ബൈക്കും പിക്ക് അപ്പ് ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Web Desk
Posted on November 22, 2019, 8:56 pm

രാജാക്കാട്: ആനയിറങ്കലിന് സമീപം ചന്തപ്പാറ എസ് വളവിൽ ബൈക്കും പിക്ക് അപ്പ് ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ആനയിറങ്കൽ ശങ്കരപാണ്ടിമെട്ട് നിവാസി സുരേഷ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിങ്ങ് രാജിന് പരിക്കേറ്റു.

ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം നടന്നത്. ഇരുവരും എസ് വളവ് ഭാഗത്തെ ഏലത്തോട്ടത്തിൽ പണിക്ക് പോകുന്നതിനിടെ ദേശീയപാതയുടെ പണിക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകുന്ന പിക്ക് അപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുരേഷിനും, സിങ്ങ് രാജിനും തലയിലും മുഖത്തും, നെഞ്ചിലും ഉൾപ്പെടെ സാരമായി പരിക്കേറ്റു. വീടിന്റെ സമീപ പ്രദേശം ആയിരുന്നതിനാൽ രണ്ടുപേരും ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. നാട്ടുകാർ ചേർന്ന് ഇവരെ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മാരകമായി പരിക്കേറ്റ സുരേഷ് ചികിൽസയ്ക്കിടെ മരിക്കുകയായിരുന്നു.

സിങ്ങ് രാജ് അപകടനില തരണം ചെയ്ത് വരുന്നതേയുള്ളൂ. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം തേനി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ശങ്കരപാണ്ടിമെട്ട് പൊതുശ്മശനത്തിൽ സംസ്കരിച്ചു.