Web Desk

തിരുവനന്തപുരം

June 12, 2020, 7:38 pm

യുവ എല്‍ഇഡി ബള്‍ബ് മന്ത്രി ഇ.പി.ജയരാജന്‍ പുറത്തിറക്കി

Janayugom Online

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന എല്‍ഇഡി ബള്‍ബ് യുവയുടെ ഔദ്യോഗിക ലോഞ്ചിംഗ് മന്ത്രി ഇ.പി.ജയരാന്‍ നിര്‍വഹിച്ചു. മന്ത്രിയുടെ ചേംബറില്‍ ഇന്നലെ രാവിലെ ഒന്‍പതരയക്ക് നടന്ന ചടങ്ങിലാണ് യുവ ബള്‍ബ് പുറത്തിറക്കിയത്. തുടര്‍ന്ന് ആദ്യ വില്പന നടന്‍ ഇന്ദ്രന്‍സ് നിര്‍വഹിച്ചു. കുമാരപുരത്തുള്ള ഇന്ദ്രന്‍സിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് വൈസ ചെയര്‍മാന്‍ പി.ബിജുവിന് ബള്‍ബ് കൈമാറിയാണ് ആദ്യവില്പന നടന്നത്. നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ദുരിതം അതിജീവിക്കാന്‍ വേണ്ടിയുള്ള ഒരു സംരംഭമാണ് യുവ എല്‍ഇഡി ബള്‍ബ് എന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ചെറുപ്പക്കാര്‍ക്ക് ഒരു തൊഴില്‍ നേടുവാനും അതിലൂടെ കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുവാനും വേണ്ടിയുള്ള ഒരു വലിയ പ്രവര്‍ത്തനത്തിനാണ് യുവജനക്ഷേമ ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാവരും പദ്ധതിയെ പരമാവധി പ്രോത്സാഹിപ്പിക്കണം. നല്ല ഉദ്ദേശത്തോടെയുള്ള ഈ പ്രവര്‍ത്തനത്തിന് മികച്ച ഫലം കിട്ടുമെന്നും അദ്ദേഹം ആശംസിച്ചു. യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ തൃശൂര്‍ ജില്ലയിലെ വോളന്റിയര്‍മാര്‍ നിര്‍മ്മിച്ച ബള്‍ബുകളാണ് ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്. ഇതിനായി വോളന്റിയര്‍മാര്‍ക്ക് ബള്‍ബ് നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന അസംസ്‌കൃത സാധനങ്ങള്‍ ഉപയോഗിച്ചാണ് എല്‍.ഇ.ഡി. ബള്‍ബിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക.

ആവശ്യക്കാരേറെയുള്ള 9 വാട്ട് ബള്‍ബുകളാണ് ആദ്യഘട്ടമായി നിര്‍മ്മിച്ച് യുവ എല്‍.ഇ.ഡി. ബള്‍ബ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നത്. പഞ്ചായത്ത് തല യൂത്ത് കോര്‍ഡിനേറ്റര്‍മാരും കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളും ചേര്‍ന്നാണ് ഈ ബള്‍ബുകളുടെ വിപണനം നടത്തുന്നത്. ബള്‍ബ് വിപണിയില്‍ എത്തിക്കുന്നതിലൂടെ സമാഹരിക്കുന്ന തുക കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ഈ പ്രവര്‍ത്തനം ഒരു തുടര്‍ പ്രക്രിയയായി നിര്‍മാണ യൂണിറ്റുകള്‍ വഴി യുവജനങ്ങള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മുതല്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റയിനില്‍ ഉള്ള ആളുകളുടെ പരിചരണം വരെ ജില്ലയിലെ യൂത്ത് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഇപ്പോഴും തുടരുന്നുണ്ട്.

ENGLISH SUMMARY: yuva LED bulb unveiled by min­is­ter EP Jayarajan
You may also like this video