May 28, 2023 Sunday

യുവകലാസാഹിതി ഷാർജ ‘സ്ത്രീ സുരക്ഷ — ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

Janayugom Webdesk
January 5, 2020 7:45 pm
ഷാർജ: ചരിത്രത്തിന്റെ ഏടുകളിലേക്ക് തിരിഞ്ഞു നോക്കുന്നത് പുതിയ കാലത്തിന്റെ പോരാട്ടങ്ങൾക്ക് ഊർജ്ജവും ദിശാബോധവും നൽകുമെന്ന് പ്രശസ്ത കവി പി എൻ ഗോപീകൃഷ്ണൻ പറഞ്ഞു.  സാവിത്രീബായ് ഫൂലെ യുടെ 188 ആം ജന്മദിനത്തോട് അനുബന്ധിച്ച് യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം സംഘടിപ്പിച്ച ‘സ്ത്രീ സുരക്ഷ — ശാക്തീകരണ സെമിനാറി‘ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചൈതന്യവത്തായ ഒരു ഭരണഘടനയാണ് ഇന്ത്യയുടെ കരുത്ത്. ഭരണഘടനയുടെ സംരക്ഷണത്തിലൂടെ മാത്രമേ സ്ത്രീകൾക്കും ദളിതർക്കും മറ്റു പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഇന്ത്യയിൽ സുരക്ഷിതമായി ജീവിക്കാൻ കഴിയൂ. മഹാഡിലെ കുളത്തിൽ നിന്ന് അംബേദ്ക്കർ ഒരു കുമ്പിൾ ജലം കുടിച്ചപ്പോൾ അധസ്ഥിത വർഗ്ഗത്തെ അനീതിയുടെ വലിയ സമുദ്രത്തിൽ നിന്ന് കരകയറ്റുക കൂടിയായിരുന്നു അദ്ദേഹം ചെയ്തത് . ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ശബരിമല വിധി കേവലം ഒരു ക്ഷേത്രത്തിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കരുത്. സാമ്പ്രദായികത നിഷേധിച്ച ഇടങ്ങളിലേക്ക് നടന്നു കയറാനുള്ള അവകാശം വകവെച്ച് തരികയായിരുന്നു ആ വിധി.
സ്ത്രീ ശാക്തീകരണത്തിന്റെ ഇക്കാലത്തും വാളയാർ സംഭവം പോലെയുള്ള കേസുകളിൽ നീതി പുലർന്നു കാണുന്നില്ലായെന്നതും, ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച കോടതിവിധിയുടെയും യഥാർത്ഥ ലക്ഷ്യങ്ങൾ പോലും   വഴിതെറ്റിപ്പോകുന്നതിലും ദുഃഖം തോന്നുന്നതായി സെമിനാറിൽ പങ്കെടുത്ത പ്രമുഖ മാധ്യമപ്രവർത്തക ജസിത സഞ്ജിത്ത് (ദർശന ടിവി, യുഎഇ) അഭിപ്രായപ്പെട്ടു.
യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ആമുഖഭാഷണം നടത്തിയ സെമിനാറിൽ സാംസ്ക്കാരിക പ്രവർത്തകരായ മുരളി മംഗലത്ത്, സർഗ്ഗ റോയി എന്നിവരും സംസാരിച്ചു. കവി പി. ശിവപ്രസാദ് കാലിക പ്രസക്തിയുള്ള സ്വന്തം കവിത ചൊല്ലിയത് ശ്രദ്ധേയമായി.

ചടങ്ങിൽ യുവകലാസാഹിതി നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി വിൽസൺ തോമസ് നിർവഹിച്ചു. യുവകലാസാഹിതി ഷാർജ സെക്രട്ടറി സുബിർ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.