Monday
25 Mar 2019

കാമുകനോടൊപ്പം പോകാന്‍ വീട്ടമ്മ കാണിച്ചുകൂട്ടിയത് നാടകീയ രംഗങ്ങള്‍; ഒടുവില്‍

By: Web Desk | Friday 31 August 2018 6:06 PM IST


woman walks away from man
കാസര്‍കോട്: തട്ടിക്കൊണ്ടുപോകുന്നതായ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് രണ്ടര വയസ്സുള്ള കുട്ടിയേയും എടുത്ത് കാമുകനോടൊപ്പം പോയ യുവതി പൊലീസിന്‍റെ പിടിയിലായി. ചിറ്റാരിക്കാല്‍ വെള്ളടുക്കത്തെ കൈതവേലില്‍ മനുവിന്‍റെ ഭാര്യ മീനു (22), ആണ് രണ്ടര വയസ്സുള്ള കുട്ടി സായികൃഷ്ണയേയും കൂട്ടി കാമുകനായ പ്രാപ്പൊയിലിലെ വിനുവിനോടൊപ്പം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പിടിയിലായത്. ഇന്ന് രാവിലെ 10.18 ന് മാലോത്ത് മോട്ടോര്‍ സൈക്കിള്‍ റിപ്പയര്‍ നടത്തുന്ന ഭര്‍ത്താവ് മനുവിനെ വിളിച്ച് തന്നെ ആക്രികച്ചവടക്കാര്‍ ആക്രമിക്കുന്നുണ്ടെന്നും ഫോണ്‍ചെയ്ത് മീനു പറഞ്ഞു. 10.20 ന് കഴുത്തില്‍ ചോരയൊഴുകുന്ന രീതിയിലുള്ള ഫോട്ടോ ഭര്‍ത്താവിന് പോസ്റ്റ് ചെയ്തു. ഈ സമയം മനുവിന്‍റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛന്‍ കടയിലും അമ്മ പശുവിന് പുല്ല് പറിക്കാനും പോയിരുന്നു. ഉടന്‍ തന്നെ 100 മീറ്റര്‍ അകലെ താമസിക്കുന്ന ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധുവീട്ടിലെത്തുമ്പോള്‍ ചോറ് തട്ടിമറിച്ചിട്ട നിലയിലും വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അലമാര വിറക് കൊണ്ട് അടിച്ച നിലയിലുമുണ്ടായിരുന്നു. ഹാളില്‍ ചോരപാടുകളും കണ്ടും. ഉടന്‍ തന്നെ ചിറ്റാരിക്കാല്‍ പൊലീസിനെ വിവരം അറിയിച്ചു. ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ,കോഴിക്കോട് ജില്ലകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും വിവരം നല്‍കുകയും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയുമായിരുന്നു.
പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ തറയില്‍ ഉണ്ടായത് രക്തമല്ലെന്നും സിന്ദൂരം കലക്കി ഒഴിച്ചതാണെന്നും മനസ്സിലാക്കിയതോടെ സംഭവം അക്രമിച്ചുള്ള തട്ടിക്കൊണ്ടുപോകലല്ലെന്ന് വിലയിരുത്തി. മീനുവിന്‍റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ആദ്യം ഉദിനൂര്‍ ടവര്‍ലോക്കേഷന്‍ ലഭിക്കുകയും പിന്നീട് പയ്യന്നൂര്‍ , വടകര ലോക്കേഷനുകളിലും ഫോണ്‍ പരിധി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പൊലീസ് കയറുകയും കോഴിക്കോട് നിന്ന് പിടികൂടുകയായിരുന്നു. ചിറ്റാരിക്കാലില്‍നിന്നും ഇവരെ കാറില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ടുവിട്ട കൊല്ലാടയിലെ ഷിബുവിനെയും പൊലീസ് പിടികൂടിയിരുന്നു. ഭര്‍ത്താവിനെ കബളിപ്പിക്കാനാണ് തട്ടികൊണ്ടുപോകല്‍ കഥ ചമച്ചതെന്നും മീനു പൊലീസിനോട് പറഞ്ഞു.
കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട നീനുവും ചിറ്റാരിക്കല്‍ വെള്ളടുക്കം സ്വദേശിയും മാലോത്തെ ബൈക്ക് മെക്കാനിക്കുമായ കൈവേലി മനുവും തമ്മില്‍ ഏതാനും വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. വിവാഹത്തിനുശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച് പ്രാപ്പൊയില്‍ സ്വദേശിയായ വിനുവെന്ന യുവാവുമായി അടുപ്പത്തിലായിരുന്നതായും ഈ വിവരമറിഞ്ഞ മനു യുവതിയെ ജോലിക്ക് പോകുന്നത് വിലക്കുകയും ചെയ്തിരുന്നു. രണ്ട് മണിക്കൂര്‍ നേരം ഇരുന്നൂറോളം പൊലീസുകാരുടെ പരിശ്രമ ഫലമായാണ് ഇവരെ പിടികൂടാനായതെന്ന് ഡി വൈ എസ് പി പി കെ സുധാകരന്‍, ചിറ്റാരിക്കാല്‍ എസ് ഐ രഞ്ചിത്ത് രവീന്ദ്രനും പറഞ്ഞു.
image representational 
Related News