പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

Web Desk
Posted on April 26, 2019, 8:56 pm

തൊടുപുഴ: കാഞ്ഞാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ചെന്നൈ അണ്ണാ നഗര്‍ മനടി സ്വദേശി ഉബൈദ് റഹ്മാന്‍(15) ആണ് മരിച്ചത്.മുസ്ലിം പള്ളികളിൽ സന്ദർശനത്തിനെത്തിയ 15 അംഗ സംഘത്തിൽ ഉൾപെട്ടയാളാണ് ഉബൈദ് റഹ്മാൻ.

കാഞ്ഞാറിലെ പള്ളിയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഇവർ.ആറ് പേർ ചേർന്ന് കുളിക്കുവാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്.സമീപവാസികൾ അപകട സാധ്യത ഉണ്ടെന്നും വെള്ളത്തിൽ ഇറങ്ങരുത് എന്നും ഇവരോട് പറഞ്ഞിരുന്നു.ഇത് അവഗണിച്ചാണ് വെള്ളത്തിൽ ഇറങ്ങിയത്.സംഭവമറിഞ്ഞെത്തിയ കാഞ്ഞാർ പോലീസും അഗ്നി രക്ഷാസേനയും, സ്കൂബാ ടീമും നാട്ടുകാരും തെരച്ചിൽ നടത്തി.ഒരു മണിക്കൂറിനു ശേഷം അപകടം നടന്നതിന്റെ നൂറ് മീററർ താഴെ ഭാഗത്തു നിന്നും വെള്ളത്തിന്റെ അടിയിൽ ഉബൈദിനെ കണ്ടെത്തി.

ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. കാഞ്ഞാർ സിഐ ഷിന്റോ .പി .കുര്യൻ, എസ് ഐ ജോൺസബാസ്റ്റ്യൻ ‚മുലമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ ശശീന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. ബന്ധുക്കൾ എത്തിയതിനു ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകും.