരണം ഭേദഗതികളോടെ നടപ്പിലാക്കി. 1957 ലെ കമ്മ്യുണിസ്റ്റ് സർക്കാർ ലക്ഷ്യംവച്ച നടപടികൾ പൂർണമായും നടപ്പിലാക്കാൻ അച്യുതമേനോൻ സർക്കാരിനു കഴിഞ്ഞു. 1967 ലെ സപ്തകക്ഷി സർക്കാരിന്റെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ വരുമ്പോൾ ബില്ലിന് രണ്ട് ഭേദഗതികളുണ്ടായിരുന്നു. ഒന്ന് പി എസ് ശ്രീനിവാസൻ അവതരിപ്പിച്ചത്. കുടികിടപ്പുകാർക്ക് ഉടൻ തന്നെ ഭൂമിയിൽ അവകാശം കൊടുക്കണം എന്നായിരുന്നു അത്. സിപിഐ‑സിപിഐ(എം) നേതാക്കൾ ഈ വിഷയം ചർച്ചചെയ്ത് അത് സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി റവന്യു മന്ത്രി തന്നെ അവതരിപ്പിക്കാൻ തീരുമാനിച്ചു. ഇ ചന്ദ്രശേഖരൻ നായർ അവതരിപ്പിച്ച, നിയമം ഉടൻ പ്രാബല്യത്തിലാക്കണം എന്നതായിരുന്നു മറ്റൊന്ന്. എന്നാൽ അത് നടപ്പാക്കുന്നതിലെ പ്രായോഗികബുദ്ധിമുട്ടാണ് അന്ന് ഭരണത്തിന് നേതൃത്വം നൽകിയവർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ഒറ്റയടിക്ക് നടപ്പാക്കേണ്ട എന്ന തീരുമാനത്തിലെത്തി. ഇത് നിയമഭേദഗതി അംഗീകരിച്ചിട്ടും അത് നടപ്പാക്കുന്നതിൽ അന്നത്തെ ഭരണ നേതൃത്വത്തിന്റെ താത്പര്യക്കുറവ് വ്യക്തമാക്കുന്നു.

1969 നവംബർ ഒന്നിനാണ് സി അച്യുതമേനോന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ നിലവിൽ വന്നത്. ഇത് ചരിത്രം വായിച്ച എല്ലാവർക്കുമറിയാവുന്നതാണ്. 1970 ൽ ബിൽ ഒമ്പതാം പട്ടികയിൽ പെടുത്താനുള്ള പ്രമേയം പാസാക്കി. ആ സർക്കാർ തന്നെയാണ് 1971 ജനുവരി 21 ന് കണ്ണൻദേവന്റെ 1,32,000 ഏക്കർ ഭൂമി ഒരു പൈസ പോലും നൽകാതെ ഏറ്റെടുക്കാൻ തീരുമാനിച്ചത്. അതിന്റെ രേഖകളും ചരിത്രത്തിലുണ്ട്-കാനം പറഞ്ഞു. അതേ സർക്കാർ തന്നെയാണ് 1971 മെയ് 10 ന് കേരളത്തിലെ സ്വകാര്യ വനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്നവർഎതിർത്തത് വനത്തിൽ തേൻശേഖരിക്കുന്നവരുടെ തൊഴിൽ നഷ്ടപ്പെടും എന്ന പേരിലായിരുന്നു. അതേ സർക്കാർ തന്നെയാണ് ആലപ്പുഴയിൽ മുരിക്കന്റെ കയ്യിലുണ്ടായിരുന്ന 1935 ഏക്കർ കായൽ ഭൂമി ഏറ്റെടുത്ത് കർഷക തൊഴിലാളികൾക്ക് നൽകാൻ മാറ്റിവച്ചത്.

അന്ന് റവന്യു മന്ത്രിയായിരുന്ന ബേബി ജോൺ നിയമം അവതരിപ്പിച്ചപ്പോൾ അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന പ്രമുഖ നേതാക്കൾ അതിനെ എതിർത്തതും നിയമസഭാ രേഖകളിൽ കാണാം. അവസാനം നിയമം പാസാകുന്ന ഘട്ടം വന്നപ്പോൾ അന്നുണ്ടായിരുന്ന 17 പ്രതിപക്ഷാംഗങ്ങൾ വിട്ടുനിന്നു എന്നതും ചരിത്രരേഖകൾ പറയുന്നുണ്ട്. അതും വായിച്ചു മനസിലാക്കുന്നത് നല്ലതായിരിക്കുമെന്ന് കാനം പറഞ്ഞു.

Eng­lish sum­ma­ry: You must study his­to­ry: Kanam

‘you may like this video also’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.