വ്യാജ ബോംബ് ഭീക്ഷണി; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്, എന്നാൽ കാരണം കേട്ട് ഞെട്ടി

Web Desk
Posted on November 12, 2019, 9:59 pm

ജയിലിലെ സൗജന്യ ഭക്ഷണത്തിനും താമസത്തിനുമായി മനപ്പൂര്‍വം അറസ്റ്റ് വരിച്ച്‌ യുവാവ്. തമിഴ്നാട് സ്വദേശിയായ ആര്‍ സന്തോഷ് കുമാറാണ് പട്ടിണി കിടന്ന് വലഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഒരു കടും കൈ ചെയ്തത്. വ്യാജ ബോംബ് ഭീഷണി മുഴക്കിയാണ് യുവാവ് അറസ്റ്റ് വരിച്ചത്. രണ്ട് തവണ വിവാഹം കഴിച്ച സന്തോഷിനെ രണ്ട് ഭാര്യമാരും ഉപേക്ഷിച്ചു. കടുത്ത മാനസിക വിഷമത്താൽ ഉണ്ടായിരുന്ന ജോലി രാജി വെച്ചു. താമസിയാതെ തെരുവിലുമായി. നവംബര്‍ ഒന്നിനായിരുന്നു സംഭവം.

വൈകിട്ട് അഞ്ചു മണിക്ക് ചെന്നൈയിലെ റെയില്‍വേ പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് ഒരു കോള്‍ വന്നു. ‘ഇബ്രാഹിം’ എന്ന് പരിചയപ്പെടുത്തിയ കോളര്‍ ഈറോഡ് സ്റ്റേഷനില്‍ ഒരു ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അത് ഇപ്പോള്‍ പൊട്ടുമെന്നും അറിയിച്ചു. അല്പ സമയത്തിനു ശേഷം ഈറോഡ് ബസ്റ്റ് സ്റ്റാന്‍ഡില്‍ മറ്റൊരു ബോംബ് കൂടി വെച്ചിട്ടുണ്ടെന്നറിയിച്ചു കൊണ്ടുള്ള കോള്‍ കൂടി കണ്ട്രോള്‍ റൂമിലേക്ക് വന്നു. ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് സന്ദേശങ്ങള്‍ രണ്ടും വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ വ്യാജ ഫോണ്‍ സന്ദേശത്തിന്റെ അന്വേഷണം പൊലീസിനെ സന്തോഷ് കുമാറില്‍ എത്തിച്ചു.

ആളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് കണ്ട്രോള്‍ റൂമിലേക്കുള്ള കോള്‍ വിവരങ്ങള്‍ കണ്ടെത്തി. തുടര്‍ന്നാണ് അയാള്‍ പൊലീസിനോട് മനസ്സു തുറന്നത്. താമസിക്കാന്‍ സ്ഥലവും ഭക്ഷണവും ആവശ്യമായി വന്നപ്പോളാണ് താന്‍ ഈ പ്രവര്‍ത്തി ചെയ്യേണ്ടി വന്നതെന്ന് അയാള്‍ പൊലീസിനോട് പറഞ്ഞു.