യൂത്ത് കോൺഗ്രസ് പുനഃസംഘടന നേതൃത്വത്തിന് കീറാമുട്ടി

Web Desk
Posted on November 08, 2019, 9:27 pm

ബേബി ആലുവ

കൊച്ചി: കേരളത്തിലെ യൂത്ത് കോൺഗസ് പുന: സംഘടനാ വിഷയത്തിൽ കെപിസിസിയും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവും രണ്ടു വഴിക്കായതോടെ നേരായ വഴിയറിയാത്ത അവസ്ഥയിൽ അണികൾ. പുന: സംഘടന ഇവിടുത്തെ കാര്യം മാത്രമായി ഒതുക്കാമെന്ന ധാരണയിൽ കെപിസിസി നേതൃത്വം നീങ്ങുമ്പോഴാണ് അതിനെ വെട്ടി ഡൽഹിയിൽ നിന്നുള്ള ഇടപെടൽ.

സംസ്ഥാന കോൺഗ്രസിലെ പുന: സംഘടന നേരാംവണ്ണം നടത്താനറിയാത്ത നേതാക്കൾ യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഒഴിവാക്കി, ഗ്രൂപ്പ്തല വീതംവയ്പിലൂടെ തെരഞ്ഞെടുപ്പിനായി നടത്തിയ നീക്കമാണ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്. നേരത്തേ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ വിഭാഗത്തിൽ നിന്ന് ഷാഫി പറമ്പിൽ എംഎൽഎയും ഐ ഗ്രൂപ്പിൽ നിന്ന് കെ എസ് ശബരീനാഥ് എം എൽ എയുമാണ് മത്സരാർത്ഥികളായി ഉയർത്തിക്കാണിച്ചിരുന്നതെങ്കിലും, ഇപ്പോൾ ഷാഫി പറമ്പിലിന് പ്രസിഡന്റ് സ്ഥാനവും ശബരീനാഥിന് വൈസ് പ്രസിഡന്റ് സ്ഥാനവും എന്ന് വീതംവയ്പിലൂടെ ഉറപ്പിച്ചതായാണ് വിവരം.

നേതൃസ്ഥാനത്തേക്ക് യോഗ്യരായവരെ കണ്ടെത്താൻ ഏതാനും നാൾ മുമ്പ് ’ ടാലന്റ് ഹണ്ട് ’ നടത്തിയിരുന്നെങ്കിലും അത് പ്രവർത്തകരുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഹസനമായിരുന്നെന്നും വീതംവയ്പ് സംബന്ധിച്ച് എ‑ഐ ഗ്രൂപ്പുകൾ രഹസ്യധാരണയിലെത്തിയ ശേഷം നടത്തിയതാണ് ’ ടാലന്റ് ഹണ്ട് ’ നാടകമെന്നുമാണ് ഇപ്പോൾ അണികൾക്കിടയിലെ ചർച്ച. നേതൃസ്ഥാനങ്ങൾ ഗ്രൂപ്പുകൾ പങ്കിട്ടെടുക്കുന്നതോടെ കഴിവും പ്രാപ്തിയുമുള്ള പ്രവർത്തകർ എപ്പോഴുമെന്നപോലെ ഇക്കുറിയും പുറന്തള്ളപ്പെടും എന്ന ആക്ഷേപവും പ്രവർത്തകർക്കുണ്ട്.

യൂത്ത് കോൺഗ്രസ്, കെഎസ് യു തുടങ്ങിയ പോഷക സംഘടനകളുടെ തെരഞ്ഞെടുപ്പുകൾ പഴയ കണക്കുകൾ തീർക്കാനുള്ള അവസരമാക്കി തെരുവിൽ ആഘോഷിക്കാറുള്ളതിനാൽ, തദ്ദേശ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പു പോലും ആ പ്രക്രിയ നടത്താൻ നിവൃത്തിയില്ലാത്തതിനാലാന്ന് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അനന്തമായി നീണ്ടത്. നിയമസഭയിലേക്കും തദ്ദേശ സമിതികളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ അടുത്ത വർഷം എത്തുമെന്നതിനാൽ കാലേക്കൂട്ടി നല്ല മുഹൂർത്തം നിശ്ചയിച്ച് നേതൃസ്ഥാനങ്ങൾ ഗ്രൂപ്പുകൾക്കായി പങ്കിട്ടു നൽകി വിഷയം രമ്യമായി പരിഹരിക്കാനായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്ലാൻ.

ഈ ദിശയിലൂടെ കാര്യങ്ങൾ നീങ്ങുന്നതിനിടയിലാണ് ഡിസംബറിൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ രംഗപ്രവേശം. പിന്നാലെ അംഗങ്ങളെ ചേർക്കൽ തുടങ്ങിയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു തുടക്കമിടുകയും ചെയ്തു. 10 വരെയാണ് മെമ്പർഷിപ്പ് കാമ്പെയിൻ. 16 മുതൽ 20 വരെ അംഗത്വ സൂക്ഷ്മപരിശോധന. ഇതിനിടയ്ക്ക് ഭാരവാഹിത്വത്തിലേക്കുള്ള നോമിനേഷൻ സമർപ്പണവും നടക്കും. ഡിസംബർ നാല് മുതൽ ഏഴ് വരെ തെരഞ്ഞെടുപ്പും എട്ടിന് ഫലപ്രഖ്യാപനവും. കെപിസിസി നേതൃത്വവുമായി യാതൊരുവിധ ആലോചനയ്ക്കും നിൽക്കാതെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് ഔദ്യോഗിക വെബ് സൈറ്റിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ദേശീയ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും.

ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പൊതു പ്രശ്നങ്ങളോടു പ്രതികരിക്കാത്ത നിർജ്ജീവ വസ്തുവായി സംസ്ഥാന യൂത്ത് കോൺഗ്രസിനെ നേതൃത്വം മാറ്റിയിരിക്കുന്നു എന്ന പരാതി കെപിസിസിക്കു മുമ്പിൽ കുന്നുകൂടുകയാണ്. നേർച്ച കഴിക്കുന്നതു പോലെ സെക്രട്ടേറിയറ്റിനു മുമ്പിൽ വല്ലപ്പോഴുമൊരു സമരം നടത്തുന്നതല്ലാതെ സംഘടന ചലിക്കുന്നില്ല. യുവാക്കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നില്ല. വൃദ്ധ നേതൃത്വമാണ് സംഘടനയുടേത്, ഇങ്ങനെ പോകുന്നു പരാതികൾ.

ഇതിനിടെ, കെപിസിസി പുനഃസംഘടനയും ഒരു കടവിലുമടുക്കാതെ നീളുകയാണ്. ജൂലൈ 31-നകം എന്ന് എന്നൊരു അവസാന വാക്ക് നേരത്തേ പറഞ്ഞ് നേതൃത്വം അപഹാസ്യരായതാണ്. ജംബോക്കമ്മിറ്റിയിലും ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശത്തിലും തട്ടിയാണ് പുന: സംഘടന പാളുന്നത്. ഒരാൾക്ക് ഒരു പദവി എന്ന ആശയത്തിനെതിരെ വാളിളക്കുന്നത് ഐ ഗ്രൂപ്പാണ്. വർക്കിംഗ് പ്രസിഡന്റുമാരായാലും വൈസ് പ്രസിഡന്റുമാരായാലും എട്ടു പേർ, ജന. സെക്രട്ടറിമാർ 28,സെക്രട്ടറിമാർ 46,നിർവാഹക സമിതി അംഗങ്ങൾ 120- എന്നിങ്ങനെ ഒരു ലിസ്റ്റിന് അന്തിമരൂപം നൽകിയിട്ടുണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. ഇതിൽ ഏതൊക്കെ സ്ഥാനങ്ങൾ ഏതേതു ഗ്രൂപ്പിന് എന്നീക്കാര്യങ്ങൾക്ക് ഡൽഹിയിലെ അവസാനവട്ട ചർച്ചകളിലൂടെ പരിഹാരമാകും എന്നാണ് അവകാശവാദം. ഇത്തരം കാര്യങ്ങളിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകൾക്കു മാതൃകയാകേണ്ട മാതൃസംഘടനയിലെ വീതംവയ്പിന് ഡൽഹി വരെ പോകേണ്ടി വരുന്ന ഗതികേടും അണികളിൽ ചർച്ചയാണ്.