യൂത്ത് കോൺഗ്രസിൽ കലഹം മൂർച്ഛിക്കുന്നു; പുനഃസംഘടന പിന്നെയും പാളി, പരാതികൾ കോടതിയിലേക്ക്

Web Desk
Posted on November 26, 2019, 9:44 pm

ബേബി ആലുവ

കൊച്ചി: പുനഃസംഘടനയെച്ചൊല്ലി യൂത്ത് കോൺഗ്രസ് സംസ്ഥാന — ദേശീയ നേതൃത്വങ്ങൾ തമ്മിൽ കലഹം മൂർച്ഛിച്ചതോടെ കേരളത്തിലെ പുനഃസംഘടന പിന്നെയും പാളി. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനത്തിന്റെയും തീയതിയും നിശ്ചയിച്ച് ഇക്കുറി ആ മഹാത്ഭുതം സംഭവിച്ചേക്കും എന്ന പ്രതീതി ജനിപ്പിച്ചിരിക്കെയാണ് പുനഃസംഘടന കോടതി കയറിയതും പിന്നാലെ നേതൃത്വങ്ങൾ ഏറ്റുമുട്ടലിനിറങ്ങിയതും.

ഒരു രൂപയ്ക്ക് പ്രാഥമിക അംഗമാകാനും 11 രൂപയ്ക്ക് സജീവ അംഗമാകാനും സംഘടനാ വ്യവസ്ഥകൾ അവസരം നൽകവെ, ഓൺലൈനായി പ്രാഥമിക — സജീവ അംഗമാകുന്നവരിൽ നിന്ന് 75രൂപയും 125 രൂപയും വീതം ഈടാക്കുന്നു എന്നാണ് ആലുവ, കോലഞ്ചേരി മുൻസിഫ് കോടതികളിലെത്തിയ പരാതികളുടെ ഉള്ളടക്കം. സംസ്ഥാന, ജില്ലാ, നിയമസഭാ മണ്ഡലം സമിതികളിലേക്ക് മത്സരിക്കുന്നതിനുള്ള നോമിനേഷൻ ഫീസ് തരം തിരിച്ചിരിക്കുന്നത് 7500, 3000, 1500 എന്നീ ക്രമത്തിലാണ്. ഈ രീതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിൽ നിന്ന് ആറുകോടിയോളം രൂപ പിരിച്ചെടുത്തിരിക്കുന്നതായാണ് ആരോപണം. യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ കണ്ണ്നട്ടിരിക്കുന്ന മുൻ കാല കെഎസ് യു നേതാക്കൾ, സംഘടനയുടെ പരിതാപകരമായ സ്ഥിതി കെപിസിസി നേതൃത്വത്തെ ധരിപ്പിച്ചുവെന്നും അപ്പോൾ മാത്രം കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ അവസ്ഥ ബോദ്ധ്യമായ കെപിസിസി നേതൃത്വം എഐസിസിയെ വിവരമറിയിച്ച് പുന: സംഘടന നടത്താൻ ഒരുക്കങ്ങൾ തുടങ്ങിയതാണെന്നുമാണ് അണികൾക്കിടയിലെ സംസാരം. അതിനിടയിലാണ് കെപിസിസിയെ പിന്തള്ളി കേന്ദ്ര നേതൃത്വം പെട്ടെന്ന് കളം കയ്യടക്കിയത്. മെമ്പർഷിപ്പ് ഫീസും നോമിനേഷൻ ഫീസും മറ്റുമടക്കം വാരിക്കൂട്ടാവുന്ന കോടികൾ കൈവിട്ടു പോകാതെ നോക്കാനുള്ള വ്യഗ്രതയായിരുന്നു ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനു പിന്നിൽ. അങ്ങനെയെങ്കിൽ കണ്ടിട്ടുതന്നെ കാര്യം എന്ന വാശിയോടെ, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദേശീയ നേതൃത്വത്തിന്റെ ഏർപ്പാടുകളുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലേക്കു കെപിസിസി നീങ്ങി.

ഇതിനിടയിലാണ് രണ്ടു പ്രവർത്തകർ സ്റ്റേ ആവശ്യവുമായി കോടതികളിലെത്തിയതും ഒരു കോടതി സ്റ്റേ ആവശ്യം അംഗീകരിച്ചതും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേക സെൽ രൂപവത്കരിച്ചിട്ടുണ്ടെന്നും പരാതികൾക്ക് അവിടെ പരിഹാരമായില്ലെങ്കിൽ എഐസിസിയെ സമീപിക്കാവുന്നതാണെന്നും, കലഹം മുൻകൂട്ടി കണ്ട കേന്ദ്ര നേതൃത്വം അണികൾക്കു നിർദ്ദേശം നൽകിയിരുന്നതിനിടയിലാണ്, ഈ രണ്ടിടത്തേക്കും പോകാതെ അനുയായികൾ നേരേ കോടതികളിലേക്കു പോയത്. അച്ചടക്ക നടപടി എന്ന ഉമ്മാക്കിയൊക്കെ കാണിച്ച് നേതൃത്വം കണ്ണുരുട്ടുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ പോഷക സംഘടനകളിൽ ഏതിലെങ്കിലും ഇത് വിലപ്പോയ ചരിത്രമുണ്ടോ എന്നാണ് തിരിച്ചുള്ള ചോദ്യം. സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും കൂടുതൽ പേർ പരാതിയുമായി കോടതികളെ സമീപിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. ഇതിനിടെ, ആലുവ മുൻസിഫ് കോടതിയിൽ കൊടുത്ത കേസിൽ എതിർവാദത്തിനായി ദേശീയ ജന. സെക്രട്ടറി ആർ രവീന്ദ്രദാസിനു വേണ്ടി ഹാജരായ വക്കീലിനെക്കുറിച്ചും പരാതിയുയർന്നു. വിവാദമായ ‘അഗസ്റ്റ വെസ്റ്റ്ലാന്റ്’ കേസിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനു വേണ്ടി ഹാജരായതിനെ തുടർന്ന് സംഘടനയിൽ നിന്നു പുറത്താക്കപ്പെട്ടയാളാണ് ദേശീയ നേതൃത്വത്തിന്റെ വക്കീൽ എന്നാണ് ആക്ഷേപം.

നാമനിർദ്ദേശ പത്രിക സ്വീകരണം 23നെന്നും തെരഞ്ഞെടുപ്പ് ഡിസം. 4 മുതൽ 7വരെയെന്നും ഫലപ്രഖ്യാപനം 8നെന്നും ഒക്കെ പരസ്യപ്പെടുത്തുകയും സംസ്ഥാനക്കമ്മിറ്റിയിലേക്കു മത്സരിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി സ്വകാര്യ ഏജൻസി വഴി മുഖാമുഖവും നടത്തി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പിലേക്കു നീങ്ങവെയാണ് കാര്യങ്ങളെല്ലാം പാടേ മറിഞ്ഞത്. സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുൻ നിശ്ചയപ്രകാരം നടത്തുമെന്നും അതിന് അനുകൂലമായി ഹൈക്കോടതിയിൽ നിന്നു വിധിയുണ്ടായിട്ടുണ്ടെന്നും ജന. സെക്രട്ടറി ആർ രവീന്ദ്രദാസ് പത്രക്കുറിപ്പിലൂടെ അവകാശപ്പെട്ടെങ്കിലും അഖിലേന്ത്യാ നേതൃത്വത്തിന്റെ ഹർജി തള്ളുകയായിരുന്നുവെന്നു വ്യക്തമാക്കി, ആലുവ മുൻസിഫ് കോടതിയിൽ പരാതി നൽകിയ പ്രവർത്തകന്റെ അഭിഭാഷകൻ രംഗത്തെത്തിയതോടെ അണികൾ ആശയക്കുഴപ്പത്തിലായി. ഇതിനിടയിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കായി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം എറണാകുളം ഡിസിസി ഓഫീസിലെത്തിയ സ്വകാര്യ ഏജൻസിയുടെ ആളുകളെ എ, ഐ വ്യത്യാസമില്ലാതെ ഗ്രൂപ്പുകാർ വിരട്ടിയോടിച്ച സംഭവവുമുണ്ടായി. ഇതോടെ, തീർത്തും ഗൗരവത്തിലായ കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് അന്വേഷണ കമ്മിഷനെ അയയ്ക്കാൻ തീരുമാനിക്കുകയും കമ്മിഷനു മുമ്പിൽ ഹാജരാകാൻ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അടക്കം ആറു പേർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തെങ്കിലും തിങ്കളാഴ്ച കൊച്ചിയിലെത്തിയ കമ്മിഷൻ അംഗങ്ങൾക്കു മുമ്പിൽ സംസ്ഥാന പ്രസിഡന്റ് അടക്കം ഒരാൾ പോലും ഹാജരായില്ല. പണം മാത്രം ലക്ഷ്യമിട്ട് തിടുക്കത്തിൽ ആഹ്വാനം ചെയ്ത തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഗ്രൂപ്പുകൾ യോജിച്ച് തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദേശീയ നേതൃത്വത്തിന്റെ മുൻ കയ്യിൽ ഇപ്പോൾ ഇലക്ഷൻ വേണ്ടാ എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ഗ്രൂപ്പ് ഭേദമന്യേ യൂത്ത് കോൺഗ്രസുകാർ.