Web Desk

കോഴിക്കോട്

February 23, 2021, 11:00 pm

കത്വ, ഉന്നാവോ ഫണ്ട് തട്ടിപ്പ്; യൂത്ത് ലീഗിന് 70 ലക്ഷം ലഭിച്ചുവെന്ന് വെളിപ്പെടുത്തൽ

Janayugom Online

കത്വ, ഉന്നാവോ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗിന് ബാങ്ക് വഴി 69,51,155 രൂപ ലഭിച്ചുവെന്ന് വെളിപ്പെടുത്തൽ. 39,33,697 രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന സംഘടനാ മുൻ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ അവകാശവാദത്തെ പൂർണമായും തള്ളുന്നതാണ് പുതിയ കണക്ക്. ബേങ്ക് സ്റ്റേറ്റിനെ ആസ്പദമാക്കി ഐ എൻ എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ കെ അബ്ദുൽ അസീസാണ് കണക്കുകൾ പുറത്തുകൊണ്ടുവന്നത്. ഫണ്ട് ശേഖരണം നടന്ന വെള്ളിയാഴ്ച പിരിച്ച രണ്ട് കോടിയോളം രൂപ ബാങ്ക് അക്കൗണ്ടിലെത്തിയിട്ടില്ലെന്നും അബ്ദുൽ അസീസ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ബാങ്ക് സ്റ്റേറ്റ്മെന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ വെളിപ്പെടുത്തൽ.

മുസ്ലിം യൂത്ത് ലീഗിന്റെ കേരളത്തിലെ എണ്ണായിരത്തോളം യൂനിറ്റുകളിൽ നിന്ന് ചുരുങ്ങിയത് 2500 രൂപ പിരിച്ചെടുത്താൽ അത് മാത്രം രണ്ട് കോടി രൂപ വരുമെന്നിരിക്കെ ഈ തുക കണക്കിൽ വന്നിട്ടില്ലെന്നാണ് എൻ കെ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടുന്നത്. പ്രവാസി സംഘടനയായ കെ എം സി സി ഉൾപ്പെടെ ഗൾഫിൽ നടത്തിയ പണപ്പിരിവ് ഇതിന് പുറമെ വരും. അക്കൗണ്ടിൽ വരാതെ തന്നെ ഈ തുക വക മാറ്റി ചെലവഴിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ രാജിയിലൂടെ മുഖം രക്ഷിക്കാനുള്ള വിഫല ശ്രമമാണ് മുസ്ലിം ലീഗും യൂത്ത് ലീഗും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എൻ കെ അബ്ദുൽ അസീസ് പറഞ്ഞു.

ഇതിലൂടെ ഫണ്ട് തട്ടിപ്പിന്റെ യഥാർഥ പ്രതികളായ പി കെ ഫിറോസിനും മറ്റ് ഭാരവാഹികൾക്കും രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കത്വയിലെ ഇരകളെ സഹായിക്കാൻ സ്വരൂപിച്ച ഫണ്ടിൽ നിന്നാണ് രോഹിത് വെമുലയുടെ മാതാവിന് 15 ലക്ഷം രൂപ കൊടുത്തത്. ഇത് വക മാറ്റിയെന്നതിന് തെളിവാണ്. അതേസമയം യൂത്ത് ലീഗ് പ്രത്യേകമായി തുടങ്ങിയ അക്കൗണ്ടിൽ നിന്ന് കത്വ ഇരയുടെ പിതാവിന് ഒരു രൂപയുടെ ധനസഹായം പോലും നൽകിയിട്ടില്ല. കത്വ ഇരയുടെ പിതാവിന്റേ പേരിൽ പണം പിൻവലിച്ചിട്ടില്ല. എന്നാൽ ബന്ധുവിന്റെ പേരിൽ മൂന്ന് തവണ 50, 000 രൂപ പിൻവലിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ഇരയുടെ പിതാവിന് നൽകിയെന്ന് അവകാശപ്പെട്ട യൂത്ത് ലീഗ് നേതാക്കൾ ബാക്കി തുക എങ്ങനെ നൽകിയെന്ന് വ്യക്തമല്ല.

കത്വ കേസ് കോ-ഓർഡിനേഷനായി സഹായിച്ചുവെന്ന് യൂത്ത് ലീഗ് നേതൃത്വം പറയുന്ന അഡ്വ. മുബീൻ ഫാറൂഖിക്ക് വിവിധ സമയങ്ങളിലായി 6,35,000 രൂപ നൽകിയിട്ടുണ്ട്. നിയമസഹായത്തിനായി നൽകിയെന്ന് പറയുന്ന 15 ലക്ഷത്തിൽ ബാക്കി തുക എവിടെയെന്ന് വ്യക്തമല്ലെന്ന് എൻ കെ അബ്ദുൽ അസീസ് പറഞ്ഞു. മുസ്ലിം ലീഗിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് 50, 000 രൂപ നൽകിയിട്ടുണ്ട്. ഒരു ട്രാവൽസിന് 46,000 രൂപയും മനോജ് എന്നയാൾക്ക് 50, 000 രൂപയും കത്വ ഫണ്ടിൽ നിന്ന് നൽകി. ആഷാ സിംഗ് എന്ന സ്ത്രീക്ക് 25,000 രൂപ വീതം രണ്ട് തവണയായി 50, 000 രൂപ നൽകി. യൂത്ത് ലീഗിന്റെ ദേശീയ ഭാരവാഹികളായ മുഹമ്മദ് ആസിഫ് അൻസാരി, അത്തീഖ് സേട്ട് തുടങ്ങിയവർ അക്കൗണ്ടിൽ നിന്ന് വലിയ തുക പിൻവലിച്ചു. ബാങ്ക് ഇടപാടുകൾ പ്രകാരം 221 ഡെപ്പോസിറ്റും 50 വിത്ഡ്രോവലും നടന്നതായാണ് വ്യക്തമാകുന്നത്. ഈ മാസം നാലിന് നടത്തിയ വാർത്താസമ്മേളനത്തിൽ അക്കൗണ്ടിൽ 14,73,697 രൂപ ബാക്കിയുണ്ടെന്ന് യൂത്ത് ലീഗ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇത് തെറ്റാണെന്നും ഫണ്ട് വിവാദം ഉയർന്നതിന് ശേഷമാണ് 5,90, 152 രൂപ മാത്രമുണ്ടായിരുന്ന അക്കൗണ്ടിലേക്ക് 14,73,697 രൂപ തികക്കാൻ ബാക്കി തുക നിക്ഷേപിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വൻ ഫണ്ട് തിരിമറി നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സുബൈറിന്റെ രാജി കൊണ്ട് പള്ളികളുൾപ്പെടെ കേന്ദ്രീകരിച്ച് പിരിച്ച കോടികളുടെ കണക്ക് പറയാതെ നിശ്ശബ്ദരാകാം എന്ന ലീഗ് ധാരണ മൗഢ്യമാണെന്നും അബ്ദുൽ അസീസ് പറഞ്ഞു. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉൾപ്പെടെ തുക വകമാറ്റി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ യൂത്ത് ലീഗ് സംസ്ഥാന ദേശീയ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Eng­lish sum­ma­ry:  youth-league-got-70-lakhs
You may also like this video: