സ്ത്രീധനം കിട്ടാന്‍ വേണ്ടി മാത്രം ‘സര്‍ക്കാര്‍’ ജോലി

Web Desk
Posted on February 22, 2019, 1:06 pm

പട്ന: സ്ത്രീധനം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ജോലിയുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹിതനാകാന്‍ നോക്കിയ യുവാവ് അറസ്റ്റില്‍. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി അഭിനയിച്ച് 20 ലക്ഷം രൂപയും ഒരു ആഡംബര വാഹനവും ഉള്‍പ്പെടയുള്ളവ സ്വന്തമാക്കാന്‍ ശ്രമിച്ച ശിവശങ്കറിനെയാണ് ബീഹാറിലെ സചിവല്യ പൊലീസ് പിടികൂടിയത്.

ബങ്കാ ജില്ലയില്‍ താമസിക്കുന്ന ശിവശങ്കര്‍ ജമാല്‍പൂരിലുള്ള ഒരു കുടുംബത്തെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ജോലിയാണെന്നും സെക്രട്ടറിയേറ്റിലാണെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി വിവാഹാലോചനയില്‍ എത്തിയത്.

വിവാഹമുറപ്പിച്ചതിന് ശേഷം പെണ്‍കുട്ടിയും ശങ്കറും തമ്മില്‍ സംസാരിച്ച് തുടങ്ങിയതോടെയാണ് കള്ളങ്ങള്‍ പൊളിഞ്ഞത്. ദിവസവും മാറി മാറി ജോലി ചെയ്യുന്ന വകുപ്പുകള്‍ പറഞ്ഞതോടെ പെണ്‍കുട്ടിക്ക് സംശയമായി. ഇതോടെ കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സെക്രട്ടറിയേറ്റിലെത്തി ശങ്കറിനോട് സംസാരിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് അവരോട് പറഞ്ഞു.

എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ചതി പുറത്ത് വന്നത്. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.