കേരളത്തില്‍ 41 തേങ്ങയുടെ വില തീരെ ചെറുതല്ല: യുവാവിന് കിട്ടിയത് ഒരു വര്‍ഷം തടവ്

Web Desk
Posted on January 17, 2019, 12:04 pm

കാഞ്ഞങ്ങാട് : തേങ്ങ മോഷ്ടിച്ചയുവാവ് ജാമ്യത്തിനാളില്ലാതെ എട്ടുമാസമായി ജയിലില്‍, മോഷണ കുറ്റത്തിന് ഇപ്പോള്‍ ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു.

ബളാല്‍ അത്തിക്കടവിലെ സുനിലിനെ (31)യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്.

2018 മെയ് 13 ന് അത്തിക്കടവിലെ ജോസ് ജെ പാറയലിന്റെ പറമ്ബില്‍ നിന്നും ചാക്കില്‍ കെട്ടിയ പൊതിച്ച 41 തേങ്ങകളും പാരയും മോഷ്ടിച്ച്‌ പോവുകയായിരുന്ന സുനിലിനെ ജോസ് കൈയ്യോടെ പിടികൂടി.

തുടര്‍ന്ന് സുനിലിനെ വെള്ളരിക്കുണ്ട് പോലീസിലേല്‍പ്പിച്ചു. കുറ്റം സമ്മതിച്ച്‌ കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു. എട്ടുമാസമായി സുനില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ കഴിയുകയായിരുന്നു.