കളിക്കേണ്ട പ്രായത്തില്‍ ‘കളി പഠിപ്പിക്കുന്ന’ കോടീശ്വരന്‍

Web Desk
Posted on December 04, 2018, 5:59 pm

വാഷിംഗ്ടണ്‍: യുട്യൂബ് വരുമാനത്തില്‍ റെക്കോര്‍ഡിട്ട പല പ്രമുഖരെയും നമുക്കറിയാം. ഓരോ വര്‍ഷവും ഇത്തരത്തില്‍ കോടികള്‍ സമ്പാദിക്കുന്നവരുടെ പട്ടിക വിദേശ മാധ്യമങ്ങള്‍ പുറത്ത് വിടാറുമുണ്ട്. എന്നാല്‍ ഇത്തവണ യുട്യൂബ് വരുമാന പട്ടികയില്‍ പല വമ്പന്‍മാരെയും പിന്തള്ളി ഒന്നാമതെത്തിയിരിക്കുന്നത് ഒരു എഴുവയസുകാരനാണ്. റയാന്‍ എന്നാണ് ഈ കൊച്ചു മിടുക്കന്‍റെ പേര്.

ഇവന്‍ തന്‍റെ യുട്യൂബ് ചാനലായ റയാൻ ടോയ്സി റിവ്യൂവിലൂടെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചത് 154.84 കോടി രൂപയാണ്. 2018 ജൂണ്‍ മാസം വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റയാന്‍റെ ഇപ്പോഴത്തെ സമ്പാദ്യം ഇരട്ടിയാണ്. 2017 ലെ കണക്കുകള്‍ പ്രകാരം റയാന്‍ എട്ടാം സ്ഥാനത്തായിരുന്നു.

അമേരിക്കന്‍ ബിസിനസ്സ് മാഗസീനായ ഫോര്‍ബ്‌സാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 1,73,18,624 സബ്‌സ്‌ക്രൈബേഴ്‌സാണ് റയാന്‍ ടോയിസ് റിവ്യൂ ചാനലിവനുള്ളത്. ഇതിലൂടെ വിവിധതരം കളിപ്പാട്ടങ്ങളെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുകയാണ് റയാന്‍ ചെയ്യാറുള്ളത്.

അമേരിക്കന്‍ ആക്ടറായ ജേക് പോളിന് പിന്തള്ളിയാണ് റയാന്‍ ഒന്നാമതെത്തിയിരിക്കുന്നത്. 151.32 കോടി രൂപയാണ് പോളിന്‍റെ സമ്പാദ്യം. അമേരിക്കയിലെ തന്നെ ഡ്യൂക്ക് പെര്‍ഫെക്ടെന്ന എന്‍റെര്‍ടെയ്ന്‍മെന്‍റ് കമ്പനിയാണ് മൂന്നാം സ്ഥാനത്ത്. 140.74 കോടിയാണ് ഡ്യൂക്ക് പെര്‍ഫക്ടിന്റെ വരുമാനം.