നഴ്സറി സ്കൂൾ കുട്ടികൾക്ക് നേരെ യുവാവിന്റെ രാസാക്രമണം, അൻപതോളം പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

Web Desk
Posted on November 12, 2019, 5:26 pm

ബെയ്ജിങ്: രാസവസ്തുക്കളുമായി നഴ്സറി സ്കൂളിലെത്തിയ യുവാവിന്റെ ആക്രമണത്തിൽ അൻപതോളം കുട്ടികള്‍ക്കും അധ്യാപികമാർക്കും പരിക്കേറ്റു. കോങ് എന്ന 23‑കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച മൂന്നരയോടെയായിരുന്നു സംഭവം. കിന്‍ഡര്‍ ഗാര്‍ട്ടന്റെ മതില്‍ ചാടിക്കടന്ന അക്രമി സോഡിയം ഹൈഡ്രോക്സൈഡ് കുട്ടികളുടെ മുഖത്തേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. പടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയിലായിരുന്നു സംഭവം. മാതാപിതാക്കള്‍ വിവാഹ മോചിതരായതില്‍ സമൂഹത്തോടുള്ള പ്രതികാരമാണ് യുവാവ് കൃത്യം ചെയ്യാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടികളെയും അധ്യാപികമാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.