ടിപ്പര്‍ ലോറി ഇടിച്ച്‌  യുവാവ് മരിച്ചു,  അപകടം  കണ്ട സഹോദരന്‍  കുഴഞ്ഞു വീണ് മരിച്ചു

Web Desk
Posted on June 19, 2019, 5:07 pm

മലപ്പുറം : ടിപ്പര്‍ ലോറി ഇടിച്ച്‌  യുവാവ് മരിച്ചു.  അപകടം  കണ്ട സഹോദരന്‍  കുഴഞ്ഞു വീണ് മരിച്ചു. എടരിക്കോട് ക്ലാരി മൂച്ചിയില്‍  പരുത്തിക്കുന്നില്‍ മജീദ്, സഹോ​ദ​രന്‍ മുസ്തഫ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് 45കാരനായ മജീദിനെ പാറകയറ്റി വന്ന ടിപ്പര്‍ ലോറി ഇടിച്ചത്. ടിപ്പറിനടിയില്‍ മജീദ് കുടുങ്ങിപ്പോയി. തുടര്‍ന്ന്, സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ടിപ്പര്‍ നിന്നത്.

സമീപത്ത് കട നടത്തുന്ന സഹോദരന്‍ മുസ്തഫ വിവരമറിഞ്ഞ് ഓടിയെത്തി.  അപകടം കണ്ടതോടെ 48 കാരനായ മുസ്തഫ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

വളരെ വീതി കുറഞ്ഞ ഈ റോഡിലൂടെ ടിപ്പറുകള്‍  അപകടഭീഷണി ഉയര്‍ത്തി പായുന്നത് പതിവാണ് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ഈ സ്ഥലത്ത് നേരത്തെയും പല അപകടങ്ങളും നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി.