ബേബി ആലുവ

കൊച്ചി

August 08, 2021, 5:42 pm

കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനെതിരെ തിരിഞ്ഞ് യുവമോര്‍ച്ചയും: സുരേന്ദ്രന്‍ പണച്ചാക്കും കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകന്‍

Janayugom Online

കേരളാ ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പരസ്യ പടയൊരുക്കവുമായി യുവമോർച്ചയിലെ ഒരു വിഭാഗം. സമൂഹ മാദ്ധ്യമങ്ങളിലുടെ കാർട്ടൂൺ സഹിതമുള്ള പരിഹാസം, കോലം കത്തിക്കൽ തുടങ്ങിയ പരിപാടികളോടെ എറണാകുളം ജില്ലയിലാണ് കലാപത്തിനു തുടക്കമായിരിക്കുന്നത്.

കൊടകര കുഴൽപ്പണക്കേസിൽ പ്രതിരോധത്തിലായ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചാക്കുകെട്ട് ചുമന്നുകൊണ്ടു പോകുന്ന ചിത്രം ജില്ലയിൽ നിന്നുള്ള ഒരു യുവമോർച്ച മുൻ സംസ്ഥാന കൗൺസിലംഗം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചതോടെയാണ് കോലാഹലം തുടങ്ങിയത്.

തുടർന്ന് മറ്റു ചിലരുടെ വകയായി കുറിക്കു കൊള്ളുന്ന പരിഹാസവുമായി പോസ്റ്റുകളും വന്നു. പിന്നാലെ, മുൻ സംസ്ഥാന കൗൺസിലംഗം, മുൻ ജില്ലാ വൈസ് പ്രസിഡണ്ട്, നിയോജക മണ്ഡലം — മണ്ഡലം ഭാരവാഹികൾ എന്നിങ്ങനെ ആറു പേരെ കെ സുരേന്ദ്രൻ നേരിട്ടു പുറത്താക്കി. ഇതോടെ രൂക്ഷമായ പ്രതികരണവുമായി സംസ്ഥാന പ്രസിഡണ്ടിനെതിരെ കൂടുതൽ പേർ രംഗത്തുവന്നു. കോതമംഗലത്ത് മുൻ നിയോജക മണ്ഡലം പ്രസിഡണ്ടിനെ പുറത്താക്കിയതിനെതിരെ പ്രതിഷേധ പ്രകടനവും സുരേന്ദ്രന്റെ കോലം കത്തിക്കലും അരങ്ങേറി. കോതമംഗലം അടക്കമുള്ള മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന വോട്ട് കച്ചവടത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. പുറത്താക്കപ്പെട്ട യുവമോർച്ചയുടെ മുൻ സംസ്ഥാന കൗൺസിലംഗം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള, ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ തുടങ്ങിയവരുടെ വിശ്വസ്തൻ കൂടിയാണ്. വെള്ളിയാഴ്ച കൊച്ചിയിലെത്തിയ ശ്രീധരൻ പിള്ളയെ സന്ദർശിച്ച് ഇയാൾ സംഭാഷണം നടത്തിയിരുന്നു.

സംസ്ഥാന തലത്തിലുള്ള ‘ഔദ്യോഗിക ’ ഗ്രൂപ്പുകൾക്കു പുറമെ രൂപം കൊണ്ടിട്ടുള്ള പ്രാദേശികമായ വിഭാഗീയത നേതൃത്വത്തിന്റെ സ്വൈരം കെടുത്തുന്ന ജില്ലകളിലൊന്നാണ് എറണാകുളം. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് കച്ചവടവും തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ദുർവിനിയോഗവും കൂടിയായതോടെ അത് മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിൽ, ജില്ലാക്കമ്മിറ്റിക്ക് ആസ്ഥാനം പണിയാൻ ദേശീയ നേതൃത്വം നല്കിയ രണ്ടു കോടി രൂപയിൽ വെട്ടിപ്പു നടത്തിയത് ശക്തമായി ജനമദ്ധ്യത്തിൽ കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:Yuva Mor­cha turns against Suren­dran in mon­ey laun­der­ing case
You may also like this video