മാൾ ഓഫ് ട്രാവൻകൂറിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Web Desk
Posted on November 25, 2019, 9:52 am

തിരുവനന്തപുരം: പ്രമുഖ ഷോപ്പിംഗ് മാൾ ആയ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. പേട്ട സ്വദേശി വിഷ്ണുവിനെയാണ് കടക്കുള്ളിലെ ഡ്രസിങ്ങ് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാളില്‍ പ്രവര്‍ത്തിക്കുന്ന വിസ്മയ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിഷ്ണു.

രാത്രി ഒന്‍പതര മണിയോടെയാണ് സംഭവം. സഹജീവനക്കാരിയാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് ബോധരഹിതയായി വീണ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരായി ഇവർ രണ്ട് പേർ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. രാത്രി ഒൻപതരയോടെ വിഷ്ണു ട്രയല്‍ റൂമിലേയ്ക്ക് കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാല്‍ പെൺക്കുട്ടി വാതിലിൽ മുട്ടിവിളിച്ചു. തുറക്കാതെ വന്നതോടെ ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്നപ്പോള്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു.

വിഷ്ണുവിന്റെ മൊബൈലും സ്ഥാപനത്തിലെ സിസിടിവി ക്യാമറയും ഇന്ന് പരിശോധിക്കുമെന്ന് വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും.