കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി യുവകലാസാഹിതി ഷാർജ

Web Desk

ഷാർജ

Posted on May 19, 2020, 9:14 am

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും തൊഴിൽ നഷ്ടപ്പെട്ടവർക്ക് സഹായങ്ങൾ എത്തിക്കുന്നതിലും യുവകലാസാഹിതി യുഎഇ ഷാർജ ഘടകത്തിന്റെ പ്രവർത്തകർ അഭിനന്ദനീയമായ നിലയിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നതായി സംഘടന യൂണിറ്റ് പ്രസിഡന്റ് ജിബി ബേബി, സെക്രട്ടറി സുബീർ അരോൾ, സംഘടനാ കമ്മിറ്റിയുടെ സെക്രട്ടറിയും ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ മാനേജിംഗ് കമ്മിറ്റി അംഗവുമായ പ്രദീഷ് ചിതറ എന്നിവർ അറിയിച്ചു.

യുവകലാസാഹിതി ഷാർജ തനതായും,ഇന്ത്യൻ അസ്സോസിയേഷൻ ഷാർജയുമായി സഹകരിച്ചുമാണ് പ്രവർത്തിച്ചു വരുന്നത്.ലോക്-ഡൗൺ കാലയളവിലെ സാങ്കേതിക വെല്ലുവിളികൾ ഏറ്റെടുത്ത്, മേഖലയിലെ ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്രദമായ ഇടപെടലുകൾ നിർവ്വഹിക്കുന്നതിൽ സംഘടന വിട്ടുവീഴ്ചയില്ലാതെ രംഗത്തുണ്ട്.ജോലിയും വരുമാനവുമില്ലാതെ ദൈനംദിന ചെലവുകൾ നിർവ്വഹിക്കാൻ ബുദ്ധിമുട്ടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണസാധനങ്ങളുടെ കിറ്റുകൾ ദിവസവും വിതരണം ചെയ്യുന്നു.ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ലാത്തവർക്ക് ‘റെഡി റ്റു ഈറ്റ്’ ആഹാര പാക്കറ്റുകളും നൽകുന്നുണ്ട്.ആരോഗ്യ‑ചികിത്സാ പ്രശ്നങ്ങളുള്ള വ്യക്തികൾക്ക് അടിയന്തിര സഹായമായി വിവിധ ഗുളികകളും മരുന്നുകളും എത്തിച്ചു നൽകി വരുന്നുണ്ട്.

പലവിധ കാരണങ്ങളാൽ നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന ആൾക്കാരിൽ ടിക്കറ്റെടുക്കാൻ കഴിവില്ലാത്ത വ്യക്തികൾക്ക് സൗജന്യ എയർ ടിക്കറ്റ് സംഭാവന ചെയ്യുന്നത് ഉൾപ്പെടെയുള്ള മികച്ച പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ യുവകലാസാഹിതി ഷാർജ ഘടകം ഏറ്റെടുത്തിട്ടുള്ളത്.മനുഷ്യരുടെ കൂട്ടായ പരിശ്രമങ്ങൾക്കും സമർപ്പണത്തിനും പ്രാധാന്യം കൽപ്പിക്കുന്ന സംഘടന, ഈ വിപരീതാവസ്ഥകളിലും  സ്വന്തം സമൂഹത്തോടൊപ്പം തികഞ്ഞ പ്രതിബദ്ധതയോടെ  നിലകൊള്ളുന്നതായി ഈ പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.പ്രദീഷ് ചിതറ, ദിലീപ് വിപി,ജിബി ബേബി, അഡ്വ സ്മിനു സുരേന്ദ്രൻ, ജേക്കബ് ചാക്കോ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ENGLISH SUMMARY:yuva kalasahithi in shar­jah is active in covid pre­vent­ing

You may also like this video