May 28, 2023 Sunday

യുവകലാസാഹിതിയുടെ കലാമാമാങ്കത്തിന് അബുദാബിയില്‍ ആവേശകരമായ ഒരുക്കം: 14ന് യുവകലാസന്ധ്യ കാനം ഉദ്ഘാടനം ചെയ്യും

Janayugom Webdesk
അബുദാബി
February 11, 2020 8:08 pm

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ അബുദാബിയുവകലാസാഹിതിയുടെ യുവകലാസന്ധ്യയ്ക്ക് യുഎഇയിലെങ്ങും ആവേശകരമായ ഒരുക്കങ്ങള്‍. 14ന് വെള്ളിയാഴ്ച വെെകിട്ട് ഏഴിന് അബുദാബി കേരളാസോഷ്യല്‍സെന്ററില്‍ നടക്കുന്ന കലാസന്ധ്യ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാനും യുവകലാസാഹിതി യുഎഇ ദേശീയ പ്രസിഡന്റുമായ ബാബു വടകരയും ജനറല്‍ കണ്‍വീനറും യുവകലാസാഹിതി- ‘ജനയുഗം’ ഫോറം അബുദാബി സംഘടനാ സെക്രട്ടറിയുമായ റോയ് വി വര്‍ഗീസും അറിയിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, എഐഎസ്എഫ് നേതാവ് ശുഭേഷ് സുധാകരന്‍ എന്നിവരും യുവകലാസന്ധ്യയില്‍ വിശിഷ്ടാതിഥികളായിരിക്കും.

അബുദാബി യുവകലാസാഹിതി സംഘടിപ്പിക്കുന്ന കലോത്സവം കാണാന്‍ യുഎഇയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും അയലത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കലാസ്വാദകര്‍ എത്തുമെന്നും ബാബു വടകരയും റോയ് വര്‍ഗീസും പറഞ്ഞു. നാടന്‍ പാട്ടിന്റെ രാജകുമാരിയായ പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ ‘ഉറവ്’ നാടന്‍പാട്ടുസംഘം അവതരിപ്പിക്കുന്ന നാടോടിപ്പാട്ട് കലാമേളയായിരിക്കും യുവകലാസന്ധ്യയുടെ മുഖ്യആകര്‍ഷണം. 14ന് രാവിലെ 11മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ സമ്മേളനത്തെ കാനം രാജേന്ദ്രനും സത്യന്‍ മൊകേരിയും ശുഭേഷ് സുധാകരനും അഭിസംബോധന ചെയ്യും. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളെ നികുതിഭാരത്തിലൂടെ പിഴിഞ്ഞെടുക്കാന്‍ മോഡി സര്‍ക്കാര്‍ പദ്ധതി മെനഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രവാസികളുടെ പടയോട്ടം അനിവാര്യമായ പശ്ചാത്തലത്തില്‍ സംഘടനാ സമ്മേളനത്തിന് സജീവ പ്രാധാന്യമാണുള്ളതെന്നും ബാബുവടകരയും റോയ് വര്‍ഗീസും ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Yuva Kala Sahithy will starts on 14th february
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.