സഹോദരന്റെ മുന്‍ കാമുകിയെ യുവാവ് കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു

Web Desk
Posted on November 05, 2019, 11:29 am

റായ്പൂര്‍: സഹോദരന്റെ മുന്‍ കാമുകിയെ യുവാവ് കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ചാമ്പ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. സുനിത ഖുഷ്വാ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ധിപാര സ്വദേശിയായ അന്‍വര്‍ ഖാനാണ് സുനിതയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപാതകം നടത്തിയത്.

ഞായറാഴ്ച രാത്രിയാണ് അന്‍വറിന്റെ സഹോദരനായ സമീറിനെ കാണാന്‍ സുനിത എത്തിയത്. ബിലാസ്പുരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സമീറും സുനിതയും അടുപ്പത്തിലാകുന്നത്. എന്നാല്‍, ഏറെ വൈകാതെ ബിലാസ്പുരിലെ ജോലി മതിയാക്കി സമീര്‍ തിരികെ നാട്ടിലെത്തി.

മറ്റൊരാളെ സമീര്‍ വിവാഹം ചെയ്തെങ്കിലും സമീര്‍ തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി സുനിത നിരന്തരം എത്തിയിരുന്നു. ഇതിനായി ഞായറാഴ്ച സുനിത സമീറിന്റെ വീട്ടിലെത്തി. എന്നാല്‍, അന്‍വറുമായി സുനിത വാക്കുത്തര്‍ക്കത്തിലാകുകയും ഇതിനൊടുവില്‍ അന്‍വര്‍ കല്ല് കൊണ്ട് സുനിതയുടെ തലയ്ക്കടിക്കുകയും ആയിരുന്നു. ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് നവ്ഗര്‍ഹ് സ്റ്റേഷനില്‍ വന്ന് അനവര്‍ കീഴടങ്ങുന്നതെന്നും പൊലീസ് പറഞ്ഞു.