വീടിനു മുന്പിൽ ചീത്തവിളി; ചോദിക്കാനെത്തിയ ഗൃഹനാഥനെ യുവാക്കൾ ഹെൽമറ്റിന് അടിച്ചുവീഴ്ത്തി

Web Desk
Posted on October 24, 2019, 3:04 pm

കോട്ടയം; വീടിനു മുന്‍പില്‍ ചീത്ത വിളിച്ചത് ചോദിക്കാനെത്തിയ ഗൃഹനാഥനെ യുവാക്കള്‍ ഹെൽമറ്റിന് അടിച്ചുവീഴ്ത്തി. കോട്ടയം കോതനല്ലൂര്‍ കെ ജെ മാത്യു (52) വിനെയാണ് യുവാക്കൾ ഹെൽമറ്റിന് അടിച്ചുവീഴ്ത്തിയത്. മാത്യുവിന്റെ വീടിന് മുന്നില്‍ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വീടിന് മുന്നില്‍ നിന്ന് ചീത്ത വിളിക്കുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാന്‍ ചെന്നതിനാണ് മാത്യുവിനെ യുവാക്കള്‍ ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനത്തെ തുടർന്ന് ഇടതു ചെവിക്കു ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെവിക്കു നാലു തുന്നലുണ്ട്. സംഭവം നടന്നയുടനെ യുവാക്കള്‍ കടന്നുകളയുകയും ചെയ്തു. ഈ പ്രദേശത്ത് സ്ഥിരമായി യുവാക്കളുടെ സംഘം നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.