ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ യുവാവ് ആരുമറിയാതെ കിടന്നത് മൂന്നുദിവസം.

Web Desk
Posted on July 06, 2019, 9:29 am

തിരുവനന്തപുരം: കിണറ്റിന്റെ ആള്‍മറയിലിരുന്ന് ഫോണ്‍ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് കിണറ്റില്‍ വീണ യുവാവ് ആരുമറിയാതെ കിടന്നത് മൂന്നുദിവസം. ജീവന്റെ അവസാന ഞരക്കങ്ങള്‍ കേട്ടെത്തിയ വഴിപ്പോക്കന്‍ രക്ഷകനായി.
ബുധനാഴ്ച വൈകീട്ട് കിണറ്റില്‍വീണ വെമ്പായത്ത് കൊഞ്ചിറവിള  നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപി(38)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പുറത്തെടുത്തത്.

മാതാവ് സരള അകലെയുള്ള ബന്ധു വീട്ടിലായിരുന്നു. ഒറ്റക്ക് വീട്ടിലായിരുന്ന യുവാവ് കിണറ്റില്‍ അകപ്പെട്ട വിവരം ആരുമറിഞ്ഞില്ല. കിണറ്റില്‍ രണ്ടടി മാത്രം വെള്ളമേയുണ്ടായിരുന്നില്ല അതിനാല്‍ പരുക്കേറ്റില്ല. പ്രദീപിന്റെ കൈയിലിരുന്ന ഫോണ്‍ വെള്ളത്തില്‍ വീണ് കേടായിരുന്നു. പ്രദീപ് പുറത്തുകടക്കാന്‍ നടത്തിയ ശ്രമം പലവട്ടം പരാജയപ്പെട്ടു. പരമാവധി ഉച്ചത്തില്‍ കൂവിവിളിച്ചതും പുറത്തറിയാതെപോയി.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും കിണറിന്റെ തൊടിയില്‍ പിടിച്ചിരുന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസം അവശനായതോടെ നിലവിളി പുറത്തുകേള്‍ക്കാതായി.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിണറിനടുത്തുകൂടി പോയ വഴിയാത്രക്കാരന്‍ കിണറിനുള്ളില്‍നിന്നു ശബ്ദംകേട്ട് നോക്കുമ്പാഴാണ് ഒരാള്‍ കിണറ്റില്‍ കിടക്കുന്നതുകണ്ടത്. ഉടന്‍ നെടുമങ്ങാട് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. സേനാംഗങ്ങള്‍ എത്തി നെറ്റും റോപും ഉപയോഗിച്ച പുറത്തെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്‌നമില്ലാതിരുന്നതിനാല്‍ പ്രഥമശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.