Web Desk

തിരുവനന്തപുരം

February 22, 2020, 8:26 pm

പുതിയ കാലത്തേയ്ക്കുള്ള നാടകത്തിന്റെ തിരിച്ചുവരവിന് തുടക്കമായി: കടകംപള്ളി സുരേന്ദ്രന്‍

Janayugom Online

പുതിയ കാലത്തേയ്ക്കുള്ള മലയാള നാടകപ്രസ്ഥാനത്തിന്റെ തിരിച്ചുവരവിന് തുടക്കമായെന്ന് സഹകരണ‑ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച യൂത്ത് തിയറ്റര്‍ ഫെസ്റ്റിവെല്‍ ഓഫ് കേരളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ മലയാള നാടകവേദി നല്‍കിയ സംഭാവ നകള്‍ വിസ്മരിക്കാനാവാത്തതാണ്. എന്നാല്‍ ഇടക്കാലത്ത് നാടകത്തിന് നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നു. അതില്‍ നിന്നുള്ള തിരിച്ചു വരവിനൊരുങ്ങുന്ന ഈ കാലത്ത് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നാടകത്തിന് പുതുജീവന്‍ നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. പങ്കെടുത്ത ഭൂരിഭാഗം ടീമുകളും മികച്ച നിലവാരം പുലര്‍ത്തിയെന്ന വിധികര്‍ത്താക്കളുടെ അഭിപ്രായവും നാടക മേഖലയ്ക്ക് ഊര്‍ജം പകരുന്നതാണെന്നും മന്ത്രി. മികച്ച നാടകങ്ങള്‍ക്കുള്ള സമ്മാനവിതരണവും മന്ത്രി നടത്തി. ഫെസ്റ്റിവെല്‍ ഡയറക്റ്റര്‍ പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര നടന്‍ പ്രേം കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കലാപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. നാടകം ജനങ്ങളുമായി സംവദിക്കുന്ന കലയാണ്. നാടക കലാകാരന്മാര്‍ക്കൊപ്പം പ്രതിഭാധനന്മാരല്ല താന്‍ ഉള്‍പ്പെടുന്ന കച്ചവട സിനിമക്കാര്‍. എന്നാല്‍ ഇലക്ട്രോണിക്‌സ് മാധ്യമമത്തിന്റെ ശക്തികൊണ്ട് സിനിമാക്കാരാണ് എല്ലായിടത്തും ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്. സിനിമാ നടന്മാരുടെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തുന്ന യുുവാക്കളാണ് നാടകം പോലുള്ള ജനകീയ കലയിലേക്ക് ഇറങ്ങിവരേണ്ടവര്‍ എന്നും പ്രേംകുമാര്‍.

ചടങ്ങില്‍ യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു സ്വാഗതം ആശംസിച്ചു. നാടകോത്സവത്തിന്റെ വിധികര്‍ത്താക്കളായ ജയസൂര്യ, കലാധരന്‍, എന്‍.എസ്.താര, ഐ.ജി.മിനി എന്നിവരും യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം, ഫെസ്റ്റിവെല്‍ കോര്‍ഡിനേറ്റര്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍ സന്തോഷ് കാല, ജില്ലാ കോര്‍ഡിനേറ്റര്‍ എ.എം.അന്‍സാരി എന്നിവര്‍ സംസാരിച്ചു.
നാടക മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് തൃശൂരിന്റെ ലിബ്

സംസ്ഥാന യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിച്ച യൂത്ത് തിയറ്റര്‍ ഫെസ്റ്റിവെല്‍ ഓഫ് കേരളയില്‍ ഒന്നാം സമമ്മാനത്തിനര്‍ഹമായത് തൃശൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌ക്കാരിക വേദിയുടെ ലിബ് എന്ന നാടകത്തിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. വേറിട്ട അവതരണ ശൈലികൊണ്ട് മികച്ചു നിന്ന നാടകമാണ് ലിബ് എന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി. രണ്ടാം സ്ഥാനത്തിനുള്ള 75,000 രൂപയും പ്രശസ്തി പത്രവും ഫലകവും കരസ്ഥമാക്കിയത് മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയറ്റര്‍ അവതരിപ്പിച്ച കന്റോണിയന്‍സ് എന്ന നാടകമാണ്. മൂന്നാം സ്ഥാനം-50,000 രൂപയും ഫലകവും പ്രശസ്തിപത്രവും നേടിയത് തിരുവനന്തപുരം ആപ്റ്റ് പെര്‍ഫോമെന്‍സ് ഓഫ് ആന്റ് റിസര്‍ച്ചിന്റെ പെറ്റ്‌സ് ഓഫ് അനാര്‍ക്കി എന്ന നാടകമാണ്.

 

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച യൂത്ത് തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയറ്റര്‍ അവതരിപ്പിച്ച കെന്റോണിയന്‍സ് നാടകത്തിന്റെ പ്രവര്‍ത്തകര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു.യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു,നടന്‍ പ്രേംകുമാര്‍, ഫെസ്റ്റിവെല്‍ ഡയറക്റ്റര്‍ പ്രമോദ് പയ്യന്നൂര്‍, മെമ്പര്‍ സന്തോഷ് കാല എന്നിവര്‍ സമീപം.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച യൂത്ത് തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ആപ്റ്റ് പെര്‍ഫോമന്‍സ് ഓഫ് ആന്റ് റിസര്‍ച്ചിന്റെ നാടകം പെറ്റ്‌സ് ഓഫ് അനാര്‍ക്കി നാടകത്തിന്റെ പ്രവര്‍ത്തകര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു.യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു,നടന്‍ പ്രേംകുമാര്‍, ഫെസ്റ്റിവെല്‍ ഡയറക്റ്റര്‍ പ്രമോദ് പയ്യന്നൂര്‍, മെമ്പര്‍ സന്തോഷ് കാല, കലാധരന്‍ എന്നിവര്‍ സമീപം.
ENGLISH SUMMARY:Youth The­ater fes­ti­val ends
YOU MAY ALSO LIKE THIS VIDEO