കൊച്ചി: പാലാരിവട്ടത്ത് ബൈക്ക് കുഴിയിൽ വീണ് ലോറിയിടിച്ച് മരിച്ച യദുലാലിന്റെ മാതാപിതാക്കളോടു മാപ്പുചോദിച്ച് ഹൈക്കോടതി. ജീവനു സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ടിട്ടും പരാജയപ്പെട്ടു പോയ സംവിധാനങ്ങൾക്കുവേണ്ടി മാതാപിതാക്കളോട് മാപ്പുചോദിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡിലെ കുഴികളടയ്ക്കാൻ നിരന്തരം ഉത്തരവുകളിട്ടിട്ടും 23 കാരൻ മരണപ്പെട്ടത് ദുഃഖകരമായ അവസ്ഥയാണ്. സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ കോടതികൾ ഉത്തരവിടുന്നതിനും ആശങ്കപ്പെടുന്നതിനും എന്താണ് അർഥം. എന്റെ കുട്ടികളേക്കാൾ പ്രായം കുറവാണ് മരിച്ച യുവാവിന്. അധികൃതരുടെ അലംഭാവം കൊണ്ട് ഇത്തരം ഒരു ദുരന്തമുണ്ടായതിൽ നാണിച്ച് തലതാഴ്ത്തുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജി 11 വർഷമായി നിലവിലുണ്ട്.
പല ജഡ്ജിമാരും ഇതു പരിഗണിച്ചിരുന്നു. ഈ കോടതി ഇത് പരിഗണിച്ച് തീർപ്പാക്കും. റോഡിലെ കുഴിയിൽ പൊലിഞ്ഞ അവസാന ജീവനെന്ന നിലയിലാണ് കഴിഞ്ഞ ഉത്തരവ് എഴുതിയതെങ്കിലും വീണ്ടും ആവർത്തിച്ചിരിക്കുന്നു. ഈ സംഭവം മറക്കാനാവില്ല. ഇനി ഒരു മരണം കൂടി വേണ്ട. പാലാരിവട്ടത്ത് എട്ടു മാസമായി ആ കുഴിയുണ്ട്. റോഡുകളെക്കുറിച്ചുള്ള ഹർജിയിൽ കൊച്ചി നഗരത്തിലെ കുഴികളെക്കുറിച്ച് എണ്ണിയെണ്ണി ചോദിച്ചിട്ടും ഒരു യുവാവിന്റെ ജീവനെടുക്കുംവരെ ഈ കുഴിയെക്കുറിച്ച് ആരും പറഞ്ഞില്ല. ഓരോ റോഡിനും ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ പറഞ്ഞിരുന്നു.
ആർക്കാണ് ഈ റോഡിന്റെ ഉത്തരവാദിത്വമെന്ന് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലെ റോഡുകളൊന്നും സുരക്ഷിതമല്ല. ലോകത്തെവിടെയെങ്കിലും ഇത്തരം റോഡുകൾ ഉണ്ടെന്ന് തോന്നുന്നില്ല. ഇത് കോടതിക്ക് നാണക്കേടുണ്ടാക്കുന്നു. റോഡിന്റെ ചുമതലയുള്ളവർ എസി മുറികളിലിരിക്കാതെ റോഡിലിറങ്ങി എന്താണ് നടക്കുന്നതെന്ന് മനസിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.