കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്‌ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് ഏറ്റവും വിപുലമായി ഗ്രാസ്‌റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് അവസരം ലഭിച്ചതെന്ന് കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, എസ്എൽകെ ഡയറക്ടർ ഫിറോസ് മീരാൻ, എസ്എൽകെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കും.
സൂപ്പർ ലീഗ് കേരളയും ആന്ദ്രേസ് ഇനിയേസ്റ്റ സ്‌കൗട്ടിങ്ങും ചേർന്നൊരുക്കിയ ഈ സംരംഭം ഗ്രാമീണ, നഗര പ്രദേശങ്ങളിലെ യുവതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണൽ മികവും നൽകാനാണ് ലക്ഷ്യമിടുന്നത്. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറയൽ സിഎഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറയൽ അക്കാദമിയിലാണ് ഇവർക്ക് തീവ്ര പരിശീലനം ലഭിക്കുക. ജൂൺ 12 മുതൽ 24 വരെ നീളുന്ന ഈ പരിശീലനത്തിൽ നൂതന കോച്ചിങ്, സൗഹൃദ മത്സരങ്ങൾ, വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. യാത്രയും താമസവും പരിശീലനവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും സൂപ്പർ ലീഗ് കേരളയാണ് വഹിക്കുന്നത്.
സ്‌പെയിനിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള അന്താരാഷ്ട്ര സ്കൗട്ടുകൾ പ്രാദേശിക കോച്ചിങ് ടീമുകളുമായി ചേർന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. 15 മുതല്‍ 17 വയസ് വരെയുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.സമഗ്രമായ ഫുട്‌ബോൾ വിദ്യാഭ്യാസത്തിലും ജീവിത നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ അന്താരാഷ്ട്ര സഹകരണങ്ങളോടും ആഭ്യന്തര യുവജന വികസന പരിപാടികളോടും കൂടി ഈ സംരംഭം വികസിപ്പിക്കാൻ സൂപ്പർ ലീഗ് കേരളയ്ക്ക് പദ്ധതിയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.