അലിഗഡിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടയിൽ ബിജെപി പ്രവർത്തകരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ഇതേതുടർന്ന് പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ഫെബ്രുവരി 23ന് വെടിയേറ്റ താരിഖ് മുനവ്വർ (22) ആണ് വെള്ളിയാഴ്ച മരിച്ചത്. സംഭവത്തിൽ ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ മുൻ നേതാവ് വിനയ് വർഷ്നിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കരളിലൂടെ വെടിയുണ്ട തുളച്ചുകയറിയ താരിഖ് മാർച്ച് 10 മുതൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയത്. സുഷുമ്നാ നാഡിക്ക് പരിക്കേറ്റതിനെ തുടർന്ന് അരയ്ക്കു താഴെ തളർന്ന നിലയിലായിരുന്നുവെന്നും ജവഹർ ലാൽ നെഹ്റു ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഹാരിസ് ഖാൻ പറഞ്ഞു. മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
മരണ വിവരമറിഞ്ഞതോടെ താരിഖിന് വെടിയേറ്റ ബാബ്രി മണ്ഡിയിൽ കടകളടച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൊലപാതകത്തിൽ അറസ്റ്റിലായ വിനയ് വർഷ്നിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കൂടി ഉടൻ പിടികൂടണമെന്ന് താരിഖിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
English Summary; youth injured in anti-CAA protest dies
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.