ബസ് മറികടക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് കെ.എസ്.ആര്‍ ടി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം

Web Desk
Posted on September 18, 2019, 8:47 pm

അടിമാലി: കെ.എസ്.ആര്‍ ടി ബസ് മറികടക്കാന്‍ അവസരം നല്‍കിയില്ലന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് യുവാക്കളുടെ മര്‍ദ്ദനം. ആറാം മൈല്‍ പുതുക്കേരില്‍ പി.എസ് പ്രദീപ് (38)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊല്ലം സ്വദേശികളായ അഞ്ച് അംഗ യുവാക്കളുടെ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് തട്ടാമല സ്വദേശികളായ ഐഷാ മാന്‍സില്‍ റഹ്മത്തുള്ള(22), ഉഷസ് വീട്ടില്‍ തോമസ് ജഫ്രി ( 23), മുളവന തണല്‍ വീട്ടില്‍ വിനീത് (20), കുരീപ്പുഴ ജോണ്‍ വില്ല ഫെബി (24) കുരീപ്പുഴ കുഴിക്കാട്ടില്‍ സുധീഷ് (20) എന്നിവര്‍ ആണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയ്ക്ക് 1.10നാണ് സംഭവം. മൂന്നാറില്‍ നിന്നും അടിമാലിക്ക് വരുകയായിരുന്ന ബസ് അടിമാലിക്ക് സമീപം എട്ടു മുറി ഭാഗത്ത് വെച്ച് മൂന്നു ബൈക്കുകളിലായി എത്തിയവര്‍ ഇടത് വലത് ഭാഗത്തു കൂടി ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുകയും അതില്‍ ഒരു ബൈക്കിന് മറികടക്കാന്‍ കഴിയാതെ വരുകയും ചെയ്തു. ഇതില്‍ ക്ഷുഭിതരായ ബൈക്ക് യാത്രികര്‍ അടിമാലി ടൗണില്‍ വേണ്ടി നിറുത്തിയപ്പോള്‍ ബൈക്കുമായി ബസ് തടയുകയും കെ എസ് ആര്‍ ടി സി ഡ്രൈവറെ അസഭ്യം പറഞ്ഞ് റോഡിലേയ്ക്ക് വലിച്ചിട്ട് മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ യുവാക്കളെ പിടികൂടി പൊലീസില്‍ ഏല്പിക്കുകയാണ് ഉണ്ടായത്. കെ എസ് ആര്‍ ടി സി മറികടക്കാന്‍ അവസരം നല്കിയില്ല എന്ന പേരില്‍ മര്‍ദ്ദിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചക്ക് ഉള്ളില്‍ രണ്ടാമത്തെ സംഭവമാണ്.