മോഷ്ടിച്ച ബാറ്ററി വിൽക്കാൻ എത്തിയത് പരാതിക്കാരന്റെ കടയിൽ; മൂന്ന് പേർ പിടിയിൽ

Web Desk
Posted on November 17, 2019, 2:08 pm

പാലക്കാട്: ഗുഡ്‌സ് ഓട്ടോയുടെ മോഷ്ടിച്ച ബാറ്ററി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. ചേറുംകുളം സ്വദേശികളായ പാലവീട്ടില്‍ സുരേഷ് (19), കിഴക്കേകുന്ന് പ്രണവ് (18) എന്നിവരും ഒരു പതിനാറുകാരനുമാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച ബാറ്ററി, ഓട്ടോ ഉടമയും പരാതിക്കാരനുമായ ഇസഹാഖിന്റെ കടയില്‍ തന്നെയാണ് വില്‍ക്കാനെത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് വടക്കുമണ്ണം പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോയുടെ ബാറ്ററി മോഷണം പോയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം പറബില്‍പീടിക ഇസഹാഖ് പൊലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചയുടന്‍ പൊലീസ് ആക്രിക്കടകളിലും ബാറ്ററി കടകളിലും ബാറ്ററി വില്‍ക്കാന്‍ വരുന്നവരെ കുറിച്ച്‌ വിവരം നല്‍കാന്‍ ആവശ്യപ്പെട്ടു.

പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടെ മോഷ്ടിച്ച ബാറ്ററിയുമായി മോഷ്ടാക്കള്‍, പരാതി നല്‍കിയ ഇസഹാഖിന്റെ ഉടമസ്ഥതയിലുള്ള വെള്ളാരംകുന്നത്തെ ആക്രിക്കടയില്‍ എത്തി. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ഒരു മണിക്കൂറിനകമാണ് പ്രതികളെ പിടികൂടിയത്.