September 27, 2023 Wednesday

സ്വന്തം മാതാപിതാക്കളെ നോക്കാന്‍ 47,000 രൂപ ശമ്പളം സ്വീകരിച്ച് യുവതി

ന്യൂസ് ഏജന്‍സിയിലെ 15 വര്‍ഷത്തെ ജോലിയും രാജിവച്ചു
Janayugom Webdesk
May 30, 2023 3:28 pm

ജോലി സ്ഥലത്തെ അമിത സമ്മര്‍ദ്ദവും അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും അകറ്റാന്‍ ചൈനീസ് യുവതിക്ക് ലഭിച്ചത് വമ്പന്‍ ഓഫര്‍. 47,000 രൂപ (4000 യുവാൻ) പ്രതിമാസ ശമ്പളത്തിന് സ്വന്തം മാതാപിതാക്കളാണ് നാല്പതുകാരിയായ നിയാനനെ മുഴുവന്‍ സമയ മകളായി കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. കേട്ടാല്‍ അമ്പരപ്പുണ്ടെങ്കിലും ആ മകള്‍ മാതാപിതാക്കളുടെ ഓഫര്‍ സ്വീകരിച്ചു. 15 വര്‍ഷത്തോളമായി തുടരുന്ന ന്യൂസ് പേപ്പര്‍ ഏജന്‍സിയിലെ ജോലി രാജിവച്ചു. അവളെ ഇനി മാതാപിതാക്കള്‍ക്ക് പൂര്‍ണസമയം ലഭിക്കും. അവരോടൊപ്പമുള്ള നിമിഷങ്ങള്‍ തന്നെ അലട്ടിയിരുന്ന അമിതസമ്മര്‍ദ്ദ അവസ്ഥയും ദുരിതവും അകറ്റുമെന്ന പ്രതീക്ഷയിലാണ് നിയാനന്‍.

ജോലിയില്‍ അധികസമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്ന സമയത്താണ് മാതാപിതാക്കള്‍ മകള്‍ക്കു മുന്‍പില്‍ ഈ കിടിലന്‍ ഓഫര്‍ വച്ചത്. നീ ജോലി രാജിവച്ചോളൂ, നിന്റെ സാമ്പത്തികസംരക്ഷണം ഞങ്ങളേറ്റെടുക്കാം. നിയാനന്റെ മാതാപിതാക്കളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. സ്നേഹം നിറഞ്ഞ ഒരു തൊഴിൽ എന്നാണ് നിയനാൻ തന്റെ പുതിയ ജോലിയെ പറ്റി വിശേഷിപ്പിച്ചതും. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് തനിക്ക് തെറാപ്പി പോലെയാണെന്ന് നിയാനാൻ പറയുന്നു. 

മാസം ഒന്നര ലക്ഷത്തിലധികം പെൻഷൻ വാങ്ങുന്ന രക്ഷിതാക്കൾ അതിന്റെ ഒരു ഭാഗം മകൾക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ദൈനംദിന ജോലികൾ സ്‌നേഹത്തോടെയാണ് ചെയ്യുന്നതെന്ന് നിയാനൻ പറയുന്നു. രാവിലെ എഴുന്നേറ്റു മാതാപിതാക്കളോടൊപ്പം ഒരു മണിക്കൂർ നൃത്തം ചെയ്യുന്നത് ജോലിയുടെ ഭാഗമാണ്. ചില ദിവസം പകല്‍ അവരെ കടയിലും മറ്റും കൊണ്ടുപോകും. വൈകുന്നേരങ്ങളിൽ പിതാവിനൊപ്പം അത്താഴം പാകം ചെയ്യും. ഇലക്ട്രോണിക് ജോലിയും ഡ്രൈവർ ജോലിയും നിയാനൻ തന്നെയാണ് നിര്‍വഹിക്കുന്നത്.

തന്റെ സ്നേഹം നല്‍കി മുഴുവന്‍ സമയവും മകളായി മാറാന്‍ തീരുമാനിച്ച നിയാനന്റെ തീരുമാനം  സോഷ്യൽ മീഡിയകളിലൂടെ വൈറലായിക്കഴിഞ്ഞു. സമ്മിശ്രപ്രതികരണവും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുമുണ്ട്. ചൈനയിലെ യുവാക്കൾക്കിടയിൽ നിയാനന്റെ പുതിയ തൊഴിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. മത്സരപരമായ ജോലികൾ ഉപേക്ഷിച്ച് അത്തരം ഓഫറുകൾ സ്വീകരിക്കുന്നതാണ് നല്ലതെന്ന് പലരും കരുതുന്നു. എന്നാൽ ഈ രീതി പിന്തുടരുന്നത് മാതാപിതാക്കളെ ആശ്രയിക്കാതെയുള്ള ജീവിതം അസാധ്യമാണെന്ന് വിമർശിക്കുന്നവരുണ്ട്.

Eng­lish Sam­mury: Meet the woman who makes Rs 47,000 a month by being a full time daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.