Web Desk

ഷാർജ

July 04, 2020, 1:37 pm

യുവകലാസാഹിതി ചാർട്ടേഡ് വിമാനങ്ങൾ പ്രവാസികൾക്ക് അനുഗ്രഹമായി

Janayugom Online
airplane janayugom

നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിച്ച് വിമാന സർവീസ് ലഭിക്കാതിരുന്ന തൊഴിൽ നഷ്ടപ്പെട്ടവരും ഗർഭിണികളും സന്ദർശന വിസയിൽ വന്ന് മടങ്ങുവാൻ കഴിയാത്തവരുമായ ആളുകൾക്ക് യുവകലാസാഹിതി ഒരുക്കിയ ചാർട്ടേർഡ് വിമാനങ്ങൾ അനുഗ്രഹമായി. 15 മുതൽ 20 ശതമാനം വരെ യാത്രക്കാർ സൗജന്യമായോ സൗജന്യനിരക്കിലോ ആണ് യുവകലാസാഹിതി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്തത്.

തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പ്രവാസികളെ എത്തിച്ചതായി യുവ കലാ സാഹിതി ഷാർജ ഘടകം പ്രസിഡൻറ് ജിബി ബേബി, സെക്രട്ടറി സുബീർ എരോൾ, ട്രഷറർ രാജേഷ്, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ എന്നിവർ അറിയിച്ചു. യുവകലാസാഹിതി സംഘടന കമ്മിറ്റി സെക്രട്ടറിമാരായ ദിലീപ് വി പിയും ബിജു ശങ്കറും ആണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.

നാട്ടിലെത്തിയ പ്രവാസികൾ യുവകലാസാഹിതി ഒരുക്കിയ സജ്ജീകരണങ്ങളിൽ തങ്ങളുടെ സംതൃപ്തി അറിയിച്ചതായും അവർ പറഞ്ഞു. കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെങ്കിലും യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനാലും സാധാരണ സർവീസ് ഉടൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാലും താൽക്കാലികമായി യുവകലാസാഹിതി ഈ ഉദ്യമം നിർത്തിവച്ചു. ഭാവിയിൽ ആവശ്യമായി വന്നാൽ ദൗത്യം പുനരാരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകമെമ്പാടും പടർന്നു പിടിച്ച സമയം മുതൽ ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനങ്ങൾ ആണ് യുവകലാസാഹിതിയുടെ ഷാർജ ഘടകം നടത്തിവന്നത്. അതിന്റെ ഭാഗമായി ഭക്ഷണകിറ്റ് വിതരണവും അവശ്യസാധനങ്ങൾ എത്തിക്കലും മരുന്നും സമാശ്വാസവും നൽകി രോഗികൾക്ക് സാന്ത്വനമേകാനും ഒക്കെ സംഘടന നിരന്തരമായി രംഗത്തുണ്ടായിരുന്നു. ഇതിനോടൊപ്പം തന്നെ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെയും നോർക്ക കോൾ സെൻററിന്റെയും പ്രവർത്തനങ്ങളിൽ യുവകലാസാഹിതിപ്രവർത്തകർ സജീവമായിരുന്നു.

you may also like this video