ഭാര്യയുമായി പിണങ്ങിയ യുവാവ് മരിക്കാന്‍ ചെയ്തത്: പെട്രോളുമായി മരത്തില്‍ കയറി, തീകൊളുത്തി, കയറിലും തൂങ്ങി, ഒടുവില്‍ മരണം

Web Desk
Posted on October 13, 2019, 5:50 pm

മാനന്തവാടി: വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഭാര്യയുടെ നോട്ടീസ് കിട്ടിയ മനോവിഷമത്തില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. തെണ്ടര്‍നാട് പഞ്ചായത്തിലെ കോറോത്ത് വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മരച്ചോട് താമസിക്കുന്ന കല്ലാറം കോട്ടപറമ്പ് വീട്ടില്‍ ബാലകൃഷ്ണന്‍ (45) ആണ് മരിച്ചത്. വീടിന്റെ മുന്‍ഭാഗത്തെ മരത്തില്‍ ഏണി വെച്ച് കയറി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തി കയറില്‍ തൂങ്ങുകയായിരുന്നു. കയറും പൊട്ടി താഴെ വീണ ബാലകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡില്‍ കിടക്കുന്നത് രാവിലെ ഇതുവഴി വന്ന ഒരു വഴിയാത്രക്കാരനാണ് കണ്ടത്.

ബാലകൃഷ്ണനുമായി പിണങ്ങിയ ഭാര്യ മൂന്നു മാസം മുമ്പ് തന്റെ രണ്ട് മക്കളെയും കൂട്ടി ബത്തേരിയിലുള്ള വീട്ടിലേക്ക് പോയതിനാല്‍ ബാലകൃഷണന്‍ തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ബാലകൃഷ്ണന്‍ സമീപത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടില്‍ ചെന്ന് സഹോദരന്റെ മക്കളോട് ഇളയച്ചന്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും പറഞ്ഞ് ക്ഷമാപണവും നടത്തിയിരുന്നു.

വര്‍ക്ക്‌ഷോപ്പില്‍ നിന്നും ജേലി കഴിഞ്ഞ് ഭക്ഷണം വാങ്ങി വന്ന ബാലകൃഷ്ണന്‍ കഴിച്ചതിന്റെ ബാക്കി ഭക്ഷണം മേശയില്‍ തന്നെ അവശേഷിച്ചിട്ടുണ്ട്. എന്നും വീടിന്റെ സൈഡിലെ കാര്‍പോച്ചില്‍ സൂക്ഷിക്കുന്ന ബൈക്ക് വീടിനുള്ളില്‍ കയറ്റി സൂക്ഷിച്ചിട്ടുണ്ട്. രാത്രി 9 മണിക്ക് ബാലകൃഷ്ണന്‍ ബൈക്ക് വിടിനകത്തേക്ക് കയറ്റിവെക്കുന്നത് സമീപത്ത് താമസിക്കുന്ന സഹോദരന്‍ കണ്ടിരുന്നു. പിന്നീട് ബാലകൃഷ്ണനെ കത്തി കരിഞ്ഞ നിലയിലാണ് സഹോദരന്‍ കാണുന്നത്. സമീപത്ത് നിരവധി വീടുകള്‍ ഉണ്ടങ്കിലും അവരൊക്കെയും ഉറങ്ങിയ ശേഷമായിരിക്കണം ബാലകൃഷ്ണന്‍ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടി ആരംഭിച്ചു ഭാര്യയേയും മക്കളെയും പോലീസ് തന്നെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. സന്ധ്യയാണ് ബാലകൃഷ്ണന്റെ ഭാര്യ. മക്കള്‍: സൗപര്‍ണ്ണിക, സായ് കൃഷ്ണ.