റേപ്പ് ഡ്രഗുമായി യുവാവ് അറസ്റ്റില്‍

Web Desk
Posted on July 14, 2019, 10:58 pm

തൃശൂര്‍: മയക്കുമരുന്നായ റേപ്പ് ഡ്രഗു(എംഡിഎംഎ) മായി വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശി കൊമ്പത്തു വീട്ടില്‍ ഷെഫി (23)നെ തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം സുരേഷിന്റെ നേതൃത്വത്തില്‍ മണ്ണുത്തിയില്‍ നിന്നും പിടികൂടി. 120 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രണ്ട് ഗ്രാം എംഡിഎംഎ ആണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്.
റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ഈ മയക്കുമരുന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ളതാണ്. ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ഉദ്ദേശം ആറ് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ ആകുകയും അത് കഴിഞ്ഞാല്‍ നടന്ന കാര്യങ്ങളെ കുറിച്ച് ഓര്‍മ്മകള്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ ആകുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ജ്യൂസില്‍ കലര്‍ത്തിയാല്‍ യാതൊരു രുചിവ്യത്യാസവും അനുഭവപ്പെടാത്ത ഈ മയക്കുമരുന്ന് ഉപയോഗിച്ച് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്നുണ്ട്. അതുകൊണ്ടാണ് റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്നത്. അളവില്‍ കൂടുതല്‍ ശരീരത്തില്‍ ചെന്നാല്‍ മരണം വരെ ഉണ്ടാകുന്ന മയക്കുമരുന്നാണിത്.
ബോബ് മാര്‍ളി ആരാധകനായ മാര്‍ളി അങ്കിള്‍ എന്നു വിളിപ്പേരുള്ള നൈജീരിയക്കാരന്‍ ബെഞ്ചിമില്‍ ബ്രൂണോ എന്നയാളാണ് മൊത്തമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്ന് പ്രതി പറഞ്ഞു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി ബാലകൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സതീഷ്‌കുമാര്‍, ശിവശങ്കരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, മനോജ്കുമാര്‍, ഷാജു, രാജു, സുനില്‍, സുധീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.