Web Desk

കോട്ടയം

March 06, 2021, 1:54 pm

ഏറ്റുമാനൂർ സീറ്റ് പിജെ ജോസഫ് വിഭാഗത്തിന്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

Janayugom Online

ഏറ്റുമാനൂർ നിയമസഭാ സീറ്റ് പിജെ ജോസഫ് വിഭാഗത്തിന് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഡിസിസി ഓഫിസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം നടത്തിയ പ്രവർത്തകർ ഡിസിസി ഓഫിസിന്റെ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെയാണ് മാധ്യമ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ  ആക്രമിച്ചത്. അക്രമത്തിന് നേതൃത്വം നൽകിയരണ്ട് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി യുഡിഎഫിൽ തർക്കം തുടരുകയാണ്. കഴിഞ്ഞ രണ്ട് തവണയാണ് കേരള കോൺഗ്രസ് മാണി വിഭാഗം ഏറ്റുമാനൂർ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.

എന്നാൽ, ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ വിജയിച്ചത് കേരള കോൺഗ്രസ് ആണെന്നും , അത് കൊണ്ട് തങ്ങൾക്ക് തന്നെ സീറ്റ് വിട്ടു നൽകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന് സീറ്റ് വിട്ട് നൽകാൻ യു.ഡി.എഫ് തീരുമാനമായിരിക്കുന്നത്.

Eng­lish sum­ma­ry: Youth con­gress attacked media persons

You may also like this video: