Janayugom Online
yusufali-kechery

താരമനോഹരലിപിയില്‍ വാനം

Web Desk
Posted on January 27, 2019, 7:56 am

ഡോ. എം ഡി മനോജ്

പാട്ടില്‍ അത്ഭുതചക്രവാളങ്ങള്‍ കാണിച്ചുതരികയാണ് ആകാശത്തിന്റെ വിഭിന്ന ഋതുഭാവങ്ങള്‍. കവിമനസില്‍ ഉണര്‍ന്നുവന്ന ഗഗനനിലാവിന്റെ നീലിമകള്‍ പാട്ടിന് നല്‍കിയ അലൗകികവും നാകീയവുമായ ഭാവങ്ങള്‍ ഒന്നു വേറെതന്നെയാണ്. അതേസമയം കവി ‘ഭൂമിയില്‍ വിതുമ്പി നില്‍ക്കുന്ന ഒരു ജീവിത’ത്തെയും പാട്ടില്‍ വരച്ചുകാണിച്ചിട്ടുണ്ട്. ആകാശം നിരത്തിവയ്ക്കുന്ന കാഴ്ചയുടെയും കേള്‍വിയുടെയും ലോകങ്ങള്‍ പാട്ടില്‍ അനുഭൂതിയുടെ മറ്റൊരു മായാലോകമായി വികസിക്കുകയാണ്. കളഭമാടി നില്‍ക്കുന്ന വാനവും ഓണനിലാവിന്റെ വാനപ്പൂംപല്ലക്കും പൂനിലാപ്പാല്‍ ചുരത്തുന്ന വാനത്തെ നന്ദിനിപ്പയ്യും വാര്‍ത്തിങ്കള്‍ പൊട്ടുതൊട്ടു നില്‍ക്കുന്ന വാനവും മാലതികള്‍ പൂക്കുന്ന മാനത്തെ വള്ളിക്കുടിലും മലരിട്ടു നില്‍ക്കുന്ന വാനവും ഹരിചന്ദനക്കുറി വരച്ച വാനവും ആയിരം തിരിയുള്ള ദീപം കൊളുത്തിനില്‍ക്കുന്ന ആകാശത്തിരുനടയും ലില്ലിപ്പൂക്കളുമായ് നില്‍ക്കുന്ന പ്രഭാതവാനവും നക്ഷത്രദീപങ്ങള്‍ കൊളുത്തിനില്‍ക്കുന്ന വാനവും മണിമേഘപ്പനമ്പുകള്‍ വില്‍ക്കുവാന്‍ നിരത്തിവച്ച മാനത്തെ ചന്തയും ആരോ തേച്ചു മിനുക്കിവച്ച ആകാശക്കണ്ണാടിയും മാനത്തെ മണിമണ്ഡപവും.… ഇങ്ങനെ ആകാശത്തെ വൈവിധ്യമാര്‍ന്നൊരു പ്രദര്‍ശനശാലയാക്കി മാറ്റുകയാണ് കവി. ഇവിടെ ഉത്സവപ്രതീതി കലര്‍ന്നൊരു അന്തരീക്ഷം പാട്ടില്‍ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്.
മറ്റാരും കാണാത്ത ആകാശത്തിന്റെ ഇന്ദ്രജാലങ്ങള്‍ പാട്ടില്‍ കാണിച്ചുകൊടുക്കുന്നുണ്ട്, കവി. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പാട്ടിന്റെ ആത്മാവിനെ ഒട്ടൊന്നു ഗഗനമയമാക്കുകയായിരുന്നു യൂസഫലി കേച്ചേരി. ഇവിടെ കവിമനസും ആകാശവും ഒന്നായിത്തീരുന്നു. മനുഷ്യവികാരങ്ങളെ തീവ്രമായി പ്രതിഫലിപ്പിക്കുന്ന മിഴികളെ എത്ര അനായാസമായാണ് കവി ആകാശവുമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. ‘നിത്യനീല നഭസിലോ നിന്‍നീലമിഴിയിലോ ഇന്ദ്രചാപം തൊഴുതുണരും അഴക് ഞാന്‍ കണ്ടു’ (ദീപങ്ങള്‍ സാക്ഷി) എന്ന വരിയില്‍ നിറയുന്ന പ്രേമസായൂജ്യമൊന്നു വേറെ. ‘നിന്റെ നീള്‍ക്കണ്ണിലെ നീലാഞ്ജനം തൊട്ടുവാനം കണ്ണെഴുതി’ എന്ന മറ്റൊരു പാട്ടിന്റെ വരിയിലും ഇത്തരമൊരിണക്കം കാണാം. സ്വപ്നയാഥാര്‍ഥ്യങ്ങള്‍ ഇടകലര്‍ന്നുനില്‍ക്കുന്ന അത്ഭുതങ്ങളുടെ നേര്‍ത്ത തിരശീലയായി ആകാശം നിലകൊള്ളുകയാണ് ഈ ഗാനങ്ങളിലെല്ലാം. അനുരാഗിയുടെ മനസ് ഒരാകാശം പോലെ സ്വതന്ത്രമാണെന്ന് കവിക്കറിയാമായിരുന്നു. പാട്ടില്‍ അത്രയ്ക്കും വിടര്‍ന്നുനില്‍ക്കുന്നുണ്ട്, ആകാശവിസ്തൃതികള്‍. ‘നീലിമ തെല്ലും പോരാതെ വാനം നിന്‍മിഴിയിതളില്‍ കുടിയിരുന്നു.’ എന്ന വരിയില്‍ മിഴിയും വാനവും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മത്സരിക്കുകയാണോ എന്ന് തോന്നിപ്പോകും. ‘നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം’ (ഗസല്‍) എന്ന് കൊതിക്കുന്ന അനുരാഗിയുണ്ട് യൂസഫലി കേച്ചേരിയുടെ ഒരു പാട്ടില്‍. ‘നിന്റെ ലോചന സീമയില്‍ നീലവിണ്‍കുട നിവര്‍ന്നതോ’ (സുമംഗലീഭവ) എന്ന് സന്ദേഹിക്കുന്ന ഒരു പ്രണയിയെക്കാണാനാവും മറ്റൊരു പാട്ടില്‍. ഇതൊരു സൗന്ദര്യസമീപനമായിത്തീരുകയാണ്. പാട്ടില്‍ ആകാശത്തിന്റെ അനുഭവമൊരുക്കുകയാണ് കവി. അദൃശ്യമായൊരു സൗന്ദര്യബോധത്തില്‍ മിഴിയും വാനവും തമ്മില്‍ കൊരുക്കപ്പെട്ടിരിക്കുന്നു. ‘നീലമിഴികളില്‍ വാനമൊരുക്കിയ നിഷ്‌കളങ്കത’ യായി പ്രണയിനിയെ കാണുവാന്‍ കഴിയുന്നൊരു നിത്യാനുരാഗി എന്നും യൂസഫലികേച്ചേരിയുടെ ഭാവനയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്.
ആകാശമെന്ന അഭൗമികമായ ഒരു പ്രേമരൂപകം യൂസഫലികേച്ചേരിയുടെ പാട്ടുകളില്‍ കുടിയിരുന്നു. പാട്ടുകളില്‍ അദ്ദേഹം നിര്‍മിച്ചെടുത്ത ഈ ആകാശഭംഗികള്‍ എന്നും പ്രണയത്തിന്റെ തുടര്‍ച്ചകള്‍ ആയിരുന്നു. ഇത് മറ്റുള്ള കവികള്‍ പാട്ടില്‍ നിര്‍വഹിച്ച ഭാവുകത്വത്തില്‍ നിന്നുള്ള വ്യതിയാനമായിരുന്നു. കവിയുടെ ഭാവതലത്തില്‍ ആകാശത്തിന്റെ വ്യത്യസ്തമായ പ്രതിസ്പന്ദനങ്ങള്‍ ഉണ്ടായിരുന്നു. ആകാശത്തിന്റെ അതിരുകളിലേക്ക് അനുരാഗാനുഭൂതികളെ തേടിപ്പോകുകയായിരുന്നു അദ്ദേഹം. അത് അപാരതയുടെ അനുഭവം കൂടിയായി മാറി. ആകാശത്തിന്റെ കാണാക്കണികളാല്‍ അദ്ദേഹം പാട്ടിനെ അര്‍ഥപൂര്‍ണമാക്കി. ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങള്‍കൊണ്ട് ആകാശത്തെ അലങ്കരിച്ചു. മറ്റൊരര്‍ഥത്തില്‍ കവി തന്റെ ആന്തരികതയെ ആകാശത്തില്‍ നിക്ഷേപിക്കുകയായിരുന്നു. അതുകൊണ്ടാണ് ‘ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും വാനം ചിരിച്ചുനില്‍ക്കും, മിന്നലാല്‍ വാനം ചിരിച്ചു നില്‍ക്കും’ (ചിത്രശലഭം) എന്നെഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ‘വിണ്ണില്‍ ചിരിക്കുന്ന വെള്ളിനക്ഷത്രമേ മണ്ണിന്റെ വേദനയെന്തറിഞ്ഞു’ (ആന്ദോളനം) എന്ന വരിയില്‍ ജീവിതത്തെ ആകാശവുമായി ആഴത്തില്‍ ബന്ധിപ്പിക്കുകയായിരുന്നു, കവി.
”സ്വര്‍ഗം ചമച്ചതും നരകം രചിച്ചതും മനസേ തന്നെ
കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും
നഭസേ നീ തന്നെ’ (കര്‍പ്പൂരദീപം)
എന്ന വരിയിലുണ്ട് ജീവിതവും ആകാശവും ഒന്നായിത്തീരുന്ന ഒരു നിമിഷം.
യൂസഫലികേച്ചേരിയുടെ പാട്ടുകളില്‍ ഒളിഞ്ഞും തെളിഞ്ഞും നിഴല്‍പരത്തിയും നീലവെളിച്ചം കൊളുത്തിയുമെല്ലാം നിലനിന്ന ഒരു ദൃശ്യബിംബമാണ് ആകാശം. വിശേഷവത്കരിക്കപ്പെട്ട ഒരു സ്ഥലകാലമായി ഈ ആകാശം എവിടെയോ ഒരാളുടെ സാന്നിധ്യം കൊണ്ടുവരുന്നുണ്ട്, പാട്ടുകളില്‍. അത് പലപ്പോഴും ഏകാകിതയുടെ പ്രണയവത്കരണം കൂടിയായിരുന്നു. വിവാഹമെന്ന ചടങ്ങിന്റെ ഏറ്റവും വലിയ അരങ്ങായി ആകാശത്തെ ആവിഷ്‌കരിക്കുന്നുണ്ട് പല പാട്ടുകളിലും. ആകാശമൊരു മണിമാരനാകുന്നതും മാനത്തെ പന്തലിനുള്ളില്‍ മഴവില്ലിന്‍ താലിയുമായി മാരനെത്തുന്നതും മഴവില്ലിന്‍ മാല മാറില്‍ ചാര്‍ത്താനായി മാനത്തെ ഹൂറികള്‍ വരുന്നതും നാലുനിലപ്പന്തലൊരുക്കി ഒരു വാനമഴകില്‍ നില്‍ക്കുന്നതും ആകാശത്തപ്പന് പുടവകൊടുക്കാനും കെട്ടിപ്പിടിക്കാനുമായി ഒരു കടലമ്മ കാതോര്‍ത്തു നില്‍ക്കുന്നതും അന്തിമാനത്തൊരമ്പിളി താലി പണിയുന്നതും കേച്ചേരിയുടെ പാട്ടുകളില്‍ മാംഗല്യത്തിന്റെ മംഗളസാന്നിധ്യങ്ങളായിത്തീരുന്നു. അതേസമയം ആകാശം, ഭൂമി, മണ്ണ് എന്നിവയുടെ സംഗമവേളകള്‍ പല പാട്ടുകളിലും കാണാനാകും. ‘പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളിക്കുന്ന’ ആകാശത്തെ നാമൊരു പാട്ടില്‍ കണ്ടു (ഇങ്ങനെ ഒരു നിലാപ്പക്ഷി). ഭൂമീദേവിക്ക് നീഹാരമണിഹാരം ചാര്‍ത്തുന്ന നീലാകാശം, മണ്ണിന് വരദാനമായി സംഗീതമേകുന്ന വിണ്ണ്, ഹരിചന്ദനക്കുറി വരച്ചു നില്‍ക്കുന്ന വാനവും തുളസീദളം ചൂടിനില്‍ക്കുന്ന ഭൂമിയും വാര്‍തിങ്കള്‍പ്പൊട്ടുതൊട്ട വാനവും നവരത്‌നക്കമ്മലിട്ടു നില്‍ക്കുന്ന ഭൂമിയും… ഇങ്ങനെയുള്ള ഒരു പാരസ്പര്യത്തിന്റെ തുടര്‍ച്ചകള്‍ യൂസഫലികേച്ചേരിയുടെ ഗാനങ്ങളില്‍ നാമനുഭവിക്കുകയുണ്ടായി. ഇവിടെയെല്ലാം സ്വപ്നവും സങ്കല്‍പവും തമ്മില്‍ ഇടകലര്‍ന്നൊരു യാഥാര്‍ഥ്യബോധം എങ്ങനെയോ സൃഷ്ടിക്കപ്പെടുന്നുണ്ട്. ആകാശമെന്നത് മഹോന്നതമായ പ്രണയത്തിന്റെ ഇമേജുകളിലൊന്നായിത്തീരുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്ന വരികള്‍ ശ്രദ്ധേയമാണ്.
‘രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി
ഒന്ന് മേലേ വിണ്ണിലും
മറ്റൊന്ന് താഴേ മണ്ണിലും’ (ആന്ദോളനം)
ഈയൊരു പല്ലവിയില്‍ പ്രണയകല്‍പനയെ രണ്ട് സ്ഥലരാശികള്‍ക്കിടയില്‍ സവിശേഷമായി വിന്യസിച്ചിരിക്കുകയാണ് കവി. അതിലൊന്ന് സ്വപ്നത്തെ ജാഗ്രത്താക്കുകയും മറ്റൊന്ന് ജാഗ്രത്തിനെ സ്വപ്നമായി പരിണമിപ്പിക്കുകയും ചെയ്യുന്നു.
കവിഭാവനയിലെ അനുരാഗത്തെ സാക്ഷാത്കരിക്കാനുള്ള ഏറ്റവും സാര്‍ഥകമായൊരഭിമുഖീകരണം കൂടിയാണാകാശം. കാവ്യഭാവനയെ പടര്‍ത്തിയിടാനുള്ള വിതാനമായി ആകാശത്തെ അദ്ദേഹം കണ്ടിട്ടുണ്ടാകും.
‘താരമനോഹര ലിപിയില്‍ വാനം’ എന്ന വരിയില്‍ ഇതേറെ പ്രകടവുമാണ്. ‘ദ്വീപ്’ എന്ന രാമുകാര്യാട്ട് സിനിമയിലെ കടലേ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ അനുപല്ലവിയായി വരുന്ന ഈ വരികളില്‍ ആകാശം കഥാനായകന്റെ മനസായി മാറുന്നു. നാട്ടില്‍ നിന്ന് വിദൂരെയായി വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപില്‍ തനിച്ച് ജീവിക്കുന്ന നായകന്‍ ആത്മസഖിയെ ഓര്‍ത്തുപാടുന്ന പാട്ടാണിത്. പാട്ടില്‍ കടലും ആകാശവും സജീവസാന്നിധ്യങ്ങളായി നിലയുറപ്പിച്ചിട്ടുണ്ട്. പാരതന്ത്ര്യത്തിന്റെ പ്രതീകമായി കടലിനെയും സ്വാതന്ത്ര്യത്തിന്റെ ഇമേജറിയായി ആകാശത്തെയും വരച്ചിടുകയാണ് ഈ പാട്ടില്‍ യൂസഫലികേച്ചേരി. അയാള്‍ക്കിഷ്ടപ്പെട്ട പ്രേമകവിതകള്‍ എഴുതുന്ന ആകാശവും ആരോമലാളുമൊക്കെ ഏറെ വിദൂരത്താണ്. അയാള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യമായി പാട്ടില്‍ ആകാശം കാല്‍പനികമായി അടയാളപ്പെടുന്നു. ആകാശസംഗീതത്തിന്റെ അനുശ്രുതികളെ ബാബുരാജ് ഈ പാട്ടില്‍ സമര്‍ഥമായി ഉപയോഗിച്ചു. നിഗൂഢമായൊരു സംഗീതധ്വനിയുടെ ആഴമുണ്ടിതിന്. തലത്മഹ്മൂദിന്റെ ശബ്ദം അതിന് മോഹിപ്പിക്കുന്ന ഒരു ലാവണ്യധന്യതയുടെ അമൃതം പകര്‍ന്നുനല്‍കി. ആരോമലുമായി അടുപ്പമറിയിക്കാനുള്ള കവിയുടെ സ്വാതന്ത്ര്യമോഹങ്ങള്‍ മുഴുവന്‍ ആകാശവുമായി ബന്ധപ്പെട്ടുകിടക്കുകയാണെന്ന് കാണാം. പ്രണയാര്‍ദ്രമായ ഒരു മനസില്‍ പ്രകൃതിയിലെ സമസ്തവും സ്പന്ദിക്കുന്നതുപോലെ അന്യൂനമായൊരു ഹിരണ്‍മയതയില്‍ കവിയുടെ മനസ് ആകാശവുമായി എങ്ങനെയോ ഇഴചേര്‍ക്കപ്പെടുന്നു. വിശാലമായൊരു നഭസ്ഥലത്ത് പ്രണയാര്‍ദ്രമായ കല്‍പനകള്‍ നിറവേറ്റപ്പെടുകയാണ്. ഇത് പാട്ടില്‍ അലൗകികമായൊരു ഭാവപ്രപഞ്ചത്തെ പ്രദാനം ചെയ്യുന്നു. ഭൂമിയില്‍ നിന്നുമാറി അലൗകികവും അലഭ്യവുമായ ഒരിടവുമായുള്ള സമ്പര്‍ക്കം കവിയെ ആനന്ദിപ്പിക്കുന്നു. കാമിനിയോടൊപ്പമെന്നതുപോലെ പ്രഫുല്ലമായൊരു പ്രേമസാന്നിധ്യംകൊണ്ട് അനുഭവിപ്പിക്കുകയായിരുന്നു കവി. പ്രേമത്തിന്റെ ഇത്തരം സാര്‍ഥകമായ നിറവേറലുകള്‍ സംഭവിക്കുന്നത് വിശാലമായ ആകാശത്തില്‍ നിന്നുള്ള വിനിമയവും ഭാഷണവുമൊക്കെയായാണ്. ഭൂമിയുടെ ആഹ്ലാദത്തേക്കാള്‍ ആകാശത്തിന്റെ ആഹ്ലാദങ്ങളില്‍ അത്രത്തോളം ബദ്ധനായിരുന്നല്ലോ കവി.