അയോധ്യാ വിധിയ്ക്ക് പിന്നാലെ റോഡിൽ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റിൽ

Web Desk
Posted on November 09, 2019, 5:06 pm

തൃശ്ശൂര്‍: അയോധ്യാ വിധിക്ക് പിന്നാലെ റോഡില്‍ പടക്കം പൊട്ടിച്ച യുവാവ് പോലീസ് പിടിയില്‍. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തിയവരാണ് റോഡില്‍ പടക്കം പൊട്ടിച്ചത്. രണ്ടു പേര്‍ ചേര്‍ന്നാണ് പടക്കം പൊട്ടിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

അയാേധ്യാ വിധി പ്രസ്താവനയ്ക്ക് ശേഷം ഉച്ചയോടെയായിരുന്നു സംഭവം. പടിഞ്ഞാറെ വെമ്പല്ലൂര്‍ കോളനിപ്പടിയില്‍ ബൈക്കിലെത്തിയാണ് രണ്ട് പേര്‍ പടക്കം പൊട്ടിച്ചത്. ഇവരില്‍ ഒരാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

അയോധ്യാ കേസ് എന്നത് ഏറ്റവും സവിഷമായതുമായ ഒരു വിഷയമായതിനാല്‍ കേസില്‍ അന്തിമ വിധി വരുന്നതിന് മുമ്പ് തന്നെ കോടതി ചില നിര്‍ദ്ദേങ്ങള്‍ നല്‍കിയിരുന്നു. ഇത്തരം നിര്‍ദ്ദേങ്ങളില്‍പ്പെട്ടതായിരുന്നു ആഹ്ലാദപ്രകടനങ്ങളോ മതസ്പര്‍ധ വളര്‍ത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്നത്. ഇത് ലംഘിച്ച്‌ കൊണ്ടാണ് തൃശ്ശൂര്‍ സ്വദേശി പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചത്. നേരത്തെയും നിര്‍ദ്ദേശം ലംഘിച്ച്‌ ഒരാള്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് രാവിലെ 10.30 നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോദ്ധ്യകേസില്‍ വിധി പുറപ്പെടുവിച്ചത്. അയോദ്ധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കോടതി ഉത്തരവ്. പകരം മുസ്ലിങ്ങള്‍ക്ക് അയോദ്ധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കണമെന്നും വിധിച്ചു.