ആന്ധ്ര മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Web Desk
Posted on May 30, 2019, 3:03 pm

വിജയവാഡ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 12.23നാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. വിജയവാഡയിലെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങ്. 175 അംഗ നിയമസഭയില്‍ 151 സീറ്റ് നേടിയാണ് ജഗന്‍ നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരം പിടിച്ചത്.

അമ്മ വിജയലക്ഷ്മി, ഭാര്യ ഭാരതി, സഹോദരി ശാര്‍മിള, മക്കളായ ഹര്‍ഷ റെഡ്ഡി, വര്‍ഷ റെഡ്ഡി തുടങ്ങിയവര്‍ക്കൊപ്പമാണ് ജഗന്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജഗന്‍മോഹന്‍ റെഡ്ഡി.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, പുതുച്ചേരി മന്ത്രി മല്ലാഡി കൃഷ്ണ റാവു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ക്ഷണമുണ്ടായിരുന്നെങ്കിലും ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എത്തിയില്ല.

YOU MAY LIKE THIS VIDEO