നീന്തുന്നതിനിടെ മീനച്ചിലാറ്റിൽ കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു

Web Desk
Posted on November 19, 2019, 4:57 pm

പാലാ: പാലാ കടപ്പാട്ടൂരിൽ മഹാദേവക്ഷേത്രക്കടവിന് സമീപം മീനച്ചിലാറ്റിൽ കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു. പേരൂർ സ്വദേശി ഷാജി പി. എസ് (ഹരിക്കുട്ടൻ) എന്നയാളെയാണ് തിങ്കളാഴ്ച രാത്രി കാണാതായത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.

രാത്രി ഏഴരയോടെ ആറിന് കുറുകെ നീന്തുന്നതിനിടെ ഷാജിയെ കാണാതാവുകയായിരുന്നു. സുഹൃത്ത് സുരേഷിനൊപ്പമാണ് ഷാജി ആറിന്റെ കരയിലെത്തിയത്. മുങ്ങിത്താഴ്ന്ന ഷാജിയ്ക്കുവേണ്ടി ഫയർഫോഴ്സും പോലീസും രാത്രി വൈകിയും പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ പുലർച്ചെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

ആഴമേറിയ മണൽക്കുഴികളുള്ള ഇവിടെ സുരക്ഷാ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കോൺക്രീറ്റ് തൂണുകൾക്കപ്പുറം പോകരുതെന്ന ശക്തമായ നിർദേശവുമുണ്ട്. ഇത് മറികടന്ന് ആറ് നീന്തിക്കടന്നതാണ് അപകടത്തിനിടയാക്കിയത്. കൂടുതൽ തെരച്ചിൽ സംവിധാനങ്ങളോടെയാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.