വിവാഹ തലേന്ന് ആഘോഷമാക്കി വധൂവരന്മാർ; അർധരാത്രി വധുവിന്റെ ഫോണിൽ ഒരു സന്ദേശം എത്തി, ശേഷം സംഭവിച്ചത് !

Web Desk
Posted on December 02, 2019, 12:10 pm

കോട്ടയം: വരന്റെയും വധുവിന്റെയും വീടുകളില്‍ ശനിയാഴ്ച രാത്രി സദ്യയും കളിചിരികളുമായി ആഘോഷം പൊടിപൊടിക്കുന്നു. എലിക്കുളം പഞ്ചായത്തിലെ വഞ്ചിമല കുനാനിക്കല്‍താഴെ സനിലും എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹ ഒരുക്കങ്ങളായിരുന്നു കെങ്കേമമായി നടന്നത്. വിവാഹം എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ എല്ലാം മാറിമറിഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു.

വിവാഹത്തിന്റെ തലേദിവസം രാത്രി വധുവിന്റെ ഫോണിലേയ്ക്ക് ഒരു സന്ദേശം എത്തി. അതോടെ വിവാഹവും മുടങ്ങി. കഴിഞ്ഞ 13 വർഷമായി ഒരുമിച്ച് താമസിക്കുന്ന വരന്റെ ആദ്യ ഭാര്യയുടെ സന്ദേശമായിരുന്നു എലിക്കുളം സ്വദേശിയ്ക്ക് ലഭിച്ചത്. യുവതിയുടെയും യുവാവിന്റെയും വിവാഹ ഫോട്ടോയാണ് യുവതി വധുവിന്റെ ഫോണിലേയ്ക്ക് അയച്ചത്. വിവാഹം മുടക്കാന്‍ പലരും ശ്രമിക്കുമെന്ന് സനില്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതിനാല്‍ വധു ഇത് കാര്യമായെടുത്തില്ല.

എന്നാല്‍ രാത്രി പതിനൊന്നുമണിയോടെ വധുവിന്റെ ഫോണിലേയ്ക്ക് പെരുന്തല്‍മണ്ണ സ്വദേശിനിയുടെ ഫോണില്‍ നിന്ന് കോള്‍ വന്നു. യുവതിയുടെ അച്ഛന്റെ സഹോദരനാണ് വിളിച്ചത്. സനിലും യുവതിയും ഒരു സ്വകാര്യ സ്കൂളില്‍ അദ്ധ്യാപകരാണ്. ഇരുവരും വിവാഹിതരാണെന്നും 13 വര്‍ഷമായി ഒന്നിച്ച്‌ ജീവിക്കുകയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതേപ്പറ്റി സനിലിനോട് തിരക്കിയപ്പോൾ അയാള്‍ പ്രതികരിക്കാതായതോടെ സംശയം തോന്നിയ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. വരന്‍ മുങ്ങുകയും ചെയ്തു. വധുവിന്റെ വീട്ടുകാര്‍ വരനെതിരെ പൊലീസില്‍ പരാതിപ്പെടുകയും,​ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

13 വര്‍ഷമായി ഒന്നിച്ച്‌ ജീവിക്കുകയാണെങ്കിലും സനിലിന്റെയും പെരിന്തല്‍മണ്ണ സ്വദേശിനിയുടെയും വിവാഹം കഴിഞ്ഞാഴ്ചയാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. അതേസമയം, എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഇവര്‍ അറിയാതിരിക്കാനും യുവാവ് ശ്രദ്ധിച്ചിരുന്നു. അതിനാല്‍ സഹപ്രവര്‍ത്തകരെപ്പോലും വിവാഹക്കാര്യം അറിയിച്ചില്ല. എന്നാല്‍ ഭാര്യ വീട്ടുകാര്‍ കാര്യം അറിഞ്ഞതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

you may also like this video;