Janayugom Online
kkd- KANAM AISF BOOK

യുവതലമുറ പ്രതിസന്ധികളെ പുതിയ അവസരങ്ങളാക്കി മാറ്റണം: കാനം

Web Desk
Posted on September 08, 2018, 10:29 pm

കോഴിക്കോട്: തിരിച്ചടികളെ ഭയപ്പെട്ട് നില്‍ക്കാതെയും പ്രതിസന്ധികളില്‍ തളരാതെയും അതിനെ പുതിയ അവസരങ്ങളാക്കി മാറ്റുകയാണ് യുവതലമുറ ചെയ്യേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രളയ ദുരന്തമുണ്ടായപ്പോള്‍ പകച്ചു നില്‍ക്കാതെ പ്രവര്‍ത്തന രംഗത്തിറങ്ങിയ യുവജന‑വിദ്യാര്‍ഥികളുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. നവകേരളത്തിന്റെ നിര്‍മ്മിതിയിലും യുവജങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കുവാനുണ്ട്. പരിസ്ഥിതിക്ക് യോജിക്കുന്ന രീതിയിലാവണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മാത്രമെ ഇനി രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് എല്ലാവരും തിരിച്ചറിയണം. ഇടതുപക്ഷ വീക്ഷണങ്ങള്‍ തന്നെയാണ് ലോകത്താകമാനം പരിസ്ഥിതിയെ സംരക്ഷിക്കുന്ന രാഷ്ട്രീയ വീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രളയം മുടക്കിയ പഠനത്തെ തിരിച്ചുപിടിക്കാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി എഐഎസ്എഫ് സംഘടിപ്പിച്ച നോട്ടുപുസ്തകശേഖരണത്തിന്റെ ഭാഗമായി ജില്ലയില്‍ ശേഖരിച്ച പുസ്തകങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ ജില്ലകളില്‍ നിന്ന് ശേഖരിക്കുന്ന പുസ്തക-പഠനോപകരണങ്ങള്‍ വയനാട് ജില്ലയിലെ ദുരിതബാധിതര്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന് ചടങ്ങില്‍ സംസാരിച്ച എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു. എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ദര്‍ശിത്ത് സ്വാഗതവും പ്രസിഡന്റ് കെ കെ ഭരത് രാജ് നന്ദിയും പറഞ്ഞു.