6 December 2024, Friday
KSFE Galaxy Chits Banner 2

കൗമാര കായിക കാർണിവൽ

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
November 4, 2024 4:30 am

ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പിക്സിനോളം ചരിത്രവും പാരമ്പര്യവും ബഹുസ്വരകാഴ്ചപ്പാടും അവകാശപ്പെടാൻ കെല്പുള്ള മറ്റൊരു കായികമേളയുമില്ലായെന്ന് അസന്ദിഗ്ധമായി പറയാം. സാംസ്കാരികവും രാഷ്ട്രീയവും ദേശീയവുമായ വിഭജനങ്ങളെ മറികടക്കാൻ സാധിക്കുന്ന ശക്തവും ഫലപ്രദവുമായ ഉപാധിയായി സ്പോർട്സിനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയിൽ നിന്നാണ് ഇത് രൂപപ്പെട്ടത്. ഒളിമ്പിക്സ് മുന്നോട്ടുവയ്ക്കുന്ന ഉദാത്തമായ ആശയങ്ങളെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിലേക്കും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വർഷത്തെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. 

കൗമാര കായികതാരങ്ങളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായിക സംഗമവേദികളിലൊന്നാണിത്. കേരളപ്പിറവി മുതൽ ആരംഭിച്ച ഈ മഹത്തായ സംരംഭം ഓരോ അക്കാദമിക വർഷവും വളരെ കൃത്യതയോടെയാണ് നടക്കുന്നത്. മുൻവർഷം വരെ വ്യത്യസ്ത കാലയളവുകളിൽ ഇതര മത്സര വേദികളിൽ നടന്നിരുന്ന മേള ഒരേ കാലയളവിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജില്ല കേന്ദ്രീകരിച്ച് നടത്തുന്നു എന്നതാണ് ഈ വർഷത്തെ പ്രധാന പ്രത്യേകത. ഓരോ വർഷവും സംസ്ഥാനത്തൊട്ടാകെ അഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികൾ കായികമേളയുടെ ഭാഗമാകുന്നുണ്ട്. 2016ൽ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് കായികമേളയെ ‘കായികോത്സവം’ എന്ന നിലയിലേക്ക് പരിവർത്തനപ്പെടുത്തിയത്. ഇത്തവണ മുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയിൽ ഒരു ജില്ല കേന്ദ്രീകരിച്ച് ‘കേരള സ്കൂൾ കായികമേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഒളിമ്പിക്സ് മാതൃകയിൽ കായികമേള സംഘടിപ്പിക്കുന്നത്.
പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഇൻക്ലൂസീവ് സ്പോർട്സും മേളയുടെ ഭാഗമാണ്. ഭിന്നശേഷിക്കാരുൾപ്പെടെ കാൽലക്ഷത്തോളം കൗമാര താരങ്ങളാണ് നവംബർ നാല് മുതൽ 11 വരെ നീണ്ടുനിൽക്കുന്ന വാശിയേറിയ പോരാട്ടത്തിൽ അണിനിരക്കുന്നത്. ചരിത്രത്തിൽ ആദ്യമായി കേരള സിലബസ് പഠിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ ആറു വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾകൂടി ഈ പോരാട്ടത്തിന്റെ ഭാഗമാകുന്നു. അത്‌ലറ്റിക്സ് നടക്കുന്ന മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ ദേശീയ നിലവാരമുള്ള 17 വേദികളാണ് മത്സരസജ്ജമാക്കിയിട്ടുള്ളത്. 

ചാമ്പ്യൻപട്ടം കരസ്ഥമാക്കുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുന്നു. ഒളിമ്പിക്സ് മാതൃകയില്‍ സ്ഥിരം ലോഗോ, ഭാഗ്യചിഹ്നം, പ്രൊമോ വീഡിയോ, ബ്രാന്‍ഡ് അംബാസിഡർ തുടങ്ങിയവ കായികമേളയുടെ പ്രത്യേകതയാണ്. കേരളത്തിന്റെ മഹത്തായ കായിക സംസ്കാരം, അടിസ്ഥാന സൗകര്യ വികസനം, പ്രതിഭാ വികസനം, സാമൂഹിക ഇടപെടൽ എന്നിവയ്ക്ക് വിശാലമായ മാനം നൽകുന്നതിന് നൂതനമായ ഈ സമീപനരീതി വഴിത്തിരിവാകും. കായികമേളയുടെ പ്രധാന ഉദ്ഘാടന വേദി മഹാരാജാസ് കോളജ് സ്റ്റേഡിയമാണ്. പകൽ സമയത്തെ അതികഠിനമായ ചൂടുകാരണം മത്സരങ്ങൾ രാവിലെയും രാത്രിയുമായി ഫ്ലഡ്‌ലൈറ്റിലാണ് സംഘടിപ്പിക്കുന്നത്. പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ഇതിഹാസതാരം ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ആണ് ബ്രാൻഡ് അംബാസിഡർ. 

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള കായികോത്സവമാന്വൽ പ്രകാരമാണ് മത്സരങ്ങളുടെ സംഘാടനം ക്രമീകരിച്ചിട്ടുള്ളത്. എല്ലാ വേദികളിലും ഡിജിറ്റൽ ബോർഡുകളും പ്രത്യേക വീഡിയോ സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. ലോകത്ത് എവിടെയുമുള്ള കായിക പ്രേമികൾക്ക് മത്സരങ്ങൾ വീക്ഷിക്കുന്നതിനുവേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. നിർമ്മിതബുദ്ധിയുടെ അനന്തസാധ്യതകൾ വിധിനിർണയത്തിനും മത്സരഫലങ്ങളുടെ കൃത്യതയ്ക്കുംവേണ്ടി ഉറപ്പാക്കിയിട്ടുണ്ട്. കായികമേളയുടെ പ്രചരണാർത്ഥം ദീപശിഖയുടെ പ്രയാണം കാസർകോട് നിന്നും, സ്വർണക്കപ്പ് തിരുവനന്തപുരത്തുനിന്നും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊച്ചിയിലെ കായിക സംഗമ വേദിയിൽ എത്തിച്ചേർന്നു.
ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായികമേളകളിൽ കായിക താരങ്ങൾക്കും കാണികൾക്കും സംഘാടകർക്കും ഊർജസ്വലമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനാണ് ഭാഗ്യചിഹ്നങ്ങളെ പൊതുവായി ഉപയോഗപ്പെടുത്തുന്നത്. സൗഹൃദം, സ്ഥിരോത്സാഹം, ബഹുമാനം, സമാധാനം, ഐക്യം, പ്രത്യാശ തുടങ്ങിയ സർവലൗകിക വിഷയങ്ങളും ഇതിന്റെ അവതരണത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. 1972ൽ ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിൽ ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച ആദ്യ ഔദ്യോഗിക ഭാഗ്യചിഹ്നമായ വാൽഡി അവതരിപ്പിക്കപ്പെട്ടു. 

പ്രഥമ കേരള സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നമായി ‘തക്കുടു’ എന്ന അണ്ണാറക്കണ്ണനെയാണ് കേരള സർക്കാർ അവതരിപ്പിക്കുന്നത്. സ്കൂൾമേളയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഭാഗ്യചിഹ്നം രൂപപ്പെടുത്തിയിട്ടുള്ളത്. സമാധാനത്തിന്റെയും ഐശ്വര്യത്തെയും പ്രതീകമായ അണ്ണാൻ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു ജീവിയാണ്. കാണാൻ മനോഹരവും വാത്സല്യം തോന്നുന്നതുമായ ഇത് വളരെ സജീവവും ചടുലവുമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. ഓർമ്മ, പ്രശ്നപരിഹരണശേഷി തുടങ്ങിയ ഗുണങ്ങൾ ഏറെയുള്ളതും കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതുമായ ജീവി എന്ന നിലയിൽ തക്കുടുവിനെ കേരളം ഹൃദയത്തോട് ചേർത്തുപിടിച്ചു കഴിഞ്ഞു. 

പ്രാദേശിക തലം മുതൽ അന്തർദേശീയതലം വരെയുള്ള വ്യത്യസ്ത തരം കായിക മത്സരങ്ങളിൽ വിവിധ സവിശേഷതകളോടുകൂടിയ ലോഗോകൾ അവതരിപ്പിക്കാറുണ്ട്. ഒളിമ്പിക് റിങ് എന്നറിയപ്പെടുന്ന വ്യത്യസ്ത നിറങ്ങളിലുള്ള അഞ്ച് വളയങ്ങളാണ് ഒളിമ്പിക്സിന്റെ ലോഗോ. ലോകത്തിലെ അഞ്ച് പ്രധാന ഭൂഖണ്ഡങ്ങളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ അത്ഭുതങ്ങളുടെ സവിശേഷമായ സമ്മിശ്രണത്തിന് പേരുകേട്ട സംസ്ഥാനമായ കേരളത്തിന്റെ കായിക കരുത്ത് വർധിപ്പിക്കുന്നതിൽ സവിശേഷമായ പങ്കുവഹിച്ചിട്ടുള്ള സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥമാണ് പുതിയ ലോഗോ തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് നിലനിൽക്കുന്ന ജല കായിക മത്സരയിനങ്ങൾ, അത്‌ലറ്റിക്സ്, ഗെയിംസ്, ഇൻക്ലൂസീവ് സ്പോർട്സ് തുടങ്ങിയവയെല്ലാം പ്രതിനിധാനം ചെയ്യുന്ന നിലയിലാണ് ലോഗോ.

ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ഒലിവ് ഇലകൊണ്ട് നിർമ്മിച്ച കിരീടമണിയിക്കുന്ന പാരമ്പര്യം ഗ്രീസിലെ ഒളിമ്പ്യയിൽ ബിസി 776ല്‍ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിലാണ് ആരംഭിച്ചത്. ഗ്രീക്ക് ജനത ഈ സാമ്പ്രദായികരീതിയെ പരമോന്നത ബഹുമതിയായിട്ടാണ് പ്രതീകപ്പെടുത്തുന്നത്. സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയികളാകുന്ന താരങ്ങൾക്ക് ഒളിമ്പിക്സ് സമ്മാനവിതരണ രീതിയിൽ വിക്ടറി സെറിമണി സമയത്ത് കിരീടധാരണം കൂടി ഉണ്ടാകും. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വർക്ക് എജ്യുക്കേഷൻ പ്രൊഡക്ഷൻ യൂണിറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്സും ചേർന്നാണ് കിരീടത്തിന്റെ മാതൃക രൂപകല്പന ചെയ്തത്. ഒന്നാം സ്ഥാനക്കാർക്ക് മെറൂൺ കിരീടവും രണ്ട് മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം നീല, ഓറഞ്ച് കിരീടവുമാണ് നൽകുന്നത്.
പ്രഥമ കേരള സ്കൂൾ കായികമേളയുടെ ഭാഗമായി ഇൻക്ലൂസീവ് സ്പോർട്സും ഉൾപ്പെടുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് അവരുടെ പരിമിതിയുടെ തലത്തിൽ നിന്നുകൊണ്ടുതന്നെ കായികമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നുണ്ട്. ഇത് സാധ്യമാക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ സവിശേഷപരിഗണന ആവശ്യമുള്ള കുട്ടികൾക്കും കായികപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ അവസരം ലഭ്യമാക്കുക എന്നുള്ള ഉദ്ദേശ്യത്തോടുകൂടി ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി കേരളമാണ് ഇത്തരം കുട്ടികൾക്കുവേണ്ടി പ്രത്യേക മാന്വൽ തയ്യാറാക്കി നടപ്പിലാക്കിയിരിക്കുന്നത്. സ്കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സിൽ 14 ജില്ലകളുടെ പ്രതിനിധികളായി 1700 ഓളം കായികതാരങ്ങൾ പങ്കെടുക്കും. സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് സുരക്ഷിതമായി പങ്കെടുക്കാൻ കഴിയുന്നരീതിയിൽ ഓരോ കായികവേദികളും ഭിന്നശേഷി സൗഹൃദമായനിലയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. സവിശേഷ പരിമിതരായ കുട്ടികൾക്ക് മത്സരശേഷം കൊച്ചിയുടെ നഗരക്കാഴ്ചകൾ കാണാനും അനുഭവിച്ചറിയാനുമുള്ള അവസരംകൂടി സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക മെമെന്റോ വിതരണം ചെയ്യും. 

ഇന്ത്യയുടെ കായിക പുരോഗതിക്ക് സഹായകമാകുന്ന നിലയിൽ സ്കൂൾതലത്തിൽ നിന്നും കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച് രാജ്യാന്തര നിലവാരമുള്ള കായികതാരങ്ങളായി വളർത്തിയെടുക്കുക എന്നതാണ് സ്പോർട്സ് സ്കൂളുകളിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇതിനു സഹായകമായ ഭൗതിക സൗകര്യങ്ങളും പഠനാനുഭവങ്ങളും പിന്തുണാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. സ്പോർട്സിൽ കഴിവും താല്പര്യവും ശേഷികളും വളർത്തുന്നതിനോടൊപ്പം അക്കാദമിക വളർച്ചയ്ക്ക് ആവശ്യമായ അവസരങ്ങളും നൽകും. കായിക മികവ് പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധയും സമയവും ആവശ്യമായതിനാൽ അക്കാദമിക വിഷയങ്ങൾ ലഭ്യമായ സമയത്തിന് അനുപാതികമായി ക്രമീകരിക്കണം. ഇതിനായി എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ കേരള സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ആദ്യഘട്ടമായ സമീപന രേഖ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രകാശനം ചെയ്തിട്ടുണ്ട്.
കായികമേളയുടെ ഭാഗമായി എറണാകുളത്ത് എത്തിച്ചേരുന്ന താരങ്ങൾക്കും ടീം ഒഫിഷ്യൽസിനും പൊതുജനങ്ങൾക്കും കാണുവാനായി കൊച്ചി കാർണിവലിന്റെ പുനരാവിഷ്കാരം ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. കൊച്ചിയുടെ തനതായ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും 4,000 കുട്ടികൾ പങ്കെടുക്കുന്ന മെഗാ ഡിസ്‌പ്ലേയും സമാപന സമ്മേളനത്തിൽ 2,000 വനിതകളെ അണിനിരത്തിയുള്ള മെഗാ തിരുവാതിരയും ഉണ്ടാകും. 12 പ്രധാന കേന്ദ്രങ്ങളിലാണ് താരങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. ഓരോ കേന്ദ്രത്തിനും കൊച്ചിയുടെ തനതായ രീതിയിലുള്ള പേരുകളും നൽകിയിട്ടുണ്ട്. 

ഭാഗ്യചിഹ്നമായ തക്കുടുവിനെ എറണാകുളം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ജനപങ്കാളിത്തത്തോടെ പരിചയപ്പെടുത്തുന്ന പരിപാടിയിലൂടെ കായികമേളയുടെ പ്രചരണവും വിപുലമാക്കുന്നു. എല്ലാ മത്സര വേദികളിലും വോളണ്ടിയേഴ്സിനെയും കായികതാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ലഹരിക്കെതിരായ പ്രതിജ്ഞ സംഘടിപ്പിക്കും. നേത്രദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹമാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ‘ഒരു ലക്ഷം ഒരു ലക്ഷ്യം’ എന്ന നേത്രദാന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളുടെയും രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിനുവേണ്ടി പ്രത്യേക മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട 52 വിദ്യാലയങ്ങളിലാണ് താമസസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. താമസസ്ഥലം, മത്സരവേദി, ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുവേണ്ടി കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തിന്റെ കായിക മികവിന്റെ പ്രകാശഗോപുരമായി എന്നും നിലകൊള്ളുന്ന മഹദ്സംരംഭമാണ് കേരള സ്കൂൾ കായികമേള. മേളയിൽനിന്നും വളര്‍ന്ന നിരവധി ദേശീയ, അന്തർദേശീയ താരങ്ങൾ രാജ്യത്തിന്റെ അഭിമാന താരങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ മേളയുടെ വിജയത്തിനുവേണ്ടി കഴിഞ്ഞ കുറെ മാസങ്ങളായി നിരവധി ജീവനക്കാരുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനമാണ് നടന്നുവരുന്നത്. ആയിരക്കണക്കിന് താരങ്ങളുടെ കായിക ശക്തിയും സംസ്ഥാനത്തിന്റെ ഐക്യവും ഒത്തുചേരുന്ന സംഗമഭൂമിയായി കൊച്ചിയിലെ ഓരോ വേദിയും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.